ആലുവ സി.ഐയെ ഉടൻ പുറത്താക്കണമെന്നാവശ്യപ്പെട്ട് ആലുവ പൊലീസ് സ്‌റ്റേഷനിലേക്ക് യൂത്ത് കോൺഗ്രസ് കെ.എസ്.യു പ്രവർത്തകർ നടത്തിയ മാർച്ചിന് നേരെ ജലപീരങ്കി പ്രയോഗിച്ചപ്പോൾ
ആലുവ: നിയമ വിദ്യാർഥിനിയെ മരണത്തിലേക്ക് തള്ളിവിട്ട ആലുവ സി.ഐയെ ഉടൻ പുറത്താക്കണമെന്നാവശ്യപ്പെട്ടും, ഭർതൃവീട്ടുകാർക്ക് എതിരെ കർശന നിയമ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടും ആലുവ പൊലീസ് സ്‌റ്റേഷനിലേക്ക് യൂത്ത് കോൺഗ്രസ്- കെ.എസ്.യു പ്രവർത്തകർ നടത്തിയ മാർച്ചിൽ സംഘർഷം. പൊലീസ് മൂന്നുതവണ ജലപീരങ്കി ഉപയോഗിച്ചാണ് പ്രവർത്തകരെ പിരിച്ചുവിടാൻ ശ്രമിച്ചത്.
പ്രകടനമായി വരുമ്പോൾ തന്നെ പൊലീസ് ജലപീരങ്കി ഉപയോഗിച്ചത് പ്രവർത്തകരെ കൂടുതൽ രോഷാകുലരാക്കി. ബാരികേഡുകൾ മറിച്ച് ഇവർ മുന്നോട്ട് കുതിച്ചതോടെ മുതിർന്ന നേതാക്കൾ എത്തിയാണ് പ്രവർത്തകരെ പിന്തിരിപ്പിച്ചത്. തുടർന്ന് നടന്ന പ്രതിഷേധ യോഗം അൻവർ സാദത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ആരോപണ വിധേയനായ സി.ഐക്ക് എതിരെ കടുത്ത നടപടി സ്വീകരിച്ചില്ലെങ്കിൽ ശക്തമായ പ്രതിഷേധവുമായി മുന്നോട്ട് പോകുമെന്ന് അദ്ദേഹം പറഞ്ഞു.
നിയോജക മണ്ഡലം പ്രസിഡൻറ് ഹസീം ഖാലിദ് അധ്യക്ഷത വഹിച്ചു. ആലുവ നഗരസഭ ചെയർമാൻ എം.ഒ ജോൺ, കെ.പി.സി.സി സെക്രട്ടറി ജെബി മേത്തർ, ഐ.എൻ.ടി.യു.സി സംസ്‌ഥാന വൈസ് പ്രസിഡൻറ് വി.പി.ജോർജ്, യൂത്ത് കോൺഗ്രസ് സംസ്‌ഥാന ഭാരവാഹികളായ ലിൻറോ.പി. ആൻറു, ജിൻഷാദ് ജിന്നാസ്, നൗഫൽ കയൻറിക്കര , ജില്ല ഭാരവാഹികളായ അബ്‌ദുൽ റഷീദ്, എം.എ.ഹാരിസ്, ഷംസു തലക്കോട്ടിൽ, അൻവർ കരീം, ഡി.സി.സി ഭാരവാഹികളായ അഡ്വ.പി.ബി.സുനീർ, ബാബു പുത്തനങ്ങാടി, ലത്തീഫ് പൂഴിത്തറ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.