അ​ടു​വാ​ശ്ശേ​രി തേ​റാ​ട്ടി​ൽ കു​ടും​ബാം​ഗം അ​ജി ഇ​മാം ഷാ​ഹു​ൽ ഹ​മീ​ദ് അ​ൻ​വ​രി​ക്ക് ഇ​ള​നീ​ർ കൈ​മാ​റി​യ​പ്പോ​ൾ

മധുരമീ മതമൈത്രി... 27ാം രാവിൽ പാലപ്രശ്ശേരി മസ്ജിദിൽ തേറാട്ടിൽ കുടുംബത്തിന്റെ ഇളനീരെത്തി

ചെങ്ങമനാട്: മതസൗഹാർദ ദൂതുമായി 27ാം രാവിൽ പാലപ്രശ്ശേരി ജുമാ മസ്ജിദിൽ മുറതെറ്റാതെ തേറാട്ടിൽ കുടുംബത്തിന്റെ ഇളനീർ എത്തി. പരമ്പരാഗത കൃഷിക്കാരനായിരുന്ന കുന്നുകര തെക്കെ അടുവാശ്ശേരി തേറാട്ടിൽ കുടുംബാംഗം വേലായുധനാണ് റമദാനിലെ ഏറെ പുണ്യമുള്ള നാളിൽ മുസ്‍ലിം സഹോദരങ്ങൾക്ക് നോമ്പ് തുറക്കാൻ പതിറ്റാണ്ടുകൾക്കുമുമ്പ് പാലപ്രശ്ശേരി ജുമാമസ്ജിദിൽ ഇളനീർ നൽകുന്ന സമ്പ്രദായം തുടങ്ങിവെച്ചത്. മൂന്നാം തലമുറയിലെ ഇളയ മകൻ അജിയാണ് തിങ്കളാഴ്ച വൈകീട്ട് കരിക്കുകൾ മസ്‌ജിദിലെത്തിച്ചത്.

ഇമാം ഷാഹുൽ ഹമീദ് അൻവരി, ജമാഅത്ത് സെക്രട്ടറി എൻ.എച്ച്. സുബൈർ എന്നിവരുടെ നേതൃത്വത്തിൽ അജിയെ സ്വീകരിച്ചു. ഒരു കുടുംബത്തിലെ അംഗങ്ങളെപ്പോലെ ജീവിച്ച സമൃദ്ധിയുടെ കാലത്താണ് 27ാം രാവിന്റെ ശ്രേഷ്ഠതയറിഞ്ഞ വേലായുധൻ പള്ളിയിൽ തന്റെ പറമ്പിൽനിന്ന് മുന്തിയ ഇനം കരിക്കെത്തിച്ചിരുന്നത്. അദ്ദേഹത്തിന്റെ കാലശേഷം മൂത്ത മകൻ കുട്ടപ്പനും പിതാവ് തുടങ്ങിയ ദൗത്യം തുടർന്നു. പരസ്പര സ്നേഹവും വിശ്വാസവും ചോദ്യം ചെയ്യപ്പെടുന്ന ഇക്കാലഘട്ടത്തിൽ സൗഹൃദത്തിന്റെ ഉദാത്ത മാതൃകയാണ് മൂന്നാം തലമുറയും തുടരുന്നത്. പൂർവികർ തുടക്കമിട്ട മാനവിക സന്ദേശം നിലനിർത്താൻ കാലഘട്ടത്തിന്റെ അനിവാര്യതയായതിനാൽ ആ പാരമ്പര്യം കെടാതെ സൂക്ഷിക്കുമെന്ന് അജി പറഞ്ഞു.

Tags:    
News Summary - On the 27th night of Ramadan the family's tears flowed to the Therat at the Palaprassery Mosque

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.