മോട്ടി, വെള്ളാരംപാറക്കുഴി കോളനികളുടെ ശോച്യാവസ്ഥക്ക് പരിഹാരമാകുന്നു

പെരുമ്പാവൂര്‍: വെങ്ങോല മോട്ടി കോളനി, പ്ലാവിന്‍ചുവട് വെള്ളാരംപാറക്കുഴി കോളനികളുടെ ശോച്യാവസ്ഥക്ക് പരിഹാരമാകുന്നു. ഇരു കോളനികളിലെയും താമസക്കാരുടെ അടിസ്ഥാനസൗകര്യ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കലക്ടര്‍ ജാഫര്‍ മാലിക് ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് നിർദേശം നല്‍കി. വ്യാഴാഴ്ച രണ്ട് കോളനികളിലും സന്ദര്‍ശനം നടത്തിയ കലക്ടര്‍ കോളനി നിവാസികളില്‍നിന്നും ജനപ്രതിനിധികളില്‍ നിന്നും പരാതികള്‍ സ്വീകരിച്ചു. മോട്ടി കോളനിയിൽ 52 കുടുംബങ്ങളാണ് താമസിക്കുന്നത്. ചെറിയ മഴ പെയ്താല്‍ പോലും വെള്ളക്കെട്ട് രൂക്ഷമാകും. വെള്ളക്കെട്ട് ഒഴിവാക്കാനുള്ള നടപടികള്‍ പൂര്‍ത്തിയാക്കാന്‍ പഞ്ചായത്ത് സെക്രട്ടറിക്ക് കലക്ടര്‍ നിർദേശം നല്‍കി. ഇതിന് ആവശ്യമായ എസ്റ്റിമേറ്റ് തയാറാക്കിയശേഷം പഞ്ചായത്ത് ഫണ്ടില്‍നിന്ന് തുക വകയിരുത്താനും കൂടുതല്‍ പണം ആവശ്യമെങ്കില്‍ അക്കാര്യം കലക്ടര്‍ ഇടപെട്ട് പരിഹരിക്കുമെന്നും ഉറപ്പു നല്‍കി. വെള്ളാരംപാറക്കുഴി കോളനിയിലെ എസ്.സി വിഭാഗത്തില്‍പെടുന്ന 22 കുടുംബങ്ങള്‍ പട്ടയം ലഭിക്കാത്തതിനെ തുടര്‍ന്ന് ബുദ്ധിമുട്ടിലായിരുന്നു. ഇവര്‍ക്ക് പട്ടയം അനുവദിക്കുന്ന കാര്യം പരിശോധിക്കാന്‍ കുന്നത്തുനാട് തഹസില്‍ദാര്‍ വിനോദ് രാജിന് നി​ർദേശം നല്‍കി. ജലദൗര്‍ലഭ്യം നേരിടുന്ന കോളനിയില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് സ്ഥാപിച്ചിരുന്ന കുടിവെള്ള ടാങ്ക് ഇനിയും കമീഷന്‍ ചെയ്തിട്ടില്ല. ഇത് പൂര്‍ത്തിയാക്കി എത്രയും വേഗം കുടിവെള്ള പ്രശ്‌നം പരിഹരിക്കാന്‍ ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫിസര്‍ക്കും നിർദേശം നല്‍കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.