കെ-റെയിലിനെതിരെ യൂത്ത് ലീഗ് നടത്തിയ കലക്ടറേറ്റ് മാര്‍ച്ചിൽ സംഘർഷം

കാക്കനാട്: കെ-റെയില്‍ പദ്ധതിക്കെതിരെ യൂത്ത് ലീഗ് ജില്ല കമ്മിറ്റി സംഘടിപ്പിച്ച കലക്ടറേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം. പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ശനിയാഴ്ച കാക്കനാട് ഓലിമുകൾ ജങ്​ഷനിൽനിന്നായിരുന്നു മാർച്ച് തുടങ്ങിയത്. പ്രകടനവുമായി എത്തിയ പ്രവര്‍ത്തകരെ സിവില്‍ സ്റ്റേഷന് സമീപം പൊലീസ് ബാരിക്കേഡ് വെച്ച്​ തടയുകയായിരുന്നു. ഇതോടെ റോഡിൽ കുത്തിയിരുന്ന പ്രവർത്തകർ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചു. പിന്നീട് നേതാക്കൾ ചേർന്ന് പ്രവര്‍ത്തകരെ അനുനയിപ്പിച്ച ശേഷമായിരുന്നു ഉദ്ഘാടനം നടത്തിയത്. യൂത്ത് ലീഗ് സംസ്ഥാന ട്രഷറർ പി. ഇസ്മായിൽ വയനാട് ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്‍റ്​ കെ.എ. സലിം അധ്യക്ഷത വഹിച്ചു. ഉദ്ഘാടനത്തിനുശേഷം പ്രകടനക്കാര്‍ പൊലീസിന് നേരെ മുദ്രാവാക്യം മുഴക്കി തിരിയുകയും ബാരിക്കേഡ് മറിച്ചിടാൻ ശ്രമിക്കുകയും ചെയ്തു. ഇതോടെ പൊലീസ് ജലപീരങ്കി ഉപയോഗിക്കുകയായിരുന്നു. തുടർന്ന് റോഡിൽ കുത്തിയിരുന്ന്​ പ്രതിഷേധിച്ച പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കുകയും മാര്‍ഗതടസ്സം സൃഷ്ടിച്ചതിന്​ യൂത്ത് ലീഗ് ജില്ല നേതാക്കള്‍ ഉള്‍പ്പെടെ നിരവധി പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുക്കുകയും ചെയ്തു. ജില്ല ജനറൽ സെക്രട്ടറി കെ.പി. ജലീൽ, മുസ്​ലിം ലീഗ് ജില്ല പ്രസിഡന്‍റ്​ കെ.എം. അബ്ദുൽ മജീദ്, ജനറൽ സെക്രട്ടറി പറക്കാട്ട് ഹംസ, വൈസ് പ്രസിഡന്‍റുമാരായ പി.കെ. ജലീൽ, പി.കെ. മൊയ്തു, കെ.എച്ച്. മുഹമ്മദ്കുഞ്ഞ്, സെക്രട്ടറി പി.എ. അഹമ്മദ് കബീർ, ഷിബു മീരാൻ, സുബൈർ കാരുവള്ളി തുടങ്ങിയവർ സംസാരിച്ചു. ഫോട്ടോ: കെ-റെയിൽ പദ്ധതിക്കെതിരെ യൂത്ത്​ ലീഗ് ജില്ല കമ്മിറ്റി നടത്തിയ കലക്ടറേറ്റ് മാര്‍ച്ചിൽ പൊലീസ് ജലപീരങ്കി പ്രയോഗിച്ചപ്പോൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.