സ്കൂൾ കുട്ടികൾക്ക് മന്ത്രി പി. രാജീവ് പ്രഭാത ഭക്ഷണം
വിളമ്പുന്നു
കളമശ്ശേരി: വികസന പദ്ധതികൾ എണ്ണിക്കാട്ടിയാൽ അത് വോട്ടാകുമെങ്കിൽ എണ്ണാൻ കൂടെക്കൂടൂ എന്നാണ് കളമശ്ശേരിയിലെ സ്ഥാനാർഥി പി.രാജീവിന്റെ സ്നേഹക്ഷണം. അംഗൻവാടി മുതൽ ഉന്നത വിദ്യാഭ്യാസത്തിനുവരെ വേണ്ടത് വേണ്ടത്ര നീക്കിവെച്ചാണ് ഈ അവകാശവാദം.
മണ്ഡലത്തിൽ ആകെയുള്ള 60 അംഗൻവാടികളും സ്മാർട്ട് ആക്കി. 95.6 ലക്ഷത്തിന്റെ പദ്ധതിയാണിത്. അടിസ്ഥാന സൗകര്യ വികസന പദ്ധതികളിലൂടെ നാല് സ്കൂളുകൾക്കാണ് പുതിയ കെട്ടിടങ്ങൾ നിർമിച്ചത്. കിഫ്ബിയിൽ ലാപ്ടോപ്പുകളും പ്രൊജക്ടറുകളുമടക്കം കോടികളുടെ പദ്ധതികളാണ് അനുവദിച്ചത്. സ്കൂളുകളിൽ ശുദ്ധജലം ഉറപ്പാക്കാൻ ആർ.ഒ പ്ലാന്റ് എല്ലാ സ്കൂളുകളിലും സ്ഥാപിച്ചു. ടാബ്ലറ്റടക്കമുള്ള പഠന സാമഗ്രികളുടെ വിതരണം വേറെ. ശുചിത്വ ശീലങ്ങൾ പരിശീലിപ്പിക്കാൻ ‘ചിത്രകഥാ പുസ്തകം’ തയാറാക്കി വിതരണം ചെയ്തു.
ഐ.ടി.ഐക്ക് 1.18 കോടി രൂപയും വനിതാ പോളിക്ക് 1.86 കോടി രൂപയും ചെലവഴിച്ചു. പുതിയ വർക് ഷോപ്പ് നിർമിച്ചു; ഡെവലപ്മെന്റ് സെന്റർ ആരംഭിച്ചു. സംസ്ഥാനത്തെ മൂന്ന് സയൻസ് പാർക്കുകളിൽ ഒന്ന് കളമശ്ശേരി മണ്ഡലത്തിലാണ്. പുതിയ മെറ്റീരിയലുകളുടെ വികസനം, ഘടനാ ജീവശാസ്ത്രം, മെഡിക്കൽ/ജിനോമിക് ഗവേഷണം തുടങ്ങിയ വിഷയങ്ങളിലാണ് പാർക്ക് ശ്രദ്ധ കേന്ദ്രീകരിക്കുക. കിൻഫ്ര ഹൈടെക് പാർക്കിൽ കളമശ്ശേരി ടെക്നോളജി ഇന്നവേഷൻ സോണിനായി സ്റ്റാർട്ടപ്പുകൾക്കായി ലോകോത്തര സൗകര്യങ്ങൾ ഒരുക്കാനായി ബജറ്റിൽ 20 കോടിയാണ് വകയിരുത്തിയത്.
നൈപുണി മികവുള്ളവരാക്കാൻ ആഷ്കരിച്ച പദ്ധതിയാണ് ‘സ്കില്ലിങ് കളമശ്ശേരി യൂത്ത്’. അതിനുളള നാല് ഏക്കർ കാമ്പസിൽ 1,10,000 ചതുരശ്ര അടി വിസ്തൃതിയിൽ 100 കോടി ചെലവിൽ ഡെവലപ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ നിർമാണം ആരംഭിച്ചു.
മണ്ഡലത്തിലെ നാലു തൊഴിൽമേളകൾ വഴി അമേരിക്കൻ കമ്പനികൾ ഉൾപ്പെടെ വിവിധ സ്വകാര്യ കമ്പനികളിൽ തൊഴിലവസരം കിട്ടി. വർക്ക് നിയർ ഹോം അനുവദിച്ചു. പ്ലഗ് ആൻഡ് പ്ലേ ഓഫിസ്, മീറ്റിങ് റൂമുകൾ, ട്രെയിനിങ് റൂം തുടങ്ങി സൗകര്യങ്ങൾ ആലങ്ങാട് വർക്ക് നിയർ സ്പേസിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.