വാഗ്​ദാന ലംഘനത്തിനും ബജറ്റ് അവഗണനക്കുമെതിരെ യു.ഡി.എഫ് സത്യഗ്രഹം

കോതമംഗലം: നിയോജക മണ്ഡലത്തിലെ സ്വപ്ന പദ്ധതികളായ രാജ്യാന്തര സ്റ്റേഡിയവും തങ്കളം-കാക്കനാട് ബൈപാസും എം.എൽ.എ അവഗണിച്ചതിൽ പ്രത്യക്ഷ സമരവുമായി യു.ഡി.എഫ് രംഗത്ത്. കായിക കേരളത്തിന്‍റെ സിരാകേന്ദ്രം എന്ന നിലയിൽ യു.ഡി.എഫ് സർക്കാറാണ് അന്താരാഷ്ട്ര നിലവാരമുള്ള സ്റ്റേഡിയം വിഭാവനം ചെയ്തത്. 15.83 കോടി രൂപ ഇതിന്​ അനുവദിക്കുകയും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയും ചെയ്തു. പിന്നീട് വന്ന എല്‍.ഡി.എഫ് സര്‍ക്കാര്‍ പദ്ധതിയോട് നീതി പുലര്‍ത്തിയില്ല. എന്നാല്‍, കഴിഞ്ഞ വര്‍ഷം നിയമസഭ തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് സ്റ്റേഡിയം പദ്ധതി പൊടി തട്ടിയെടുത്തു. 2021 ഫെബ്രുവരി 24ന് കായിക മന്ത്രി ഇ.പി. ജയരാജന്‍ ഒരിക്കല്‍ക്കൂടി നിര്‍മാണോദ്ഘാടനം നടത്തി. പിന്നീട് ഇന്നുവരെ ആ വഴിക്ക് ആരും തിരിഞ്ഞുനോക്കിയിട്ടില്ല. 2001ല്‍ യു.ഡി.എഫ് സര്‍ക്കാറാണ് കോതമംഗലം, മൂവാറ്റുപുഴ, കുന്നത്തുനാട്, തൃക്കാക്കര നിയോജക മണ്ഡലത്തെ ബന്ധപ്പെടുത്തി തങ്കളം-കാക്കനാട് നാലുവരിപ്പാത വിഭാവനം ചെയ്തത്. 2011ല്‍ സ്ഥലം എടുക്കാന്‍ എട്ടുകോടി രൂപയും അഞ്ചുകോടി രൂപ റോഡ് നിര്‍മാണത്തിനുമായി അനുവദിച്ചു. തങ്കളത്തുനിന്ന് കേവലം ഒരു കിലോമീറ്റര്‍ റോഡ് നിര്‍മിച്ചു എന്നല്ലാതെ റോഡ് പൂര്‍ത്തിയാക്കാന്‍ ഒരു തുടര്‍ നടപടിയും ഉണ്ടായില്ല. രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരമേറ്റപ്പോള്‍ തങ്കളം-കാക്കനാട് പാത ഉടന്‍ പൂര്‍ത്തിയാക്കുമെന്ന പ്രഖ്യാപനം ആവര്‍ത്തിച്ചിരുന്നു. എന്നാല്‍, ഭൂമി ഏറ്റെടുക്കാനോ കുടിയൊഴിപ്പിക്കപ്പെടുന്നവര്‍ക്ക് തൃപ്തികരമായ പുനരധിവാസ പാക്കേജ് തയാറാക്കാനോ ഇതുവരെ കഴിഞ്ഞിട്ടില്ല. 20 പദ്ധതിക്കായി 220 കോടി രൂപ ബജറ്റിൽ വകയിരുത്തിയതായ ആന്‍റണി ജോൺ എം.എൽ.എയുടെ അവകാശവാദം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ വേണ്ടിയാണെന്ന്​ യു.ഡി.എഫ്​ ആരോപിച്ചു. എം.എൽ.എയുടെ ജനവഞ്ചനക്കും ബജറ്റ് അവഗണനക്കുമെതിരെ യു.ഡി.എഫ് ശനിയാഴ്‌ച രാവിലെ 10 മുതൽ ഒരു മണി വരെ മുനിസിപ്പൽ ബസ്​സ്റ്റാൻഡിൽ സത്യഗ്രഹം നടത്തും. രാവിലെ 10ന് അഡ്വ.ഡീൻ കുര്യാക്കോസ് എം.പി ഉദ്ഘാടനം ചെയ്യുമെന്ന്​ മുൻ മന്ത്രി ടി.യു. കുരുവിള, പി.പി. ഉതുപ്പാൻ, ഷിബു തെക്കുംപുറം, കെ.പി. ബാബു, മാത്യു ജോസഫ് എന്നിവർ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.