ലൈഫ് പദ്ധതി സ്ഥലം ഏറ്റെടുക്കൽ വിവാദം; പ്രത്യേക യോഗം വിളിക്കാമെന്ന്​ പ്രസിഡന്‍റ്​

കോതമംഗലം: നെല്ലിക്കുഴി പഞ്ചായത്തിൽ ലൈഫ് പദ്ധതി സ്ഥലം ഏറ്റെടുക്കൽ വിവാദത്തിൽ പഞ്ചായത്ത് കമ്മിറ്റിയിൽ പ്രസിഡന്‍റ്​ ഒറ്റപ്പെട്ടു. ഇരമല്ലൂർ വില്ലേജിൽ ഉൾപ്പെടുന്ന മേതല പാഴൂർമോളം കോട്ടച്ചിറ പ്രദേശത്ത് ലൈഫ് ഭവന പദ്ധതിക്കായി കണ്ടെത്തിയ 5.90 ഏക്കർ ഏറ്റെടുത്ത് ഭൂരഹിത ഭവനരഹിതർക്ക് വിതരണം ചെയ്യാൻ കണ്ടെത്തിയിരുന്നു. എന്നാൽ, ഇതിനോട് ചേർന്ന 34 ഏക്കറോളം വരുന്ന സ്ഥലത്ത് വ്യവസായ യൂനിറ്റുകൾ ആരംഭിക്കുന്നതിനുള്ള പ്രാരംഭ നടപടികൾ ആരംഭിച്ചതോടെയാണ്​ വിവാദം ഉടലെടുത്തത്. വ്യാഴാഴ്ച ചേർന്ന പഞ്ചായത്ത് സമിതിയിൽ പഞ്ചായത്ത് പ്രസിഡന്‍റും സെക്രട്ടറിയും ഒത്തുകളിച്ച് ലക്ഷങ്ങൾ കോഴ വാങ്ങി നിർമാണ പ്രവർത്തനങ്ങൾക്ക് പെർമിറ്റ് നൽകിയിരിക്കുന്നതെന്നാരോപിച്ച് പ്രതിപക്ഷം യോഗം ബഹിഷ്​കരിച്ചിരുന്നു. ലൈഫ് ഭവന പദ്ധതിക്കായി കണ്ടെത്തിയ സ്ഥലത്തേക്ക് പ്രവേശിക്കുന്നതിന് വഴി പോലും കണ്ടെത്താതെ ഭൂമാഫിയകളെ സഹായിക്കുന്ന നിലപാടാണ് ഭരണസമിതി നടത്തിയതെന്നും ഭൂരഹിതരെ വഞ്ചിക്കുന്ന നിലപാടാണ് എൽ.ഡി.എഫ് സ്വീകരിച്ചിരിക്കുന്നതെന്നും പ്രതിപക്ഷം ആരോപിച്ചു. പഞ്ചായത്ത് കമ്മിറ്റി ബഹിഷ്​കരിച്ച് ഇറങ്ങിപ്പോയി. തുടർന്ന് നടന്ന ചർച്ചയിലാണ് ഭരണപക്ഷ അംഗങ്ങളും പ്രസിഡന്‍റി‍ൻെറയും സെക്രട്ടറിയുടെയും നടപടികളെ വിമർശിച്ച് രംഗത്ത് എത്തിയത്. വിമർശനം കടുത്തതോടെ വിഷയം ചർച്ച ചെയ്യുന്നതിന് പ്രത്യേക പഞ്ചായത്ത് കമ്മിറ്റി വിളിക്കാമെന്ന് പ്രസിഡന്‍റ്​ യോഗത്തിന് ഉറപ്പ് നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.