representational image

തെങ്ങിന്‍റെ മുകളിൽ കയറി പൂച്ചയെ രക്ഷിച്ച അഗ്​നിശമനസേനക്കെതിരെ സ്​ഥലമുടമയുടെ പരാതി

ആലുവ: തെങ്ങിന്‍റെ മുകളിൽ കുടുങ്ങിയ വളർത്തു​പൂച്ചയെ രക്ഷിച്ച അഗ്​നിശമനസേനക്കെതിരെ പരാതിയുമായി സ്​ഥലമുടമ. 30 അടി ഉയരമുള്ള തെങ്ങിൽ കയറിയ അയൽവാസിയുടെ വളർത്തുപൂച്ചയെ രക്ഷപ്പെടുത്തിയ അഗ്​നിശമനസേന സംഘത്തിനെതിരെയാണ് തെങ്ങിൻറെ ഉടമ ആലുവ പൊലീസിൽ പരാതി നൽകിയത്. എന്നാൽ, പരാതിയിൽ കഴമ്പില്ലെന്ന് കണ്ടെത്തിയതായി ആലുവ സി.ഐ സി.എൽ. സുധീർ പറഞ്ഞു.

കഴിഞ്ഞ 24ന് ഉച്ചയ്ക്ക് രണ്ടരയോടെയാണ് ആലുവ ആശാൻ ലൈനിൽ ശ്രീഹരി വീട്ടിൽ അജിത്ത് കുമാർ കർത്തയുടെ വളർത്തുപൂച്ച അയൽവാസി ജെയിംസിന്‍റെ തെങ്ങിൽ കയറിയത്. ഇറങ്ങാനാകാതെ കരഞ്ഞപ്പോൾ അജിത്തിൻറെ ഭാര്യ നിഷ ആലുവ ഫയർസ്​റ്റേഷനിൽ വിളിച്ചു. ഗ്രേഡ് അസി. ഫയർമാൻ കെ.പി. വിനയകുമാറിൻറെ നേതൃത്വത്തിലെത്തിയ സംഘത്തിലൊരാൾ തെങ്ങിൽ കയറിയ ശേഷമാണ് സ്ഥലമുടമ ജെയിംസ് വിവരം അറിഞ്ഞത്.

പ്രകോപിതനായ ജെയിംസ് അഗ്​നിശമനസേന സംഘത്തോട് പുറത്തിറങ്ങാൻ ആവശ്യപ്പെട്ടു. ഗോവണി എല്ലാവരും ചേർന്ന് താങ്ങിനിറുത്തിയതിനാൽ പൂച്ചയെ താഴെയിറക്കിയ ശേഷമാണ് അഗ്​നിശമനസേനക്കാർ പിന്മാറിയത്. ഇതിനിടയിൽ നാട്ടുകാരിലൊരാൾ സ്ഥലമുടമയോട് തട്ടിക്കയറുകയും ചെയ്തിരുന്നു. ദൗത്യം പൂർത്തിയാക്കിയ ശേഷം അഗ്​നിശമനസേന സംഘം മടങ്ങി.

എന്നാൽ അഗ്​നിശമനസേന രാത്രി ഏഴിന് വീട്ടിലെത്തി ആക്രമിച്ചെന്നാരോപിച്ച് അടുത്ത ദിവസം ജെയിംസ് ആലുവ പൊലീസിൽ പരാതി നൽകുകയായിരുന്നു. മുൻനിരയിലെ പല്ല് ഇളക്കിയെന്നും പരാതിയിലുണ്ട്. സംഭവമറിഞ്ഞ അഗ്​നിശമനസേന സംഘം കൃത്യനിർവഹണം തടസപ്പെടുത്തിയെന്നാരോപിച്ച് ജെയിംസിനെതിരെ തിരിച്ചും പരാതി നൽകി.

കഴിഞ്ഞ ദിവസം സി.ഐ സി.എൽ. സുധീറിന്‍റെ നേതൃത്വത്തിൽ ഇരുകൂട്ടരെയും സ്റ്റേഷനിൽ വിളിച്ചുവരുത്തി മൊഴിയെടുത്തു. മുഖ്യമന്ത്രിയുടെ ഓഫിസുമായി ബന്ധമുള്ളതിനാൽ പരാതിയിൽ ഉറച്ചുനിൽക്കുന്നെന്നാണ് ജെയിംസ് പറഞ്ഞത്. അഗ്​നിശമനസേനയുടെ പരാതിയിൽ പൊലീസ് കേസെടുത്താൽ ജാമ്യം ലഭിക്കില്ലെന്ന് പറഞ്ഞവരോട് മുൻകൂർ ജാമ്യമെടുത്തോളാമെന്നായിരുന്നു ജെയിംസിന്‍റെ മറുപടി.

ഇതേത്തുടർന്ന് അന്വേഷണം നടത്തിയപ്പോൾ അഗ്​നിശമനസേനക്കെതിരായ പരാതിയിൽ കഴമ്പില്ലെന്ന് കണ്ടെത്തിയതായി സി.ഐ പറഞ്ഞു. ഫയർഫോഴ്സ് നൽകിയ പരാതിയിൽ തീരുമാനം എടുത്തിട്ടില്ല.

Tags:    
News Summary - Landlord complains against fireforce who rescued cat from a coconut tree

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.