ഫോർട്ട് കൊച്ചിയിൽ യു.ഡി.എഫ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ രാഹുൽ ഗാന്ധി സദസ്സിനെ അഭിവാദ്യം ചെയ്യുന്നു – രതീഷ് ഭാസ്കർ
കൊച്ചി: യു.ഡി.എഫ് തെരഞ്ഞെടുപ്പ് പ്രചാരണ വേദിയിൽ വീണ്ടും പ്രധാനമന്ത്രി നരേന്ദ്രമോദിയെയും മുഖ്യമന്ത്രി പിണറായി വിജയനെയും രൂക്ഷമായി വിമർശിച്ച് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. വിവിധ മണ്ഡലങ്ങളിലെ യു.ഡി.എഫ് സ്ഥാനാർഥികളുടെ വിജയത്തിനായി ഫോർട്ട്കൊച്ചിയിൽ നടന്ന പൊതുസമ്മേളനത്തിലാണ് എൽ.ഡി.എഫ്, എൻ.ഡി.എ മുന്നണികളെ അദ്ദേഹം കടന്നാക്രമിച്ചത്.
സ്വന്തം കുടുംബത്തെ സംരക്ഷിക്കാൻ പിണറായി വിജയൻ ബലി കൊടുക്കുന്നതിലൂടെ കേരളമാണ് അനുഭവിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. യു.എസ് പ്രസിഡൻറ് ഡൊണാൾഡ് ട്രംപ് ചാടാൻ പറഞ്ഞാൽ നരേന്ദ്രമോദി ചാടും, കിടക്കാൻ പറഞ്ഞാൽ കിടക്കുകയും ചെയ്യും. തന്നെ സർ എന്നാണ് മോദി വിളിക്കാറുള്ളതെന്ന് ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്. ട്രംപ് ഫോണിൽ വിളിക്കുമ്പോൾ 'യെസ് സർ, ഞാൻ താങ്കൾക്കു വേണ്ടി എന്തു സഹായമാണ് ചെയ്യേണ്ടതെന്നാണ്' മോദി ചോദിക്കുന്നത്. ഇതുപോലെത്തന്നെയാണ് മുഖ്യമന്ത്രി പിണറായി വിജയനും മോദിയുടെ അടുത്ത് ചെയ്യുന്നത്. കാരണം, തന്‍റെ മക്കളെ അദ്ദേഹത്തിന് സംരക്ഷിക്കേണ്ടതുണ്ട്. ബി.ജെ.പിയും ആർ.എസ്.എസും എൽ.ഡി.എഫും തമ്മിൽ കൂട്ടുകച്ചവടമാണ് നടക്കുന്നത്.
അമ്പലം, മതം, ദൈവം എന്നിവ മാത്രം പറഞ്ഞ് രാഷ്ട്രീയ ജീവിതം വളർത്തിക്കൊണ്ടുവന്ന നരേന്ദ്രമോദി കേരളത്തിൽ വന്നിട്ട് ദൈവം, മതം എന്നൊന്നും പറഞ്ഞിട്ടില്ലെന്നത് ശ്രദ്ധേയമായ കാര്യമാണ്. ശബരിമല ക്ഷേത്രത്തിൽനിന്ന് സി.പി.എമ്മുകാർ സ്വർണം മാറ്റി ചെമ്പുവെച്ചിട്ടും പ്രധാനമന്ത്രിക്ക് ഇതേപറ്റി ഒന്നും പറയാനില്ല. കാരണം, മോദിക്ക് കേരളത്തിൽ എൽ.ഡി.എഫ് ജയിക്കണമെന്നാണുള്ളത്. ഇതിനു കാരണം ഇടതു മുന്നണി ബി.ജെ.പി-ആർ.എസ്.എസിന് ഒരിക്കലും ഭീഷണിയായിട്ടില്ല, എപ്പോഴും കോൺഗ്രസാണ് അവർക്ക് ഭീഷണി ആയിട്ടുള്ളത്.
ബി.ജെ.പിയും ആർ.എസ്.എസും എന്താണെന്ന് ആരും മറക്കരുത്. അവർ കേരളത്തിൽ ഇടതുപക്ഷത്തിന്‍റെ പങ്കാളികളാണ്. ബി.ജെ.പിയെയും ആർ.എസ്.എസിനെയും പറയുന്നവരെ അവർ ക്രൂരമായി ആക്രമിക്കുകയാണ് ചെയ്യുന്നത്. തനിക്കുനേരെ 36 കേസെടുക്കുകയും ഔദ്യോഗിക വസതിയിൽ നിന്ന് ഒഴിപ്പിക്കുകയുമെല്ലാം ചെയ്തു.
എന്നാൽ എന്തുകൊണ്ടാണ് കേരളത്തിലെ മുഖ്യമന്ത്രിക്കും മക്കൾക്കുമെതിരെ അവർ തിരിയാത്തതെന്നാണ് ഇവിടുത്തെ യഥാർഥ ഇടതുപക്ഷക്കാരോട് എനിക്ക് ചോദിക്കാനുള്ളത്. എങ്ങനെയെങ്കിലും തന്നെയും തന്‍റെ മക്കളെയും സംരക്ഷിക്കുകയാണ് പിണറായി വിജയനെന്നും ഇതിനായി ഏറ്റവും മോശം രാഷ്ട്രീയ ശക്തിയുടെ കൂട്ടാളിയായി മാറിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യു.ഡി.എഫ് സ്ഥാനാർഥികളായ മുഹമ്മദ് ഷിയാസ്, ടോണി ചമ്മിണി, ടി.ജെ. വിനോദ്, ഉമാ തോമസ്, ദീപക് ജോയ് തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.