അബ്ദുല്ല മട്ടാഞ്ചേരിയുടെ പുസ്തകം ‘അടയാളം’ മുതിർന്ന കമ്യൂണിസ്റ്റ് നേതാവ് എം.എം ലോറൻസ് കെ.ജെ മാക്സി എം.എൽഎക്ക് നൽകി പ്രകാശനം ചെയ്യുന്നു

കൊച്ചി: 1953ൽ സമരം ചെയ്ത തൊഴിലാളികളെ മട്ടാഞ്ചേരിയിൽ വെടിവെച്ചു കൊന്ന ചരിത്രം സംബന്ധിച്ച് മാധ്യമപ്രവർത്തകൻ അബ്ദുല്ല മട്ടാഞ്ചേരി എഴുതിയ 'അടയാളം' പുസ്തകം പ്രകാശനം ചെയ്തു. മുതിർന്ന കമ്യൂണിസ്റ്റ് നേതാവ് എം.എം ലോറൻസാണ് പ്രകാശനം ചെയ്തത്. എറണാകുളം പ്രസ് ക്ലബ്ബിൽ നടന്ന ചടങ്ങിൽ കെ.ജെ മാക്സി എം.എൽഎ ഏറ്റുവാങ്ങി.

ചരിത്രപരമായ ആ മട്ടാഞ്ചേരി വിപ്ലവത്തെ അടയാളപ്പെടുത്തുന്ന ചരിത്രന്വേഷണമാണ് 'അടയാളം'. പ്രണത ബുക്സ് ആണ് പ്രസാധകർ. ഇതു വരെ പുറംലോകം അറിയാതെ മൂടപ്പെട്ട ചരിത്ര സത്യങ്ങൾ 'അടയാള' ത്തിലൂടെ അനാവരണം ചെയ്യാൻ ഗ്രന്ഥകർത്താവ് ശ്രമിച്ചിട്ടുണ്ട്.

തുറമുഖത്തെ ചാപ്പ സമ്പ്രദായം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് തൊഴിലാളികൾ നടത്തിയ സമരം 75ാം ദിവസം പോലിസ് വെടിവെപ്പിലവൂടെ അവസാനിപ്പിക്കുകയായിരുന്നു. 1953 സെപ്റ്റംബർ 15നായിരുന്നു സംഭവം. സമരത്തിൽ സൈത്, സൈതാലി, ആന്‍റണി എന്നിവർ രക്തസാക്ഷികളാവുകയും നൂറു കണക്കിനുപേർ ജീവിക്കുന്ന രക്തസാക്ഷികളാവുകയും ചെയ്തു.

കയ്യൂർ, കരിവെള്ളൂർ, കാവുമ്പായി, പുന്നപ്ര-വയലാർ സമരങ്ങളിൽ പങ്കെടുത്ത്‌ മട്ടാഞ്ചേരിയിൽ ഒളിവിൽ കഴിഞ്ഞവരും, ഇന്ത്യൻ നാഷണൽ കോൺഗ്രസ്, പ്രജാ സോഷ്യലിസ്റ്റ് പാർട്ടി, മുസ്ലിം ലീഗ് എന്നീ പ്രസ്ഥാനങ്ങളുടെ പ്രവർത്തകരും കൈകൾ കോർത്തുനിന്ന് നടത്തിയ സമരമായിരുന്നു മട്ടാഞ്ചേരിയിലേത്.

ടി.എം അബു, ജോർജ് ചടയംമുറി, പി. ഗംഗാധരൻ, എം.എൻ താചൊ, കെ. എച്. സുലൈമാൻ മാസ്റ്റർ, എംകെ. രാഘവൻ, എ.എ കൊച്ചുണ്ണി, ടി.പി പീതാംബരൻ മാസ്റ്റർ, ജി. എസ് ധാരാസിംഗ് എന്നിവരായിരുന്നു നേതൃത്വം കൊടുത്തത്. അതുകൊണ്ടായിരുന്നു ചരിത്രത്തിലെ സമാനതകളില്ലാത്ത വർഗസമരമായി മട്ടാഞ്ചേരി അടയാളപ്പെട്ടത്.

ജോൺ ഫെർണാണ്ടസ് എം.എൽ.എ അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി മേയർ കെ.ആർ. പ്രേമകുമാർ, പ്രസ്ക്ലബ് പ്രസിഡന്‍റ് ഫിലിപ്പോസ് മാത്യു, പ്രണത ബുക്സ് എം.ഡി ഷാജി ജോർജ്, അബ്ദുല്ല മട്ടാഞ്ചേരി എന്നിവർ സംസാരിച്ചു. ഡോ.ഫാ. റാഫി പര്യാത്തുശേരി സ്വാഗതവും എ.എ അബ്ദുൽ അസീസ് നന്ദിയും പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.