ബ്രഹ്മപുരം പാലം ഉയർത്തുന്നു; പുനർ നിർമാണത്തിന് 23.2 കോടി

കിഴക്കമ്പലം: കുന്നത്തുനാടി‍ൻെറ ടൂറിസം സ്വപ്നങ്ങള്‍ക്ക് ഉണര്‍വേകി ബ്രഹ്മപുരം പാലം ഉയര്‍ത്തുന്നു. കുന്നത്തുനാട്-തൃക്കാക്കര മണ്ഡലങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന കടമ്പ്രയാറിന് കുറുകെയുള്ള പാലത്തി‍ൻെറ പുനര്‍നിര്‍മാണത്തിന് 23.2 കോടി രൂപയുടെ സാങ്കേതിക അനുമതിയായെന്ന് പി.വി. ശ്രീനിജിന്‍ എം.എല്‍.എ അറിയിച്ചു. ടെന്‍ഡര്‍ നടപടികള്‍ ഉടന്‍ തുടങ്ങും. റീ ബില്‍ഡ് കേരളയില്‍പെടുത്തിയാണ് പ്രവൃത്തി. ഇതോടെ ജല മെട്രോ മനക്കക്കടവ് വരെ എത്താനുള്ള പാത സുഗമമാവുകയാണ്. കുന്നത്തുനാടി‍ൻെറ ടൂറിസം വികസനത്തിന് ഏറെ പ്രാമുഖ്യം നല്‍കുന്നതാണ് പദ്ധതി. പായലും പോളയും നിറഞ്ഞു കിടക്കുന്ന കടമ്പ്രയാറില്‍ ഡ്രെജിങ്​ നടത്തി ആഴം വർധിപ്പിക്കുന്നതോടെ ജല മെട്രോ മനക്കക്കടവുവരെ ദീര്‍ഘിപ്പിക്കുകയാണ് ലക്ഷ്യം. മനക്കക്കടവിലെ ടൂറിസം പദ്ധതിക്കും ഇത് ഉണര്‍വേകും. നിരവധി തവണ ഡ്രെജിങ്​ നടത്തിയെങ്കിലും കടമ്പ്രയാര്‍ വീണ്ടും ചളി നിറഞ്ഞ് ആഴം കുറഞ്ഞു വന്ന മേഖലയിലാണ് പാലം ഉയര്‍ത്തി സ്ഥാപിക്കുന്നത്. എറണാകുളത്ത് നിന്നും കാക്കനാട് വരെ റോഡ് മാര്‍ഗമുള്ള യാത്രക്ക്​ വാഹനത്തിരക്ക് യാത്രക്കാരെ വലക്കുന്നുണ്ട്. ജല മെട്രോ യാഥാർഥ്യമാകുന്നതോടെ നിസ്സാര സമയത്തിനുള്ളില്‍ എറണാകുളത്ത് നിന്നും കാക്കനാട്, മനക്കക്കടവ് വരെ എത്താനാകും. ഹൗസ് ബോട്ടുകളടക്കം ഈ വഴി തെരഞ്ഞെടുക്കുന്നതോടെ ടൂറിസത്തിന് വന്‍ സാധ്യതയും തെളിയും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.