മൂവാറ്റുപുഴ: എയർ വാൽവ് പൂട്ടിയതിനെ തുടർന്നുണ്ടായ സമ്മർദത്തിൽ ടൗണിലെ പ്രധാന കുടിവെള്ള പൈപ്പുകൾ പൊട്ടി. നൂറുകണക്കിന് കുടുംബങ്ങളുടെ കുടിവെള്ളം മുടങ്ങി. കീച്ചേരിപ്പടിയിലും ചാലിക്കടവ് ജങ്ഷനു സമീപം ഹിറാമസ്ജിദിനു മുന്നിലുമാണ് വാട്ടർ അതോറിറ്റിയുടെ പ്രധാന പൈപ്പ് പൊട്ടി ലക്ഷക്കണക്കിന് ലിറ്റർ വെള്ളം റോഡിൽ ഒഴുകിയത്. എം.സി റോഡിൽ ചാരീസ് ആശുപത്രിക്ക് മുന്നിലും പൈപ്പ് പൊട്ടി. രണ്ട് ദിവസമായിട്ടും കുടിവെള്ള വിതരണം പുനഃസ്ഥാപിക്കാത്തത് ജനങ്ങളെ പ്രതിസന്ധിയിലാക്കി. രാവിലെ സ്ഥലത്തുവന്ന ജീവനക്കാർ നെഹ്റു പാർക്കിനു സമീപത്തെ കുടിവെള്ള വാൽവും പൂട്ടിയതോടെ പകുതി മേഖലകളിൽ അടക്കം വിതരണം മുടങ്ങി. അവധി ദിവസമായതിനാൽ പൈപ്പ് നന്നാക്കാൻ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പൂട്ടിയത്. കൊച്ചി-ധനുഷ്കോടി ദേശീയ പാതയിൽ കീച്ചേരിപ്പടിയിൽ വെള്ളിയാഴ്ച പുലർച്ചയാണ് പൈപ്പ് പൊട്ടിയത്. വൻശബ്ദത്തോടെ പൊട്ടിയതോടെ റോഡും തകർന്നു. ഇതിനു പിന്നാലെയാണ് ഹിറാമസ്ജിദിനു സമീപം പൊട്ടിയത്. ഇതോടെ കാവുംകര മേഖലയിലും മാർക്കറ്റ്, തർബിയത്ത് നഗർ, ആസാദ് റോഡ്, കീച്ചേരിപ്പടി, പെരുമറ്റം, കക്കടാശേരി തുടങ്ങിയ മേഖലകളിലടക്കം കുടിവെള്ള വിതരണം തടസ്സപ്പെട്ടു. പൊട്ടിയ പൈപ്പുകളുടെ അറ്റകുറ്റപ്പണി നടത്താൻ നിൽക്കാതെ നെഹ്റു പാർക്കിലുള്ള വാൽവ് പൂട്ടിയതാണ് ഇത്രയധികം പ്രദേശങ്ങളിലേക്കുള്ള കുടിവെള്ളം നിലക്കാൻ കാരണം. നാട്ടുകാരുടെ പരാതിയെ തുടർന്ന് മൂന്നു ദിവസം മുമ്പാണ് ഇ.ഇ.സി മാർക്കറ്റിനു സമീപം സ്ഥിതി ചെയ്യുന്ന എയർ വാൽവ് പൂട്ടിയത്. വർഷങ്ങളായി വാൽവ് ചോരുകയായിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി നാട്ടുകാർ തിരുവനന്തപുരത്തെ വാട്ടർ അതോറിറ്റിയുടെ മെയിൻ ഓഫിസിലേക്കാണ് പരാതി അയച്ചത്. തുടർന്നാണ് എയർവാൽവ് പൂട്ടിയത്. ഇതിന്റ അറ്റകുറ്റപ്പണി ചെയ്ത് പ്രശ്നം പരിഹരിക്കുന്നതിനു പകരം പൂട്ടിയതാണ് പൈപ്പ് പൊട്ടാൻ കാരണം. എയർവാൽവ് പൂട്ടിയതോടെ പ്രഷർ താങ്ങാനാകാതെയാണ് പൈപ്പുകൾ അടുത്തടുത്ത് പൊട്ടിയത്. ഇതിനു പുറമെ ചാരിസ് ആശുപത്രിക്ക് സമീപം കഴിഞ്ഞ ദിവസംപൈപ്പ് പൊട്ടിയതിനെ തുടർന്ന് വാഴപ്പിള്ളി, പേഴയ്ക്കാപ്പിള്ളി, തൃക്കളത്തൂർ മേഖലകളിൽ അടക്കം ശുദ്ധജലവിതരണം മുടങ്ങി. 50 വർഷം പഴക്കമുള്ള പൈപ്പുകളാണ് മൂവാറ്റുപുഴയുടെ വിവിധ ഭാഗങ്ങളിൽ ഉള്ളത്. ഇതിനു പ്രഷർ താങ്ങാനുള്ള ശേഷിയില്ല. പൈപ്പ് മാറ്റാൻ കഴിഞ്ഞ ദിവസം ഫണ്ട് അനുവദിച്ചിട്ടുണ്ട്. ചിത്രം. കീച്ചേരിപ്പടിയിൽ വാട്ടർ അതോറിറ്റി പൈപ്പ് പൊട്ടിയ നിലയിൽ Em Mvpa 1 Paipe
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.