ഹോസ്റ്റൽ നിയന്ത്രണം: വിദ്യാർഥികൾ പ്രതിഷേധം പിൻവലിച്ചു

കളമശ്ശേരി: കുസാറ്റ് വനിത ഹോസ്റ്റലുകളിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തണമെന്നാവശ്യപ്പെട്ട് എസ്.എഫ്.ഐ നേതൃത്വത്തിൽ നടത്തിവന്ന പ്രതിഷേധം പിൻവലിച്ചു. രണ്ട് ദിവസം അഡ്മിനിസ്ട്രേഷൻ ഓഫിസിന് മുന്നിൽ രാത്രി നടത്തിവന്ന പ്രതിഷേധമാണ് ചർച്ചകൾക്കൊടുവിൽ പിൻവലിച്ചത്. പകരം സംവിധാനം ഏർപ്പെടുത്തുന്നതുവരെ രാത്രി 11 വരെ ഭക്ഷണം വരുത്തി കഴിക്കാം, മുറികളിൽ ഹാജർ പരിശോധന ഒഴിവാക്കി, രജിസ്റ്ററിൽ ഹാജർ രേഖപ്പെടുത്തുന്ന സംവിധാനം ഏർപ്പെടുത്തും, ഹോസ്റ്റലുകളിൽനിന്ന്​ ലൈബ്രറിയിൽ പോകേണ്ടവർക്ക് ലേറ്റ് എൻട്രി പാസ് നൽകും, അളകനന്ദ ഹോസ്റ്റലിൽനിന്ന്​ ലൈബ്രറിയിൽ പ്രവേശിക്കുന്നതിന്​ വഴി തുറന്നുകൊടുക്കാം എന്നീ ധാരണകളാണ് ഉണ്ടാക്കിയിരിക്കുന്നത്. വൈസ് ചാന്‍സലര്‍ ഡോ. കെ.എന്‍. മധുസൂദനന്‍റെ സാന്നിധ്യത്തിൽ നടത്തിയ ചർച്ചയിലാണ് ധാരണ. പ്രോ-വൈസ് ചാന്‍സലര്‍ ഡോ. പി.ജി. ശങ്കരന്‍, രജിസ്ട്രാര്‍ ഡോ. മീര, ചീഫ് വാർഡൻ ഡോ. അജിത് മോഹൻ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു. അതേസമയം, അടുത്തിടെ കുസാറ്റ് ഹോസ്റ്റലിന് സമീപത്തുനിന്ന്​ മാരക ലഹരി മരുന്നുകളുമായി പിടിയിലായ വിദ്യാർഥിയുടെ കാൾ ലിസ്റ്റിൽ 10 ശതമാനം ഹോസ്റ്റലിൽ താമസിക്കുന്ന വിദ്യാർഥികളുടേതെന്നാണ് എക്സൈസ് സർവകലാശാലയെ അറിയിച്ചിട്ടുള്ളത്. ഇതിന്‍റെ ഭാഗമായി ഹോസ്റ്റലുകളിൽ നിയന്ത്രണവും ബോധവത്​കരണവും രക്ഷിതാക്കളുടെ യോഗവും നടത്തണമെന്നും എക്സൈസ് അധികൃതർ നിർദേശിച്ചിരുന്നു. അതിനാലാണ് ഹോസ്റ്റലുകളിൽ നിയന്ത്രണം ഏർപ്പെടുത്തിയതെന്നാണ് സർവകലാശാല അധികൃതർ പറഞ്ഞിരുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.