കെ-റെയിൽ സർവേ: മാമലയിൽ സംഘർഷം

കോലഞ്ചേരി: കെ-റെയിൽ സർവേ നിർത്തിവെക്കുമെന്ന പ്രഖ്യാപനത്തിന് പിന്നാലെ മാമലയിൽ സർവേക്കെത്തിയത് സംഘർഷാവസ്ഥ സൃഷ്ടിച്ചു. ശനിയാഴ്ച രാവിലെ 11ഓടെ തിരുവാണിയൂർ പഞ്ചായത്തിലെ മാമലയിലാണ് സർവേക്കല്ല് സ്ഥാപിച്ചത്​. സർവേ സംഘമെത്തുന്ന വിവരം അറിഞ്ഞ് ഡി.സി.സി പ്രസിഡന്‍റ്​ മുഹമ്മദ് ഷിയാസിന്‍റെ നേതൃത്വത്തിൽ കോൺഗ്രസ് പ്രവർത്തകരും എത്തി. ദേശീയപാതയിൽ മാമലയിൽ സ്ഥാപിച്ച സർവേക്കല്ല് പ്രവർത്തകർ എടുത്ത് തോട്ടിലെറിഞ്ഞു. പ്രവർത്തകരെ നേരിടാൻ വൻ പൊലീസ് സന്നാഹവും സ്ഥലത്തെത്തി. പ്രതിഷേധം കനത്തതോടെ സർവേ അവസാനിപ്പിച്ച് സംഘം മടങ്ങി. ഇതിനുശേഷവും പൊലീസ് സ്ഥലത്ത്​ തുടർന്നതോടെ സംഘം വീണ്ടുമെത്തുമെന്ന പ്രതീക്ഷയിൽ കോൺഗ്രസ് പ്രവർത്തകരും സംഘടിച്ചു. പൊലീസ് പിരിഞ്ഞു​ പോകണമെന്നാവശ്യപ്പെട്ട് ഡി.സി.സി പ്രസിഡന്‍റ്​ മുഹമ്മദ് ഷിയാസ്, മുൻ എം.എൽ.എ വി.പി. സജീന്ദ്രൻ എന്നിവരുടെ നേതൃത്വത്തിൽ പ്രവർത്തകർ ദേശീയപാതയിൽ കുത്തിയിരുന്നു. ഇതോടെ പൊലീസിനെ പിൻവലിക്കുകയാണെന്ന് പുത്തൻകുരിശ് ഡിവൈ.എസ്.പി അറിയിച്ചതോടെയാണ് ഒരുമണിക്കൂറോളം നീണ്ട സംഘർഷത്തിന് അയവുവന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.