ലക്ഷദ്വീപിലെ താൽക്കാലിക ഷെഡുകൾ പൊളിക്കാനുള്ള ഉത്തരവിന്​ ഹൈകോടതിയുടെ സ്​റ്റേ

കൊച്ചി: ലക്ഷദ്വീപിലെ ബങ്കാരം അടക്കം ദ്വീപുകളിൽ താൽക്കാലികമായി കെട്ടിയ ഷെഡുകൾ സുരക്ഷാ ഭീഷണിയുടെ പേരിൽ പൊളിച്ചുമാറ്റാനുള്ള കലക്ടറുടെ ഉത്തരവിന്​ ഹൈകോടതിയുടെ സ്​റ്റേ. ആൾത്താമസമില്ലാത്ത ദ്വീപുകളിൽ കൃഷിക്ക്​ പാട്ടത്തിന് നൽകിയ സ്ഥലത്ത് താൽക്കാലികമായി കെട്ടിയ ഷെഡുകൾ പൊളിക്കാൻ മാർച്ച്​ 25ന്​ കലക്ടർ പുറപ്പെടുവിച്ച ഉത്തരവ്​ ചോദ്യം ചെയ്ത്​ കെ. അബ്ദുൽ റഹീം അടക്കമുള്ളവർ നൽകിയ ഹരജിയിലാണ്​ ജസ്റ്റിസ്​ ദേവൻ രാമചന്ദ്രന്‍റെ ഉത്തരവ്​. ഹരജി വീണ്ടും ചൊവ്വാഴ്ച പരിഗണിക്കാൻ മാറ്റി. അതുവരെ തൽസ്ഥിതി തുടരാനാണ് നിർദേശം. അവധി ദിവസമായിരുന്നിട്ടും ശനിയാഴ്ച വൈകീട്ട്​ 7.45ന് പ്രത്യേക സിറ്റിങ് നടത്തിയാണ് സിംഗിൾ ബെഞ്ച്​ ഹരജി പരിഗണിച്ചത്​. താൽക്കാലിക ഷെഡുകൾ എന്ത് സുരക്ഷാ ഭീഷണിയാണ് ഉയർത്തുന്നതെന്ന് വ്യക്തമാക്കാൻ കോടതി ലക്ഷദ്വീപ്​ ഭരണകൂടത്തോട്​​ ആവശ്യപ്പെട്ടു. വിശദീകരണത്തിന് സമയം തേടിയതിനെത്തുടർന്നാണ്​ ചൊവ്വാഴ്ചത്തേക്ക്​ മാറ്റിയത്​. ഷെഡ് പൊളിക്കണമെന്ന്​ ആവശ്യപ്പെട്ട് മാർച്ച്​ 11നാണ് ആദ്യം നോട്ടീസ് നൽകിയത്. 16ന് ഒഴിപ്പിക്കുമെന്ന് കാട്ടി നോട്ടീസ് നൽകി. തുടർന്നാണ്​ 25ന് വൈകീട്ട്​ കെട്ടിടങ്ങൾ പൊളിച്ചുനീക്കാൻ ഉത്തരവിട്ടതെന്ന്​ ഹരജിക്കാർ പറഞ്ഞു. കൃഷി ആവശ്യത്തിന്​ അനുവദിച്ച ഭൂമിയിൽ നിർമാണ പ്രവർത്തനങ്ങൾ പാടില്ലെന്നും അത് ഭീഷണിയാണെന്നുമായിരുന്നു ലക്ഷദ്വീപ് ഭരണകൂടത്തിന്‍റെ വാദം. എന്നാൽ, ഏത് തരത്തിലുള്ള ഭീഷണിയാണെന്ന്​ വ്യക്തമാക്കാൻ കോടതി ആവശ്യപ്പെട്ടു. സുരക്ഷാ ഭീഷണി ഉള്ളതായി പറയുന്നതിനാൽ അധികൃതർ ജാഗ്രത പുലർത്തണമെന്നും നിർദേശിച്ചിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.