വനിതനേതാവിന്​ മർദനം: കെ.എസ്​.യു മാർച്ചിൽ ഉന്തുംതള്ളും

കൊച്ചി: തിരുവനന്തപുരത്ത്​ കെ.എസ്​.യു വനിതനേതാവിനെ മർദിച്ച എസ്​.എഫ്​.ഐ നടപടിയിൽ പ്രതിഷേധിച്ച്​ കെ.എസ്​.യു ജില്ല കമ്മിറ്റി എറണാകുളത്ത്​ നടത്തിയ മാർച്ചിൽ പൊലീസുമായി ഉന്തും തള്ളും. ഡി.സി.സി ഓഫിസ്​ പരിസരത്തുനിന്ന്​ കണയന്നൂർ താലൂക്ക്​ ഓഫിസിന്​ മുന്നിലേക്കാണ്​ മാർച്ച്​ നടത്തിയത്​. മഹാരാജാസ്​​ കോളജിന്​ മുന്നിൽ പൊലീസ്​ ബാരിക്കേഡ്​ തീർത്ത്​ പ്രവർത്തകരെ തടഞ്ഞു. വ്യാഴാഴ്​ച ഉച്ചക്ക്​ 12.30ന്​ ആരംഭിച്ച മാർച്ചിന്​ മുന്നോടിയായി പൊലീസ്​ റോഡ്​ ​അടച്ചതോടെ രണ്ട്​ മണിക്കൂറോളം നഗരം ഗതാഗതക്കുരുക്കിലായി. പ്രകടനമായി എത്തിയ വിദ്യാർഥികൾ ബാരിക്കേഡ്​ തള്ളിമറിച്ചിടാൻ ശ്രമിച്ചതോടെ പൊലീസ്​ ജലപീരങ്കി പ്രയോഗിച്ചു. രണ്ടുതവണ ജലപീരങ്കി പ്രയോഗം നടത്തിയിട്ടും പ്രവർത്തകർ പിരിഞ്ഞുപോകാൻ കൂട്ടാക്കിയില്ല. ഇതി​നിടെ പലവട്ടം പൊലീസ്​ വാഹനത്തിനുനേരെ കല്ലേറുമുണ്ടായി. വൻ പൊലീസ്​ സന്നാഹം സ്ഥലത്ത്​ നിലയുറപ്പിച്ചിരുന്നു. പ്രവർത്തകരെ അറസ്റ്റ്​ ചെയ്തുനീക്കാൻ ശ്രമിച്ചത്​ നേരിയ സംഘർഷത്തിന്​ ഇടയാക്കി. കെ.എസ്.യു ജില്ല പ്രസിഡന്റ്‌ അലോഷ്യസ് സേവ്യർ, കെ. കൃഷ്ണലാൽ എന്നിവരെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി എ.എ. അജ്മൽ, ആൻ സെബാസ്റ്റ്യൻ, മിവ ജോളി, അൽഅമീൻ അഷ്‌റഫ്‌, അമർ മിഷൽ, അസ്‌ലം മജീദ്, എൽദോ ചാക്കോ, കെ.വി. വർഗീസ്, നോബൽ കുമാർ, സ്വാതിഷ് സത്യൻ എന്നിവർ നേതൃത്വം നൽകി. നേരത്തേ ഡി.സി.സി പ്രസിഡന്‍റ്​ മുഹമ്മദ്​ ഷിയാസ്​ മാർച്ച്​ ഉദ്​ഘാടനം ചെയ്തു. കെ.എസ്​.യു പ്രവർത്തകരെ മർദിച്ച്​ ഒതുക്കാനാണ്​ ശ്രമമെങ്കിൽ അതേ നാണയത്തിൽ നേരിടുമെന്ന്​ അദ്ദേഹം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.