അമിത ജോലി: ആലുവ നഗരസഭയിൽ ജീവനക്കാരി കുഴഞ്ഞുവീണു

ആലുവ: അമിത ജോലിയെത്തുടർന്ന് ആലുവ നഗരസഭയിൽ ജീവനക്കാരി കുഴഞ്ഞുവീണു. അബോധാവസ്ഥയിലായ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടറെ ആലുവ ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച ഉച്ചയോടെ നഗരസഭ കാര്യാലയത്തിലാണ് സംഭവം. നഗരസഭയിലെ ജനസേവന കേന്ദ്രത്തിൽ ജോലി ചെയ്തിരുന്ന കൊല്ലം സ്വദേശിനിയെ മൂന്നാഴ്ചയോളമായി കുടുംബശ്രീ മെംബർ സെക്രട്ടറിയുടെ ചുമതലയിലേക്ക് മാറ്റിയിരുന്നു. കുടുംബശ്രീക്ക് പുറമെ ലൈഫ് മിഷൻ പദ്ധതി, എസ്.സി ഇംപ്ലിമെന്റ് ഓഫിസർ, 15ാം വാർഡ് ചുമതലകളും വഹിക്കുന്നുണ്ട്. കുടുംബശ്രീ മെംബർ സെക്രട്ടറിയായിരുന്ന ജീവനക്കാരൻ അവധിയിലായതിനെത്തുടർന്നാണ് ജീവനക്കാരിയെ മാറ്റി നിയമിച്ചത്. ലൈഫ് മിഷന്റെയും കുടുംബശ്രീയുടെയും മറ്റും ഫയലുകളൊന്നും ജീവനക്കാരിക്ക് ലഭിച്ചിരുന്നില്ല. പുതിയ ചുമതലകൾ സംബന്ധിച്ച വിവരങ്ങൾ പറഞ്ഞുതരാനും ആളുണ്ടായില്ല. ഈ സാഹചര്യത്തിൽ അധിക ചുമതല ഒഴിവാക്കണമെന്ന് സെക്രട്ടറിയോട് ആവശ്യപ്പെട്ടിട്ടും പരിഹാരമുണ്ടായില്ല. ലൈഫ് മിഷൻ പദ്ധതിയുമായി ബദ്ധപ്പെട്ട് ലിസ്റ്റിൽപെട്ടവരുടെ അന്വേഷണങ്ങൾക്ക് കൃത്യമായ മറുപടി നൽകാനും ജീവനക്കാരിക്ക് കഴിഞ്ഞില്ല. വിവരങ്ങൾ ലഭിക്കാത്തതിനെത്തുടർന്ന് പരാതിയുമായി ചെയർമാനെയും സെക്രട്ടറിയെയും സമീപിച്ചതോടെ ജീവനക്കാരിയെ ഇവരും ചോദ്യം ചെയ്തിരുന്നു. പിന്നാലെയാണ് യുവതി കുഴഞ്ഞുവീണത്. അബോധാവസ്ഥയിലായ ഇവരെ നഗരസഭ വാഹനത്തിലാണ് ജില്ല ആശുപത്രിയിലെത്തിച്ചത്. ജീവനക്കാരി മെഡിക്കൽ അവധിയിൽ പ്രവേശിച്ചിരിക്കുകയാണ്. ഫയലുകൾ ലഭ്യമല്ലാത്ത വിഷയത്തിൽ അവധിയെടുത്ത ജീവനക്കാരനെതിരെ നഗരസഭ നടപടിക്കൊരുങ്ങുകയാണെന്നാണ് വിവരം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.