കളമശ്ശേരി സർവിസ് സഹകരണ ബാങ്കിൽ വൈസ് പ്രസിഡന്‍റും വിമതൻ

കളമശ്ശേരി: അവിശ്വാസത്തിലൂടെ പ്രസിഡന്‍റിനെ പുറത്താക്കിയ യു.ഡി.എഫ് ഭരിക്കുന്ന കളമശ്ശേരി സർവിസ് സഹകരണ ബാങ്കിൽ വൈസ് പ്രസിഡന്‍റും വിമതനായി. അഞ്ചിനെതിരെ ഏഴ് വോട്ടുനേടി വിമതപക്ഷത്തെ പി.എ. അബ്ദുല്ലയാണ് വൈസ് പ്രസിഡന്‍റായത്. മുൻ ഭരണകാലത്ത് ലീഗ് പ്രതിനിധിയായ അബ്ദുല്ലതന്നെയായിരുന്നു ഈ സ്ഥാനം വഹിച്ചിരുന്നത്. എന്നാൽ, പുതിയ ഭരണസമിതിയിൽ ലീഗിലെ ഗ്രൂപ്പുവൈരത്തെത്തുടർന്ന് ബാങ്കിൽ വൈസ് പ്രസിഡന്‍റ്​സ്ഥാനം ഒഴിഞ്ഞുകിടക്കുകയായിരുന്നു. ബാങ്കിൽ പ്രസിഡന്‍റ്​ ഏകാധിപത്യഭരണമാണ് നടത്തുന്നതെന്ന്​ ആരോപിച്ച് ഫെബ്രുവരി 15ന് ഭരണകക്ഷിയിലെ ഒരുവിഭാഗം അവിശ്വാസ പ്രമേയം കൊണ്ടുവന്നു. ഇത് പാസായതോടെ പ്രസിഡന്‍റായിരുന്ന ടി.കെ. കുട്ടി പുറത്തായി. ഇതിന്‍റെ പേരിൽ അഞ്ച് കോൺഗ്രസ് അംഗങ്ങൾക്കും രണ്ട് മുസ്​ലിം ലീഗ് അംഗങ്ങൾക്കും എതിരെ നേതൃത്വം നടപടി സ്വീകരിച്ചിരുന്നു. തുടർന്ന് നടന്ന പുതിയ പ്രസിഡന്‍റ്​ തെരഞ്ഞെടുപ്പിൽ ഔദ്യോഗികപക്ഷത്തെ തോൽപിച്ച് വിമത വനിത അംഗം അനില ജോജോ പ്രസിഡന്‍റായി. വൈസ് പ്രസിഡന്‍റ്​ തെരഞ്ഞെടുപ്പിലും ഒരുവോട്ട് വിമതപക്ഷത്തേക്ക് ചാടിയതായാണ് ആക്ഷേപം ഉയർന്നിരിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.