ബി.ജെ.പിയിൽ ഇടഞ്ഞുനിൽക്കുന്നവർ ആം ആദ്മിയിലേക്ക്

നെടുമ്പാശ്ശേരി: ജില്ലയിൽ ബി.ജെ.പി ഔദ്യോഗിക നേതൃത്വവുമായി ഇടഞ്ഞുനിൽക്കുന്ന ഒരുവിഭാഗം ആം ആദ്മിയിലേക്ക്. കഴിഞ്ഞ തദ്ദേശ-നിയമസഭ തെരഞ്ഞെടുപ്പ് വേളകളിലായി ഇടഞ്ഞുനിൽക്കുന്നവരാണ്​ ആം ആദ്മിയിലേക്ക് ചേക്കേറുന്നത്. ഇവരിൽ ചിലർ ആം ആദ്മിയിൽ അംഗത്വത്തിനായി മിസ്ഡ് കോളിൽ ബന്ധപ്പെട്ടു. ആർ.എസ്.എസ് നേതൃത്വം നിർദേശിച്ചിട്ടും ജില്ലയിലെ വിമതരുമായി ചർച്ച നടത്തി പ്രശ്നപരിഹാരത്തിന് നേതൃത്വം തയാറായില്ല. കെ. സുരേന്ദ്രന്റെ സാന്നിധ്യത്തിൽ ചർച്ച വേണമെന്ന നിലപാടിൽ ഒരുവിഭാഗം ഉറച്ചുനിന്നെങ്കിലും സംസ്ഥാന ​പ്രസിഡന്‍റ്​ തയാറായില്ല. ഇതാണ് വിമതരെ പ്രകോപിപ്പിച്ചത്. പാർട്ടിയുടെ നെടുമ്പാശ്ശേരി, കീഴ്മാട് ഘടകങ്ങൾക്ക് പുറമേ ആലുവ നഗര ഘടകത്തിലും പ്രശ്നമുണ്ട്. നഗരസഭയിൽ ആദ്യമായി ബി.ജെ.പിക്ക് നാലംഗങ്ങളെ വിജയിപ്പിച്ചെടുക്കാനായെങ്കിലും ഒരംഗം ഇടഞ്ഞുനിൽക്കുകയാണ്. കൂറുമാറ്റ പ്രശ്നം ബാധിക്കുമെന്നതുകൊണ്ട് മാത്രം പാർട്ടി വിടുന്നില്ലെന്നേയുള്ളൂ. സോഷ്യൽ മീഡിയയിലൂടെ പാർട്ടി നിലപാടുകൾക്കെതിരെ പരസ്യമായി പ്രതികരിക്കുന്നുണ്ട്. കേരളത്തിൽ ആം ആദ്മിയെ ശക്തിപ്പെടുത്താൻ എൻ. രാജക്ക് പുറമേ അജയ് രാജിനെക്കൂടി നിയോഗിച്ചിട്ടുണ്ട്. ഇവർ കേരളത്തിലെത്തുമ്പോൾ പാർട്ടിയിൽ ചേരുന്നത്‌ സംബന്ധിച്ച് ചർച്ച നടത്താനാണ് തീരുമാനം. ഇടഞ്ഞുനിൽക്കുന്ന നേതാക്കൾ യോഗം ചേർന്ന് കൂട്ടമായി ആംആദ്മിയിലേക്ക് ചേക്കേറാനാണ് നീക്കം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.