കഴിഞ്ഞ വനിത ദിനത്തിൽ ഗൗരിക്കുട്ടി അമ്മയെ ഉപാസന മ്യൂസിക് ക്ലബ് ഭാരവാഹികൾ വസതിയിലെത്തി ആദരിച്ചപ്പോൾ 

തൂത്തിട്ടും പോണില്ല ചോണനുറുമ്പ്....വിട വാങ്ങിയത് കടുങ്ങല്ലൂരിന്റെ തിരുവാതിര മുത്തശ്ശി

ആലുവ: കിഴക്കെ കടുങ്ങല്ലൂർ വടക്കെപറമ്പിൽ ഗൗരിക്കുട്ടി അമ്മയുടെ (83) നിര്യാണത്തിലൂടെ നഷ്ടമായത് കടുങ്ങല്ലൂരിന്റെ തിരുവാതിര മുത്തശ്ശിയെ. കിഴക്കെ കടുങ്ങല്ലൂരിന് തിരുവാതിരക്കളിയുടെ ആദ്യ പാഠം പകർന്നു നൽകിയത് ഗൗരിക്കുട്ടി അമ്മയാണ്. പണ്ടുകാലത്ത് പെൺകുട്ടികളുടെ വിവാഹം കഴിഞ്ഞാൽ വീടുകളിൽ പൂത്തിരുവാതിര എന്ന പേരിൽ തിരുവാതിരക്കളി നടത്തിവരുന്ന ആചാരമുണ്ടായിരുന്നു.

ഈ പൂത്തിരുവാതിര ഗൗരിക്കുട്ടി അമ്മയുടെ നേതൃത്വത്തിലായിരുന്നു പ്രദേശത്തെ വിടുകളിൽ നടന്നിരുന്നത്. അന്ന് വായ്പാട്ടു പാടിയാണ് അവർ ചുവട് വെക്കുന്നത്. ഇന്ന് തിരുവാതിര പാട്ടുകൾ റെക്കോഡ് വച്ചാണ് തിരുവാതിര കളിക്കുന്നത്. കിഴക്കെ കടുങ്ങല്ലൂരിൽ എവിടെ തിരുവാതിരക്കളിയുണ്ടോ അതി​ന്റെയെല്ലാം നേതൃത്വം ഗൗരിക്കുട്ടിയമ്മക്കായിരിക്കും. ഇവർക്കൊപ്പം ചുവടു വെക്കാൻ ആനന്ദവല്ലി അമ്മ, ചന്ദ്രവതി അമ്മ, കനകലതാമ്മ എന്നിവരും ഉണ്ടാകും. ഇവർ നാലുപേരും ഒത്തുചേരുന്ന തിരുവാതിര കാണികൾക്ക് ഹരമായിരുന്നു.

മഞ്ഞച്ചേരെ നിന്റ വാലെന്തിയേടി, കൊച്ചിക്കായലിൽ കപ്പലു വന്നു, തൂത്തിട്ടും പോണില്ല ചോണനുറുമ്പ് തുടങ്ങിയ നിരവധി പാരമ്പര്യ തിരുവാതിര ഗാനങ്ങൾ ഇവരുടെ ശബ്ദത്തിൽ കേൾക്കുന്നത് കാണികൾക്ക് ഏറെ ആസ്വാദ്യകരമായിരുന്നു. കഴിഞ്ഞ ലോക വനിത ദിനത്തിൽ ഗൗരിക്കുട്ടി അമ്മയെ ഉപാസന മ്യൂസിക് ക്ലബ് വസതിയിലെത്തി ആദരിച്ചിരുന്നു.

Tags:    
News Summary - Gaurikkutti amma passes away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.