റേഷൻ ധാന്യം പിടികൂടിയ സംഭവം: മൂന്നുപേർ റിമാൻഡിൽ

മട്ടാഞ്ചേരി: കരിഞ്ചന്തയിൽ മറിച്ചുവിൽക്കാൻ ശ്രമിച്ച റേഷൻ ധാന്യങ്ങൾ പൊലീസ് പിടികൂടിയ സംഭവത്തിൽ മൂന്നുപേർ റിമാൻഡിലായി. എ.ആർ.ഡി 44 നമ്പർ റേഷൻ കടയിലെ സെയിൽസ് മാൻ ഫോർട്ട്​കൊച്ചി തുരുത്തി സ്വദേശി സുനിൽബാബു(46), ഇയാളുടെ സഹായികളായ കൽവത്തി പാതിയാശ്ശേരി വീട്ടിൽ ഷുഹൈബ്(30) , ചിരട്ടപ്പാലം കളത്തിപറമ്പിൽ വീട്ടിൽ രാകേഷ്(21) എന്നിവരാണ് റിമാൻഡിലായത്. ചുള്ളിക്കലിലെ സംഭരണകേന്ദ്രത്തിൽനിന്ന് വാഹനത്തിൽ കയറ്റി കൊണ്ടുപോകാനുള്ള ശ്രമത്തിനിടെയാണ് റേഷൻ ധാന്യങ്ങൾ പൊലീസ് പിടികൂടിയത്. മിനിലോറിയിൽനിന്നും അതോടൊപ്പം സംഭരണകേന്ദ്രത്തിൽനിന്നുമായി 74 ചാക്ക് കുത്തരി, 11 ചാക്ക് ഗോതമ്പ്, 19 ചാക്ക് പുഴുക്കലരി എന്നിവയാണ് പൊലീസ് പിടിച്ചെടുത്തത്. ചാക്കിലേക്ക് റേഷൻ ധാന്യങ്ങൾ പകർത്താനുള്ള യന്ത്രവും പൊലീസ് പിടിച്ചെടുത്തു. കൽവത്തിയിൽ എ.ആർ.ഡി 44 റേഷൻ കടയുടെ സെയിൽസ്മാനാണ് സംഭരണകേന്ദ്രം നടത്തുന്നതെന്നതിനാൽ ഈ റേഷൻ കടയിലും റേഷനിങ് അധികൃതരും പൊലീസും പരിശോധന നടത്തി അധിക സ്റ്റോക്കുണ്ടെന്ന് കണ്ടെത്തി. 2928 കിലോ കുത്തരി, 496 കിലോ ഗോതമ്പ്, 904 കിലോ പുഴുക്കലരി എന്നിവയാണ് ഇവിടെ അധികമുണ്ടായതായി കണ്ടെത്തിയത്. തുടർന്ന് ഈ കടയുടെ ലൈസൻസ് താൽക്കാലികമായി ഭക്ഷ്യവകുപ്പ് സസ്​പെൻഡ്​ ചെയ്തു. കെ.എം. ഉസ്മാൻ എന്നയാളുടെ പേരിലാണ് ലൈസൻസെങ്കിലും സെയിൽസ്മാനായ സുനിൽ ബാബുവാണ് ഇത് നടത്തുന്നത്. ഇയാൾ മറ്റ് ചില ലൈസൻസികളുടെ കടകൂടി നടത്തുന്നുണ്ടെന്നും അധികൃതർക്ക് വിവരം ലഭിച്ചിട്ടുണ്ട്. സിവിൽ സപ്ലൈസ് കമീഷണറുടെ നിർദേശപ്രകാരം ജില്ല സ​പ്ലൈ ഓഫിസറുടെ നേതൃത്വത്തിൽ അഞ്ച് സ്ക്വാഡിലായി തിരിഞ്ഞ് കൊച്ചി സിറ്റി റേഷനിങ് ഓഫിസ് പരിധിയിലെ റേഷൻ കടകളിൽ ചൊവ്വാഴ്ച പരിശോധന നടത്തി. പെരുമ്പാവൂർ, പറവൂർ, കണയന്നൂർ താലൂക്ക് സപ്ലൈ ഓഫിസർമാരുടെയും എറണാകുളം സിറ്റി റേഷനിങ് ഓഫിസറുടെയും നേതൃത്വത്തിലായിരുന്നു മറ്റ് സ്ക്വാഡുകളുടെ പരിശോധന നടന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.