ലതികാകുമാരി അമ്മക്ക് നഗരസഭ ഓഫിസിൽ പിറന്നാളാഘോഷം

കൊച്ചി: സാധാരണക്കാർക്ക് അപേക്ഷ എഴുതാൻ സഹായിക്കുന്ന ലതിക കുമാരിക്ക് നഗരസഭയുടെ ഇടപ്പള്ളി സോണൽ ഓഫിസിൽ പിറന്നാളാഘോഷം. മേയറടക്കം ജനപ്രതിനിധികൾ പങ്കെടുത്ത ചടങ്ങ് ലതിക കുമാരിക്ക് ആദരവായി. മേയർ അഡ്വ. എം. അനിൽകുമാർ ലതിക കുമാരിയെക്കുറിച്ചുള്ള ഓർമകൾ പങ്കിടുകയും പരിപാടിയുടെ സംഘാടകരെ അനുമോദിക്കുകയും ചെയ്തു. താൻ ബിരുദ കാലഘട്ടത്തിൽ ഇടപ്പള്ളി സോണൽ ഓഫിസിലെത്തുമ്പോൾ ലതിക കുമാരി അവിടെ ദിവസവേതനക്കാരിയായിരുന്നുവെന്ന് മേയർ ഓർമ പങ്കുവെച്ചു. സോമസുന്ദര പണിക്കർ മേയറായിരുന്നപ്പോൾ വിദ്യാർഥിയായിരുന്ന താൻ ഡിവിഷൻ കമ്മിറ്റിയുടെ കൺവീനറായിരുന്നു. അന്ന് ഒരാളുടെ ആവശ്യവുമായി ഓഫിസിൽ പോയപ്പോൾ തങ്ങളെ സഹായിക്കാൻ ലതിക കുമാരിയും ഉണ്ടായിരുന്നു. അപേക്ഷ എഴുതാൻ ഇരിക്കുന്ന ചിലർ ആളുകളെ കബളിപ്പിക്കാറുണ്ട്. എന്നാൽ, ലതിക കുമാരിയെക്കുറിച്ച് ആർക്കും ഒരു പരാതിയുമില്ല. 70ാം വയസ്സിലും ജോലിക്കായി വരുന്നു. തുച്ഛ വരുമാനം, സഹോദരിയോടൊപ്പം താമസം, മറ്റാരുമില്ല. പരിപാടിയുടെ മുഖ്യസംഘാടകനായ സി.പി.എം ഇടപ്പള്ളി ലോക്കൽ കമ്മിറ്റി സെക്രട്ടറി അനിൽകുമാറിനോട് മേയർ നന്ദി അറിയിച്ചു. കൗൺസിലർമാരായ ദീപ വർമയും ജോർജ് നാനാട്ടും പരിപാടിയിൽ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.