കൊച്ചി: വിവിധ പദ്ധതികളിലൂടെ ജില്ലയിൽ പൂർത്തീകരിച്ചത് 43 സ്മാർട്ട് വില്ലേജ് ഓഫിസുകൾ. ഇതിൽ 34 എണ്ണത്തിന്റെയും ഉദ്ഘാടനം കഴിഞ്ഞു. വില്ലേജ് ഓഫിസിലെത്തുന്നവർക്ക് ആധുനിക സൗകര്യങ്ങൾ ലഭ്യമാക്കുക, മികച്ച സേവനം നൽകുക എന്നീ ലക്ഷ്യങ്ങളോടെയാണ് പദ്ധതി നടപ്പാക്കുന്നത്. മാറുന്ന കാലത്ത് സാങ്കേതിക വിദ്യയുടെ പിന്തുണയോടെ പെട്ടെന്ന് സേവനം ഉറപ്പാക്കലും മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങൾ ഓഫിസിൽ ലഭ്യമാക്കലും ഇതിലൂടെ സാധിക്കുന്നുവെന്നാണ് അധികൃതരുടെ വിലയിരുത്തൽ.
ചേന്ദമംഗലം, കുന്നത്തുനാട്, പെരുമ്പാവൂർ, അയ്യമ്പുഴ, കുമ്പളങ്ങി, രായമംഗലം, കിഴക്കമ്പലം, മാറാടി, മൂത്തകുന്നം, കോട്ടുവള്ളി, കടമക്കുടി തുടങ്ങിയവയാണ് ഒടുവിൽ സ്മാർട്ട് വില്ലേജ് ഓഫിസുകളാക്കി നിർമാണം പൂർത്തീകരിച്ചത്.
ആധുനിക സൗകര്യങ്ങളോടുകൂടിയ കെട്ടിടങ്ങളും ഇ-ഗവേണൻസിന്റെ സഹായത്തോടെയുള്ള സേവനങ്ങളും ഏതുസമയത്തും എവിടെവെച്ചും ലഭ്യമാക്കുന്നതിനുള്ള സൗകര്യങ്ങളാണ് സ്മാർട്ട് വില്ലേജ് ഓഫിസുകളിൽ ഒരുക്കുന്നത്. സ്ഥലലഭ്യതക്ക് അനുസരിച്ച് ആധുനിക രീതിയിലുള്ള കെട്ടിടങ്ങളാണ് നിർമിക്കുന്നത്. ഇവയിൽ പൊതുജനങ്ങൾക്കായി ഹെൽപ് ഡെസ്ക്, ഫ്രണ്ട് ഓഫിസ്, സന്ദർശകർക്കുള്ള മുറി, വില്ലേജ് ഓഫിസറുടെ മുറി, മറ്റ് ഉദ്യോഗസ്ഥർക്കുള്ള ഓഫിസ് മുറി, ഡൈനിങ് റൂം, റെക്കോഡ് റൂം, ശൗചാലയം എന്നിവയുണ്ട്. ഫർണിച്ചർ, സേവനങ്ങൾ ഓൺലൈനായി നൽകുന്നതിനുള്ള സൗകര്യങ്ങളും ഇതിൽ ഉൾപ്പെടും.
പൊതുജനങ്ങളുടെ സൗകര്യത്തിനായി ഇരിപ്പിട സൗകര്യങ്ങളോടെയുള്ളതാണ് സന്ദർശകമുറി. കുടിവെള്ള സൗകര്യം, ശൗചാലയം എന്നിവയും ഇവിടെയുണ്ടാകും. എല്ലാ ഓഫിസുകളും ഭിന്നശേഷി സൗഹൃദമായിരിക്കും. ഓരോ വില്ലേജ് ഓഫിസ് കെട്ടിടവും നിർമിക്കുന്നതിനുള്ള ഭൂമിയുടെ ലഭ്യതയനുസരിച്ച് 1000 സ്ക്വയർഫീറ്റ് മുതൽ 1500 സ്ക്വയർഫീറ്റ് വരെ വിസ്തീർണമുള്ള കെട്ടിടങ്ങളാണ് പൊതുവേ നിർമിച്ചുവരുന്നത്.
10 മുതൽ 51.59 ലക്ഷം രൂപവരെ മുടക്കിയാണ് വിവിധ വില്ലേജ് ഓഫിസുകളിൽ സർക്കാർ നവീകരണ, നിർമാണ പ്രവർത്തനങ്ങൾ നടത്തിയിരിക്കുന്നത്. 15 കോടിയിലധികം രൂപ ജില്ലയിൽ മുതൽമുടക്കിയിട്ടുണ്ടെന്നാണ് വിവരം.
പൊതുമരാമത്ത് വകുപ്പ്, നിർമിതി കേന്ദ്രം തുടങ്ങിയവരായിരുന്നു നിർമാണ ഏജൻസി. സംസ്ഥാനത്തൊട്ടാകെ നാളിതുവരെ വിവിധ പദ്ധതികളിലായി 817 വില്ലേജുകൾക്ക് സ്മാർട്ട് വില്ലേജ് കെട്ടിടം നിർമിക്കുന്നതിന് ഭരണാനുമതി നൽകിയിട്ടുണ്ട്. ഇതിൽ 533 എണ്ണം നിർമാണം പൂർത്തീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.