ലാഭം കൊയ്യുമ്പോഴും എണ്ണക്കമ്പനികളുടെ നികുതി കുടിശ്ശിക 312 കോടി

കൊച്ചി: ഒരുനിയന്ത്രണവുമില്ലാതെ ദിനേനയെന്നോണം പെട്രോൾ, ഡീസൽ വില വർധിപ്പിച്ചും കോടാനുകോടികൾ ലാഭം കൊയ്തും സാധാരണക്കാരന്‍റെ നെഞ്ചിൽ തീ കോരിയിടുകയാണ് രാജ്യത്തെ എണ്ണക്കമ്പനികൾ. എന്നാലിവർ, സംസ്ഥാന സർക്കാറിന്​ കൊടുക്കാനുള്ള നികുതി കുടിശ്ശിക എത്രയെന്നറിഞ്ഞാൽ ഒന്നുഞെട്ടും; 312.57 കോടി രൂപയാണിത്. കഴിഞ്ഞ സെപ്റ്റംബർ വരെയുള്ള കണക്കാണിത്. പൊതുമേഖല എണ്ണക്കമ്പനികളായ ഇന്ത്യൻ ഓയിൽ കോർപറേഷൻ(ഐ.ഒ.സി), ഭാരത് പെട്രോളിയം കോർപറേഷൻ ലിമിറ്റഡ്(ബി.പി.സി.എൽ), ബി.പി.സി.എലിന്‍റെ എണ്ണ ശുദ്ധീകരണശാലയായ കൊച്ചി റിഫൈനറി എന്നിവയാണ് ഇത്രയധികം കുടിശ്ശിക വരുത്തിയിട്ടുള്ളതെന്ന് വിവരാവകാശ മറുപടിയിൽ വ്യക്തമാക്കുന്നു. ബി.പി.സി.എലിനാണ് നികുതി കുടിശ്ശിക ഏറെയുള്ളത്-219.66 കോടി. ഐ.ഒ.സി 75.91 കോടി കുടിശ്ശികയാക്കിയപ്പോൾ കൊച്ചി റിഫൈനറിയുടേത് 16.99 കോടി രൂപയാണ്. പൊതുമേഖല കമ്പനിതന്നെയായ ഹിന്ദുസ്ഥാൻ പെട്രോളിയത്തിന് നികുതിയിനത്തിൽ കുടിശ്ശികയില്ലെന്നും രേഖകൾ വ്യക്തമാക്കുന്നു. നികുതി ഇളവുകൾ സാധൂകരിക്കുന്ന രേഖകൾ സമയബന്ധിതമായി സമർപ്പിക്കാൻ ഈ കമ്പനികൾക്ക് സാധിക്കാത്തതാണ് ഇത്രയധികം തുക കുടിശ്ശികയായി വരാൻ കാരണമെന്ന് സംസ്ഥാന ജി.എസ്.ടി വകുപ്പ് ഡെപ്യൂട്ടി കമീഷണറുടെ കാര്യാലയത്തിൽനിന്ന്​ ലഭിച്ച മറുപടിയിലുണ്ട്. കുടിശ്ശിക വരുത്തിയ കമ്പനികൾ അപ്പീൽ ഫയൽ ചെയ്തതായും മറുപടിയിൽ വ്യക്തമാക്കുന്നു. വിവരാവകാശ പ്രവർത്തകൻ രാജു വാഴക്കാലക്കാണ് ഇതുസംബന്ധിച്ച മറുപടികൾ ലഭിച്ചത്. നഹീമ പൂന്തോട്ടത്തിൽ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.