കൊച്ചി: തുടർച്ചയായി അഞ്ചുവർഷം വൈദ്യുതി നിരക്ക് വർധിപ്പിക്കാനുള്ള കെ.എസ്.ഇ.ബി നീക്കം വ്യവസായങ്ങളെ തകർക്കുമെന്ന് ട്രേഡ് യൂനിയനുകൾ. 2022 മുതൽ 2027വരെ അഞ്ചുവർഷം നിരക്ക് വർധിപ്പിക്കുന്നതിന് മുന്നോടിയായി പൊതുജനാഭിപ്രായം തേടാൻ റഗുലേറ്ററി കമീഷൻ എറണാകുളം, കോഴിക്കോട്, തിരുവനന്തപുരം എന്നിവിടങ്ങളിൽ ഹിയറിങ് വെച്ചിട്ടുണ്ട്. കെ.എസ്.ഇ.ബിയുടെ ഭീമമായ പ്രവർത്തന നഷ്ടം വൻ നിരക്ക് വർധനയിലൂടെ ഉപഭോക്താക്കളിൽനിന്ന് ഈടാക്കാനുള്ള നീക്കം അംഗീകരിക്കപ്പെട്ടാൽ വ്യവസായ വികസനത്തിന് സർക്കാർ നടത്തുന്ന ശ്രമങ്ങൾക്ക് തിരിച്ചടിയാകുമെന്ന് ഇൻഡസ്ട്രിയൽ സ്റ്റാൻഡിങ് കൗൺസിൽ ഓഫ് ട്രേഡ് യൂനിയൻസ് ജനറൽ കൺവീനർ കെ.എൻ. ഗോപിനാഥ് പറഞ്ഞു. നിലവിലെ വൻകിട വ്യവസായങ്ങൾക്കെല്ലാം പ്രവർത്തിക്കാൻ കഴിയാത്ത സ്ഥിതിയാണ് ഉണ്ടാകുക. ടി.സി.സി, ടി.ടി.പി, കെ.എം.എം.എൽ, എഫ്.എ.സി.ടി, അപ്പോളോ ടയേഴ്സ്, എം.ആർ.എഫ്, സി.എം.ആർ.എൽ, നിറ്റ ജലാറ്റിൻ, ടെക്സ്റ്റൈൽ വ്യവസായങ്ങൾ തുടങ്ങിയവയുടെ ഉൽപാദനച്ചെലവ് 40-68 ശതമാനം വരെ ഉയരും. വ്യവസായ ശാലകൾ അടച്ചിടേണ്ടി വരുന്നത് തൊഴിലാളികൾക്ക് പ്രതികൂലമാകും. 2021ൽ റെഗുലേറ്ററി കമീഷൻ അംഗീകരിച്ച 27,234 ദശലക്ഷം യൂനിറ്റിനുള്ള ഉൽപാദനച്ചെലവ് 16,487.91 കോടിയായിരിക്കെ 2027ൽ 29,588 ദശലക്ഷം യൂനിറ്റിന് 24,310.24 കോടിയാകുമെന്ന ബോർഡിന്‍റെ കണക്കുകൾ വസ്തുതകൾക്ക് നിരക്കുന്നതല്ല. വൻകിട ഉപഭോക്താക്കളെ പിടിച്ചുനിർത്താൻ താരിഫ് ക്രമീകരണം നടപ്പാക്കുന്നതിന് പകരം വ്യവസായങ്ങളെ കേരളത്തിൽനിന്ന് ഓടിക്കാൻ ഇടവരുത്തുന്ന നീക്കത്തിന് കമീഷൻ അനുവാദം നൽകരുതെന്ന് ഗോപിനാഥ് ആവശ്യപ്പെട്ടു. നിർദേശം പ്രാവർത്തികമായാൽ അപ്പോളോയുടെ കളമശ്ശേരി, പേരാമ്പ്ര എന്നീ ഫാക്ടറികൾക്ക് മാത്രമായി പ്രതിവർഷം ഒമ്പതുകോടിയുടെ ചാർജ് വർധനയാണ് ഉണ്ടാകുക. സി.ഐ.ഐ ഗാർഡിയൻ കമ്പനിക്ക് ഒരു കോടി, കൊച്ചി കപ്പൽശാലക്ക് നാലുകോടി, കാർബോറാണ്ടം യൂനിവേഴ്സലിന് 14 കോടി, എഫ്.എ.സി.ടിക്ക് 16 കോടി, ജി.ടി.എന്നിന് മൂന്നുകോടി, ഹിൻഡാൽകോക്ക് ആറുകോടി, പ്രത്യേക സാമ്പത്തിക മേഖലയിലെ വ്യവസായങ്ങൾക്ക് എട്ടുകോടി, ടെക്നോ പാർക്കിന് അഞ്ചുകോടി എന്നിങ്ങനെയും ചാർജ് വർധിക്കും. 66 കെ.വി, 110 കെ.വി, 220 കെ.വി എന്നിവക്ക് ഒരേ നിരക്ക് ഈടാക്കാനുള്ള നിർദേശവും വ്യവസായ വികസനത്തിന് തിരിച്ചടിയാകും. ചാർജ് വർധനവുമായി മുന്നോട്ടുപോയാൽ റെഗുലേറ്ററി കമീഷന്‍റെ ആസ്ഥാനത്തേക്ക് മാർച്ച് നടത്താൻ യോഗം തീരുമാനിച്ചു. വി.പി. ജോർജ് (ഐ.എൻ.ടി.യു.സി), അഡ്വ. മുജീബ് റഹ്മാൻ, എം.എം. ജബ്ബാർ (സി.ഐ.ടി.യു), പി.കെ. സത്യൻ (ബി.എം.എസ്), സജി പൗലോസ് (എ.ഐ.ടി.യു.സി) എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.