പണമില്ല; അന്തർ സംസ്ഥാന തൊഴിലാളിയുടെ മൃതദേഹം നാട്ടിലെത്തിക്കാനാവാതെ കുടുംബം

ആലുവ: അന്തർ സംസ്ഥാന തൊഴിലാളിയുടെ മൃതദേഹം നാട്ടിലെത്തിക്കാൻ പണമില്ലാതെ കുടുംബം. ആലുവയിൽ തയ്യൽ ജോലിചെയ്ത പശ്ചിമബംഗാളിലെ ഹൗറ ജില്ലയിലുള്ള ബച്ചുറാമാണ് (36) മരിച്ചത്. വെള്ളിയാഴ്ച താമസിച്ചിരുന്ന മുറിയിൽ കുഴഞ്ഞുവീണ അദ്ദേഹത്തെ ഉടനെ ആലുവ ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു.

ഇയാൾക്ക് നാട്ടിൽ പിതാവും മാതാവും ഇളയ സഹോദരനുമാണുള്ളത്. ദാരിദ്ര്യവും ഗ്രാമത്തിലെ തൊഴിലില്ലായ്മയുമാണ് ഇയാളെ കേരളത്തിൽ എത്തിച്ചത്. ബെച്ചൂറാമിന്‍റെ മരണം കുടുംബത്തിന് കനത്ത ആഘാതമാണ് ഉണ്ടാക്കിയത്. അന്തർസംസ്ഥാന തൊഴിലാളികൾ മരണപ്പെടുമ്പോൾ മൃതദേഹം നാട്ടിലെത്തിക്കാൻവേണ്ടി ആശുപത്രി പരിസരത്തുവെച്ച് സ്വകാര്യ ഏജന്‍റുമാർ വിലപേശൽ നടത്തുകയാണ്.

മരണവിവരം ഈ മാഫിയസംഘം അറിയുന്നത് ആശുപത്രി അധികൃതരിൽനിന്ന് തന്നെയാണ്. മൃതദേഹം ഗ്രാമത്തിലെത്തിക്കുന്ന സ്വകാര്യ ഏജന്‍റുമാരുടെ കമീഷൻ വാങ്ങുന്നവരാണ് ആശുപത്രി ജീവനക്കാരിൽ പലരുമെന്ന് ആക്ഷേപമുണ്ട്. ഇത്തരം ഏജന്‍റുമാർ ബച്ചുറാമിന്‍റെ മൃതദേഹത്തിനും വിലപേശൽ നടത്തുന്നതായാണ് അറിയുന്നത്. കൊച്ചി എയർപോർട്ടിൽനിന്ന് ഇന്ത്യയിലെവിടെയുമുള്ള വിമാനത്താവളത്തിൽ മൃതദേഹം എത്തിക്കാൻ 10,000 രൂപയിൽ അധികം ചെലവ് വരില്ല.

ബച്ചൂറാമിന്‍റെ മൃതദേഹം വിമാനമാർഗം ഗ്രാമത്തിലെത്തിക്കാനുള്ള ഫണ്ട് അടിയന്തരമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്ന് അനുവദിക്കണമെന്ന് പ്രോഗ്രസീവ് വർക്കേഴ്‌സ് ഓർഗനൈസേഷൻ ആവശ്യപ്പെട്ടു. ആവശ്യം ഉന്നയിച്ച് സംഘടന മുഖ്യമന്ത്രിക്കും കലക്ടർക്കും നിവേദനം നൽകി. മുമ്പ് തൊഴിലാളികൾ മരണപ്പെടുമ്പോൾ ലേബർ വകുപ്പ് മൃതദേഹം നാട്ടിലെത്തിച്ചിരുന്നതായി സംഘടന ചെയർപേഴ്‌സൻ ജോർജ് മാത്യു പറഞ്ഞു.

Tags:    
News Summary - no money; Family unable to bring inter-state worker dead body

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.