പണിമുടക്ക്​ നിരോധിച്ച ഉത്തരവിനെതിരെ 12ന്​ ഹൈകോടതി മാർച്ച്

കൊച്ചി: പണിമുടക്കാനുള്ള തൊഴിലാളികളുടെ നിയമപരമായ അവകാശം നിരോധിച്ച ഉത്തരവിനെതിരെ 12ന് രാവിലെ 10ന് സംയുക്ത ട്രേഡ് യൂനിയൻ സംസ്ഥാന സമിതിയുടെ നേതൃത്വത്തിൽ ഹൈകോടതിയിലേക്ക്​ മാർച്ച് നടത്തും. പതിനായിരം തൊഴിലാളികൾ അണിനിരക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. മാർച്ച് 28, 29 തീയതികളിലെ ദേശീയ പണിമുടക്കിൽ പങ്കെടുക്കാനുള്ള നിയമപരമായ അവകാശം ചോദ്യംചെയ്ത് ഹൈകോടതി പുറപ്പെടുവിച്ച ഉത്തരവ് തൊഴിലാളികളുടെ വാദങ്ങൾ അവതരിപ്പിക്കാൻ അവസരം നൽകാതെയാണെന്ന് അവർ ആരോപിച്ചു. സംഘം ചേരാനും കൂട്ടായി വിലപേശാനും ന്യായമായ ആവശ്യങ്ങൾക്കായി പണിമുടക്കാനുമുള്ള അവകാശം നിയമപരമായി ഉറപ്പുനൽകുന്ന തൊഴിൽ നിയമങ്ങൾ നിലനിൽക്കുമ്പോൾതന്നെയാണ് പണിമുടക്ക് നിരോധന ഉത്തരവുകൾ വന്നിട്ടുള്ളത്. പണിമുടക്കാനുള്ള അവകാശംകൂടി ഇല്ലാതായാൽ തൊഴിലാളികളുടെ വിലപേശൽശക്തി ദുർബലമാകും. ദേശീയ പണിമുടക്കിന് ആധാരമായ 12 ഇന ആവശ്യങ്ങൾ സംബന്ധിച്ച് തൊഴിലാളി സംഘടനകളുമായി കേന്ദ്രസർക്കാർ ഒരു ചർച്ചക്കും തയാറായിട്ടില്ല. എന്നാൽ, വിലക്കയറ്റ നിയന്ത്രണമടക്കമുള്ള സമരമുദ്രാവാക്യങ്ങളെ സംബന്ധിച്ച് യൂനിയനുകളുമായി ബി.പി.സി.എൽ മാനേജ്മൻെറ് ചർച്ച നടത്തുകയാണെന്നും അതുകൊണ്ട് ചർച്ചയിലിരിക്കുന്ന വിഷയത്തിൽ പണിമുടക്ക് പാടില്ലെന്നുമുള്ള വിചിത്ര ന്യായമാണ് കോടതിയിൽ മാനേജ്മെന്‍റ്​ അവതരിപ്പിച്ചത്. ഇത് അംഗീകരിക്കുന്ന വിധിയാണ് ഹൈകോടതിയിൽ നിന്നുണ്ടായതെന്നും ചെയർമാൻ കെ.കെ. ഇബ്രാഹിംകുട്ടി, കൺവീനർ പി.ആർ. മുരളീധരൻ എന്നിവർ വാർത്തക്കുറിപ്പിൽ പറഞ്ഞു. സംയുക്ത ട്രേഡ് യൂനിയൻ സമിതി നേതാക്കളായ എളമരം കരീം എം.പി, ആർ. ചന്ദ്രശേഖരൻ, കെ.പി. രാജേന്ദ്രൻ അടക്കമുള്ള നേതാക്കൾ മാർച്ചിന് നേതൃത്വം നൽകും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.