കൊച്ചിൻ ജിംനേഷ്യം
മട്ടാഞ്ചേരി: ഇത് സിക്സ് പാക്കിന്റെ കാലം. ബൈസെപ്സ് മസിലും ചെസ്റ്റ് മസിലും പെരുപ്പിച്ച് നടക്കുന്നത് യുവാക്കൾക്കിടയിൽ ത്രില്ലാണ്. ഇത് മുതലെടുത്ത് ഹെൽത്ത് ക്ലബുകളും പെരുകുന്നു. ജില്ലയിൽ ആദ്യമായി ജിംനേഷ്യം തുടങ്ങിയിട്ട് 80 വർഷം പൂർത്തിയാകുകയാണ്. മട്ടാഞ്ചേരിയിലെ കൊച്ചിൻ ജിംനേഷ്യമാണ് 1945ൽ പ്രവർത്തിച്ചുതുടങ്ങിയത്. പഴയ തലമുറയിലുള്ളവർ കുറച്ചുദിവസമെങ്കിലും ഇവിടെ എത്തി ഇരുമ്പുകട്ട ഉയർത്താത്തവർ പശ്ചിമകൊച്ചിയിൽ വിരളമായിരിക്കും. ടി.എ. രാമനാശാൻ, സാന്റോ ഗോപാലൻ, ഡോ. അർവാരി തുടങ്ങിയ ഒരു സംഘം യുവാക്കളായിരുന്നു ബ്രിട്ടീഷ് ഭരണകാലത്ത് ജിംനേഷ്യം തുടങ്ങാൻ മുന്നിട്ടിറങ്ങിയത്. മുതലയുടെ ഭീഷണിയുള്ളതിനാൽ ആരും തിരിഞ്ഞു നോക്കാതെ കിടന്നിരുന്ന മുതലക്കുളം നികത്തി ഓലഷെഡ് കെട്ടി ജിംനേഷ്യം ആരംഭിക്കുകയായിരുന്നു. വിവരമറിഞ്ഞ് ബ്രിട്ടീഷ് ഉദ്യോഗസ്ഥർ വരെ കളിക്കാനെത്തി.
ബ്രിട്ടീഷുകാരും കുറെ ഇരുമ്പുകട്ടകൾ ജിംനേഷ്യത്തിന് സമ്മാനിച്ചു. ബ്രിട്ടീഷ് സേനയിലെ ഉദ്യോഗസ്ഥർ വരെ എത്തിയതോടെ യുവാക്കളുടെ ശ്രദ്ധാകേന്ദ്രമായി ജിംനേഷ്യം മാറി. കൊച്ചി തുറമുഖത്ത് കപ്പലിലെത്തുന്ന നാവികർക്കും ജിംനേഷ്യം ആശ്രയമായി. മേഖല ആൾസഞ്ചാരമായതോടെ മട്ടാഞ്ചേരി മുനിസിപ്പാലിറ്റി ജിംനേഷ്യത്തിനോട് ചേർന്ന് ടൗൺഹാൾ പണിതു. 1958ലാണ് ഇത് നവീകരിച്ച് ഉദ്ഘാടനം ചെയ്തത്.
മുൻ കൗൺസിലർ വി.എം. ഷംസുദ്ദീന്റെ നേതൃത്വത്തിൽ ഓലഷെഡിൽനിന്ന് കരകയറി. നിലവിലെ ലോക ബോഡി ബിൽഡിങ് ചാമ്പ്യൻ അശ്വിൻ ഷെട്ടി, മിസ്റ്റർ ഏഷ്യ അനസ് ഹുസൈൻ, ഏഷ്യൻ പവർ ലിഫ്റ്റിങ് വെള്ളി മെഡൽ ജേതാവ് രേവതി, വെയിറ്റ് ലിഫ്റ്റിങ് താരം ട്രീസ എബ്രഹാം, കുറാഷ് വേൾഡ് ചാമ്പ്യൻഷിപ്പിൽ വെങ്കല മെഡൽ നേടിയ എ.എസ്. അശ്വതി തുടങ്ങി ജിംനേഷ്യത്തിൽനിന്നുള്ള 22 താരങ്ങൾ അന്തർദേശീയ മത്സരങ്ങളിൽ പങ്കെടുത്തിട്ടുണ്ട്. കേരളത്തിലേക്ക് ആദ്യമായി ദേശീയ വനിത ഗുസ്തി മത്സരത്തിൽ മെഡൽ എത്തിച്ച എസ്. ദിവ്യയടക്കം നാൽപതോളം താരങ്ങളാണ് ദേശീയ മെഡലുകൾ നേടിയിട്ടുള്ളത്.
വി.എസ്. ഷിഹാബുദ്ദീൻ പ്രസിഡന്റും എം.എച്ച്. സുകുമാരൻ സെക്രട്ടറിയുമായ ഭരണസമിതിയാണ് നിലവിലുള്ളത്. മുനിസിപ്പാലിറ്റിയായിരുന്ന കാലയളവിൽ ജിംനേഷ്യത്തിന് ഗ്രാന്റുകൾ അനുവദിച്ചിരുന്നുവെങ്കിലും കൊച്ചിൻ കോർപറേഷനായതോടെ ഇവ നിർത്തലാക്കി. വേനലവധിയായതോടെ കുട്ടികൾക്കായി സമ്മർ കോച്ചിങ് ക്യാമ്പ് ആരംഭിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.