വ്യവസായ പാർക്ക്: പ്രാഥമിക നിര്‍മാണാനുമതി റദ്ദാക്കി നെല്ലിക്കുഴി പഞ്ചായത്ത്

കോതമംഗലം: നെല്ലിക്കുഴി പഞ്ചായത്തിലെ മേതല ഒന്നാം വാര്‍ഡില്‍ സ്വകാര്യ ട്രസ്റ്റിന് കീഴിലെ ഏക്കറുകണക്കിന് ഭൂമിയിലെ വ്യവസായ പാർക്കി‍ൻെറ പ്രാഥമിക നിര്‍മാണാനുമതി പഞ്ചായത്ത് റദ്ദാക്കി. വ്യവസായ പാർക്ക് ആരംഭിക്കാനുള്ള നീക്കം വിവാദമായ സാഹചര്യത്തിൽ നിയോഗിച്ച പഞ്ചായത്ത് സബ് കമ്മിറ്റി പ്രാഥമിക നടപടിക്ക്​ നൽകിയ അനുമതി റദ്ദാക്കണമെന്ന് ശിപാർശ ചെയ്തിരുന്നു. ഗുരുതര പാരിസ്ഥിതിക പ്രശ്നങ്ങള്‍ ഉയര്‍ന്നുവരാവുന്ന രീതിയിലെ നിര്‍മാണപ്രവൃത്തിയാണ്​ സ്വകാര്യ ട്രസ്റ്റി‍ൻെറ ഏക്കറുകണക്കിന് ഭൂമിയില്‍ നടക്കുന്നതെന്നാണ് ഉപസമിതിയുടെ കണ്ടെത്തൽ. ട്രസ്റ്റി‍ൻെറ 34 ഏക്കർ സ്ഥലത്തിനോട് ചേർന്നുള്ള സർക്കാർ പാട്ടമായ ആറ് ഏക്കറോളം റവന്യൂ ഭൂമി ലൈഫ് പദ്ധതിക്ക്​ കണ്ടെത്തിയിരുന്നു. വ്യവസായ പാർക്ക് ആരംഭിച്ചാൽ ഇതിലേക്കുള്ള പ്രവേശനം തടസ്സപ്പെടുമെന്ന് ചൂണ്ടിക്കാണിച്ച് പ്രതിപക്ഷം രംഗത്തുവന്നതോടെയാണ് നിർമാണാനുമതി സംബന്ധിച്ച വിവാദം ഉടലെടുത്തതും പ്രശ്നം പഠിക്കാൻ സബ് കമ്മിറ്റിയെ നിയോഗിച്ചതും. വെള്ളിയാഴ്ച ചേർന്ന അടിയന്തര പഞ്ചായത്ത് കമ്മിറ്റിയാണ്​ അനുമതി റദ്ദുചെയ്യാന്‍ തീരുമാനിച്ചത്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.