സ്വത്വരാഷ്​ട്രീയം പറഞ്ഞും 'ഇടത്​ വർഗീയത'യെ വിമർശിച്ചും യൂത്ത്​ ലീഗ്​ ദക്ഷിണമേഖല സമ്മേളനം

ആലപ്പുഴ: 'സ്വത്വരാഷ്ട്രീയം സാമൂഹിക പുരോഗതിക്ക്​' എന്ന തലക്കെട്ടിൽ ആലപ്പുഴയിൽ സംഘടിപ്പിച്ച യൂത്ത് ​ലീഗ്​ ദക്ഷിണ മേഖല സമ്മേളനം ഭീഷണി നേരിടുന്ന വിശ്വാസ സംരക്ഷണം കൂടുതൽ ചർച്ചയാക്കുന്നതും പാർട്ടിയുടെ വർഗീയവിരുദ്ധ നിലപാട്​ ഊന്നിപ്പറയുന്നതുമായി. ലീഗ്​ നേതൃത്വത്തി​ലെ പ്രമുഖർ പ​​​ങ്കെടുത്ത സമ്മേളനം കേന്ദ്രസർക്കാറിന്‍റെയും സംഘ്​പരിവാറിന്‍റെയും ന്യൂനപക്ഷ വിരുദ്ധ നിലപാട്​ തുറന്നുകാട്ടുമെന്ന്​ പ്രഖ്യാപിച്ചു. ഭൂരിപക്ഷ വർഗീയത ആളിക്കത്തിച്ച്​ നേട്ടമുണ്ടാക്കുന്ന പ്രവണതയാണ്​ ബി.ജെ.പി പിന്തുടരുന്നത്​. ഈ പാത മതേതര കക്ഷികളെന്ന്​ വിശേഷിപ്പിക്കുന്ന രാഷ്ട്രീയ കക്ഷികൾപോലും അവലംബിക്കുന്നെന്നും വിവിധ സെഷനിൽ പ​ങ്കെടുത്ത നേതാക്കൾ അഭിപ്രായപ്പെട്ടു. മതന്യൂനപക്ഷങ്ങൾക്കിടയിൽ വിഭാഗീയത വളർത്തി തെരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കുകയെന്ന സൂത്രപ്പണി ഇടതുപക്ഷം പയറ്റുന്നു. സമീപകാല തെരഞ്ഞെടുപ്പുകളിലൊക്കെ സി.പി.എം ഈ തന്ത്രമാണ്​ പുറത്തെടുത്തത്​. തെരഞ്ഞെടുപ്പ്​ ലക്ഷ്യമിട്ട്​ മുൻകൂട്ടി വിദ്വേഷ വിത്തെറിഞ്ഞ്​ വിളവെടുക്കുന്നതിൽ ഇടതുപക്ഷം വർഗീയകക്ഷികളോട്​ മത്സരിക്കുകയാണെന്നും വിലയിരുത്തലുണ്ടായി. സമുദായത്തെ പ്രതിക്കൂട്ടിലാക്കുന്നതാണ്​ എസ്​.ഡി.പി.ഐയുടെ തീവ്രസമീപനമെന്ന വിമർശനവും പരോക്ഷമായി ഉയർന്നു. സംഘടനയുടെ പേര്​ പറയാതെയായിരുന്നു എസ്​.ഡി.പി.ഐക്കെതിരായ കുറ്റപ്പെടുത്തൽ. സമ്മേളനം ഉദ്​ഘാടനം ചെയ്ത ദേശീയ ജന. ​സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി, ഭൂരിപക്ഷ-ന്യൂനപക്ഷ വർഗീയതയെ എതിർക്കുന്ന പാർട്ടിയാണ്​ ലീഗെന്നും വർഗീയമായി ചേരിതിരിവുണ്ടാക്കി രാഷ്ട്രീയ നേട്ടമുണ്ടാക്കാൻ താൽപര്യമില്ലെന്നും സൂചിപ്പിച്ചു. ലീഗിന്​ മൂർച്ച പോരെന്ന്​ പറയുന്നവർ മതേതര നിലപാടിന്‍റെ മേന്മ തിരിച്ചറിയാത്തവരാണ്​. മുസ്​ലിം സംരക്ഷണം പറയുന്ന തീവ്ര സമീപനക്കാരായ പാർട്ടികൾ ഇടിവെട്ടിൽ മുളക്കുന്ന കൂണുകളാണെന്നും അദ്ദേഹം പരിഹസിച്ചു. ഇത്തരം സംഘടനകൾ സമുദായത്തെ പ്രതിരോധത്തിലാക്കുകയാണെന്ന്​ പറഞ്ഞ യൂത്ത്​ലീഗ്​ ജന. സെക്രട്ടറി പി.കെ. ഫിറോസ്, സംയമനത്തിന്‍റെ പാർട്ടിയെന്ന ആക്ഷേപത്തെ അംഗീകാരമായാണ്​ കാണുന്നതെന്ന്​ വ്യക്തമാക്കി. സ്വത്വരാഷ്ട്രീയം വർഗീയതയല്ലെന്നും അത്തരത്തിൽ ചിത്രീകരിക്കുന്നത്​ ശത്രുക്കളുടെ ഹീനതന്ത്രമാണെന്നും യൂത്ത്​ ലീഗ്​ സംസ്ഥാന പ്രസിഡന്‍റ്​ മുനവ്വറലി ശിഹാബ്​ തങ്ങൾ ചൂണ്ടിക്കാട്ടി. തെക്കൻ കേരളത്തിലെ ഏഴ്​ ജില്ലകളിൽനിന്നുള്ള പ്രതിനിധികളാണ്​ സമ്മേളനത്തിൽ പ​ങ്കെടുത്തത്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.