സ്വർണക്കടത്ത്​: മുഖ്യപ്രതി റിമാൻഡിൽ, മൂന്നുപേർ കസ്​റ്റഡിയിൽ

കൊച്ചി: ഇറച്ചി മുറിക്കുന്ന യന്ത്രത്തിനുള്ളിൽ സ്വർണം ഒളിപ്പിച്ച്​ കടത്തിയ സംഭവത്തിലെ മുഖ്യപ്രതിയെ കസ്​റ്റംസ്​ അറസ്​റ്റ്​ ചെയ്​തു. തൃക്കാക്കര നഗരസഭ വൈസ് ചെയർമാനും മുസ്​ലിം ലീഗ് ജില്ല നേതാവുമായ എ.എ. ഇബ്രാഹീംകുട്ടിയുടെ മകൻ ഷാബിൻ ഇബ്രാഹീമിനെയാണ്​ കസ്​റ്റംസ്​ പ്രിവൻറിവ്​ വിഭാഗം അറസ്​റ്റ്​ ചെയ്​തത്​. എറണാകുളം അഡീഷനൽ ചീഫ്​ ജുഡീഷ്യൽ മജിസ്​ട്രേറ്റ്​ (സാമ്പത്തികം) കോടതിയിൽ ഹാജരാക്കിയ പ്രതിയെ ജുഡീഷ്യൽ കസ്​റ്റഡിയിൽ റിമാൻഡ്​​ ചെയ്​തു. ഷാബിനെ കൂടാതെ മറ്റ്​ മൂന്നുപേരെക്കൂടി കസ്​റ്റംസ്​ കസ്​റ്റഡിയിലെടുത്തിട്ടുണ്ട്​. കസ്​റ്റംസ്​ ഓഫിസിൽ വിളിച്ചുവരുത്തി മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ്​ ഷാബി​​ന്‍റെ അറസ്​റ്റ്​ രേഖപ്പെടുത്തിയത്​. ഇയാളെ കസ്​റ്റഡിയിൽ ചോദ്യം ചെയ്യലിന്​ വിട്ടുകിട്ടണമെന്ന്​ ആവശ്യപ്പെട്ട്​ ഉടൻ അപേക്ഷ നൽകും. ഇക്കഴിഞ്ഞ 23നാണ്​ എയർ ഇന്ത്യ വിമാനത്തിൽ എത്തിച്ച 1.20 കോടിയുടെ സ്വർണം കസ്​റ്റംസ്​ പിടിച്ചെടുത്തത്​. കസ്​റ്റംസ്​ ക്ലിയറൻസിന്​ വിമാനത്താവളത്തിലെത്തിയ തൃക്കാക്കര സ്വദേശി നകുലിനെ ചോദ്യം ചെയ്​തതിൽനിന്നാണ്​ ഷാബിന്‍റെയും കെ.പി. സിറാജുദ്ദീന്‍റെയും പങ്ക്​ പുറത്തുവന്നത്​. സിറാജുദ്ദീന്​​ വിവിധ വിമാനത്താവളങ്ങളിലൂടെയും തുറമുഖങ്ങളിലൂടെയും സ്വർണം കടത്തുന്നതിൽ പങ്കുണ്ടെന്നാണ്​ ഷാബിനെ ചോദ്യം ചെയ്​തതിൽനിന്ന്​ വിവരം ലഭിച്ചത്​. ദുബൈയിൽ കഴിയുന്ന സിറാജുദ്ദീനെ വിളിച്ചുവരുത്താൻ കസ്​റ്റംസ്​ നടപടി തുടങ്ങിയിട്ടുണ്ട്​. കീഴടങ്ങിയില്ലെങ്കിൽ ഇൻറർപോളിന്‍റെ സഹായം തേടാനാണ്​ തീരുമാനം. ഷാബിനും രണ്ട്​ സുഹൃത്തുക്കളും ചേർന്ന്​ സ്വർണം വാങ്ങാൻ ഒരു കോടി രൂപ ഹവാല ചാനൽ വഴി വിദേശത്തേക്ക്​ കടത്തിയതായി കസ്​റ്റംസ്​ സ്ഥിരീകരിച്ചിട്ടുണ്ട്​. തൃക്കാക്കരയിലെ തുരുത്തുമ്മേല്‍ എൻറര്‍പ്രൈസസ് എന്ന സ്ഥാപനത്തി​ന്‍റെ പേരിലാണ് ഇറച്ചിവെട്ട് യന്ത്രമെത്തിയത്. നകുലുമായും ഈ സ്ഥാപനവുമായും ഷാബിന് ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് അന്വേഷണം ആ വഴിക്ക് നീണ്ടത്. കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം ഷാബിന്‍റെ പിതാവായ ഇബ്രാഹീംകുട്ടിയുടെ വീട്ടിലും സിറാജുദ്ദീന്‍റെ വീട്ടിലും കസ്റ്റംസ് പരിശോധന നടത്തിയിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.