കൂടുതൽ വിദ്യാർഥികളിലേക്ക് റോഷ്നിയുടെ വെളിച്ചമെത്തും

കൊച്ചി: അന്തർസംസ്ഥാന തൊഴിലാളികളുടെ കുട്ടികൾക്ക് സ്കൂൾ വിദ്യാഭ്യാസം ഉറപ്പുവരുത്താൻ ജില്ല ഭരണകൂടം നടപ്പാക്കുന്ന റോഷ്നി പദ്ധതി വിപുലമാക്കുന്നു. പദ്ധതിയുടെ പ്രയോജനം കൂടുതൽ കുട്ടികളിലേക്ക് എത്തിക്കും. അടുത്ത അധ്യയനവർഷം മുതൽ റോഷ്നി പദ്ധതി കൂടുതൽ മികവോടെ നടപ്പാക്കാനും പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ കെ. ജീവൻ ബാബുവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനിച്ചു. കുട്ടികളുടെ വിദ്യാഭ്യാസം മെച്ചപ്പെടുത്താൻ നിലവിൽ വിദ്യാലയങ്ങൾ നടപ്പാക്കുന്ന പദ്ധതികൾ റോഷ്നി പഠിതാക്കളിലും നടപ്പാക്കും. ജില്ലയിൽ 2000 കുട്ടികളെയെങ്കിലും പദ്ധതിയുടെ ഭാഗമാക്കണമെന്ന് കെ. ജീവൻ ബാബു നിർദേശിച്ചു. കുട്ടികൾക്കുള്ള പ്രഭാതഭക്ഷണം വിദ്യാലയങ്ങളിൽതന്നെ നൽകും. ബ്ലോക്ക് റിസോഴ്സ് സെന്ററുകളുടെ സേവനങ്ങൾ റോഷ്നി പഠിതാക്കൾക്കുകൂടി പ്രയോജനപ്പെടുത്തും. കുട്ടികൾക്ക് പഠനാരംഭത്തിനുമുമ്പ്​ സ്കൂളുമായി പൊരുത്തപ്പെടുന്നതിനുള്ള ബോധവത്കരണ പരിപാടികളും നടപ്പാക്കും. ഭാരത് പെട്രോളിയം കോർപറേഷന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. യോഗത്തിൽ ജില്ല കലക്ടർ ജാഫർ മാലിക്, നോഡൽ ഓഫിസറായ ജില്ല വിദ്യാഭ്യാസ ഉപഡയറക്ടർ ഹണി ജെ. അലക്സാണ്ടർ, ജനറൽ കോഓഡിനേറ്റർ സി.കെ. പ്രകാശ് തുടങ്ങിയവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.