വിശേഷ വിഷുക്കണിയൊരുക്കി മൂവാറ്റുപുഴ ശ്രീകുമാര ഭജന ദേവസ്വം ക്ഷേത്രം

മൂവാറ്റുപുഴ: 51 പറകൾ നിറച്ച് ഭക്തർക്ക് വിഷുക്കണി ദർശനം നൽകി. സ്വർണനിറത്തിലുള്ള കണിവെള്ളരിയും കണിക്കൊന്നയും മറ്റ് കാർഷിക വിഭവങ്ങളും ചേർന്നൊരുക്കുന്ന പരമ്പരാഗത രീതി പ്രതീക്ഷിച്ചെത്തിയ ഭക്തജനങ്ങൾ 51 വിഭവങ്ങളോടെയൊരുക്കിയ വിഷുക്കണി കൺനിറയെ കണ്ടാണ് മടങ്ങിയത്. പ്രതിഷ്ഠക്ക്​ മുന്നിൽ നമസ്കാര മണ്ഡപത്തോട് ചേർന്നാണ് കണിയൊരുക്കിയത്. താൽക്കാലികമായി തയാറാക്കിയ മനോഹരമായ താമരക്കുളത്തിന് മധ്യത്തിലായി കൃഷ്ണവിഗ്രഹം സ്ഥാപിച്ച് അതിന് ചുറ്റും 51 പറകൾ ക്രമത്തിലൊരുക്കി കമനീയമാക്കിയാണ് കണി തയാറാക്കിയത്​. നൂറുവർഷത്തിന് മുകളിൽ പഴക്കമുള്ള വ്യത്യസ്ത രൂപകൽപനയിലുള്ള അപൂർവങ്ങളായ പറകളും കൗതുകക്കാഴ്ചയായി. തുളസി, ചെത്തി, ബന്തി, അരളി, റോസ്, താമര തുടങ്ങിയ പുഷ്പങ്ങളും നെല്ല്, പച്ചരി, ഉണക്കലരി, പുഴക്കലരി, വെള്ളപ്പയർ, ചെറുപയർ, കടല, പരിപ്പ്, ഉഴുന്ന്, എള്ള് തുടങ്ങിയ ധാന്യങ്ങളും ആപ്പിൾ, മുന്തിരി, ഓറഞ്ച്, മാതളം, ചെറുനാരങ്ങ, നെല്ലിക്ക, മാമ്പഴം, കദളിപ്പഴം, നേന്ത്രപ്പഴം തുടങ്ങിയ ഫലങ്ങളും പച്ചമഞ്ഞൾ, ഇഞ്ചി, ചുക്ക്, ജീരകം, മല്ലി, കുരുമുളക്, അടയ്ക്ക തുടങ്ങിയ സുഗന്ധദ്രവ്യങ്ങളും തക്കാളി, ഉരുളക്കിഴങ്ങ് തുടങ്ങിയ പച്ചക്കറികളും ലഡു, ജിലേബി തുടങ്ങിയ പലഹാരങ്ങളും നാളികേരം, കരിക്ക്, മലർ, അവൽ, കൽക്കണ്ടം, ഭസ്മം, കുങ്കുമം തുടങ്ങിയ പൂജാദ്രവ്യങ്ങളും നാണയത്തുട്ടുകളുമാണ് 51 പറകളിലായി വിശേഷ വിഷുക്കണിക്കായി ഒരുങ്ങിയത്. അഡ്വ. എ.എൻ. സിനോജ്, ജോബി ഒഴക്കനാട്ട് എന്നിവരുടെ നേതൃത്വത്തിൽ മൂന്ന്​ ദിവസമെടുത്താണ്​ ഒരുക്കിയത്​. ചിത്രം- മൂവാറ്റുപുഴ ശ്രീകുമാര ഭജന ദേവസ്വം ക്ഷേത്രം 51 പറകൾ നിറച്ചൊരുക്കിയ വിശേഷ വിഷുക്കണി Em Mvpa 2 SNDP

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.