കൊച്ചി: കേരള ഹൈകോടതി ജഡ്ജിയും ആക്ടിങ് ചീഫ് ജസ്റ്റിസും ആയിരുന്ന ജസ്റ്റിസ് സി.കെ. അബ്ദുൽ റഹീമിനെ സംസ്ഥാന സർക്കാർ ജീവനക്കാരുടെ സർവിസ് സംബന്ധമായ കേസുകൾ കൈകാര്യം ചെയ്യുന്ന കേരള അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണലിെൻറ (കെ.എ.ടി) ചെയർമാനായി നിയമിച്ചു.
രാഷ്ട്രപതിയുടെ അംഗീകാരത്തിന് വിധേയമായി കേന്ദ്രസർക്കാർ പുറപ്പെടുവിച്ച ഉത്തരവിൽ നാലുവർഷത്തേക്കാണ് നിയമനം. തിരുവനന്തപുരം ആസ്ഥാനമായ ൈട്രബ്യൂണലിന് എറണാകുളത്ത് അഡീഷനൽ ബെഞ്ച് ഉണ്ട്.
ചെയർമാനെ കൂടാതെ രണ്ട് അഡ്മിനിസ്ട്രേറ്റിവ് അംഗങ്ങളും രണ്ട് ജുഡീഷ്യൽ അംഗങ്ങളുമാണ് ട്രൈബ്യൂണലിൽ ഉള്ളത്. പെരുമ്പാവൂരിനടുത്ത് വെങ്ങോലയിൽ റിട്ട. സെയിൽസ് ടാക്സ് ഡെപ്യൂട്ടി കമീഷണർ പരേതനായ ആലി പിള്ളയുടെയും കുഞ്ഞുബീപാത്തുവിെൻറയും മകനായി 1958ൽ ജനിച്ച ജസ്റ്റിസ് അബ്ദുൽ റഹീം 25 വർഷം കേരള ഹൈകോടതിയിൽ അഭിഭാഷകനായിരുന്നു. 2009ൽ ജഡ്ജിയായ അദ്ദേഹം 2020 മേയിലാണ് വിരമിച്ചത്. ഭാര്യ നസീറ റഹീം. ഫൈറൂസ് എ. റഹീം, ഫസ്ലിൻ എ. റഹീം, ഫർഹാന എ. റഹീം എന്നിവർ മക്കളും ഡോ. അസർ നവീൻ സലീം, മുഹസിൻ ഹാറൂൺ, ഫാത്തിമ ലുലു എന്നിവർ മരുമക്കളും ആണ്.
കെ.എ.ടി ചെയർമാനായിരുന്ന മുൻ ഹൈകോടതി ജഡ്ജി ജസ്റ്റിസ് ടി.ആർ. രാമചന്ദ്രൻ നായർ 2020 സെപ്റ്റംബറിലാണ് വിരമിച്ചത്. 2020 ജൂലൈയിൽതന്നെ ജസ്റ്റിസ് അബ്ദുൽ റഹീമിെൻറ പേര് ഹൈകോടതി ചീഫ് ജസ്റ്റിസ് ശിപാർശ ചെയ്തിരുന്നു.
സംസ്ഥാന മന്ത്രിസഭയുടെയും ഗവർണറുടെയും അംഗീകാരത്തോടെ രാഷ്ട്രപതിയുടെ ഉത്തരവിന് 2020ൽതന്നെ കേന്ദ്രസർക്കാറിന് സമർപ്പിച്ചതാണ്. കേന്ദ്രസർക്കാറിൽനിന്ന് ഇത് സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് അയക്കുകയും അത് 2021 ഫെബ്രുവരിയിൽ തിരികെ ലഭിക്കുകയുണ്ടായി. ഇതിനിെട, ട്രൈബ്യൂണലിൽ മൂന്ന് അംഗങ്ങളുടെ കാലാവധി അവസാനിച്ചു.
ട്രൈബ്യൂണൽ പ്രവർത്തനം നിലച്ചുപോകുന്ന സാഹചര്യത്തിൽ എറണാകുളം ബെഞ്ചിലെ ബാർ അസോസിയേഷൻ കേരള ഹൈകോടതിയിൽ നൽകിയ റിട്ട് ഹരജിയിൽ ചെയർമാെൻറ നിയമന കാര്യത്തിൽ നിശ്ചിത ദിവസത്തിനകം തീരുമാനമെടുക്കണമെന്ന് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.
കോടതി നിശ്ചയിച്ച കാലാവധി കഴിഞ്ഞിട്ടും തീരുമാനം എടുക്കാത്തതുകൊണ്ട് കോടതിയലക്ഷ്യഹരജി ഫയൽ ചെയ്യുകയും കേന്ദ്രസർക്കാർ സെക്രട്ടറിക്ക് ഹൈകോടതി നോട്ടീസ് പുറപ്പെടുവിക്കുകയും ചെയ്തതിനുശേഷമാണ് ഇപ്പോൾ നിയമന ഉത്തരവ് വന്നിട്ടുള്ളത്.
കെ.എ.ടി ചെയർമാനും ചീഫ് ജസ്റ്റിസും അടങ്ങുന്ന സമിതിയാണ് പുതിയ അംഗങ്ങളെ തെരഞ്ഞെടുക്കേണ്ടത്. ഇക്കാര്യത്തിൽ ഉണ്ടാകുന്ന കാലതാമസം കെട്ടിക്കിടക്കുന്ന പതിനായിരക്കണക്കിന് കേസുകളെ ബാധിക്കും. ചെയർമാെൻറ നിയമനത്തോടെ ഇക്കാര്യത്തിൽ പെട്ടെന്നുള്ള നടപടികൾ ഉണ്ടാകുമെന്നാണ് പ്രതീക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.