കുത്തനെയിടിഞ്ഞ്​ ക്രൂഡോയിൽ വില

കൊച്ചി: യുദ്ധവും ഉപരോധവും മൂലം വൻ വിലയിലേക്ക്​ കുതിച്ച അസംസ്കൃത എണ്ണക്ക്​ ഒരാഴ്ച കൊണ്ട്​ കുത്തനെ ഇടിവ്​. രാജ്യത്ത്​ പെട്രോളിനും ഡീസലിനും വിലയുയർത്തുമെന്ന ആശങ്ക നിലനിൽക്കെയാണ്​ വൻ ഇടിവ്​. ബ്രന്‍റ്​ ഇനം ​എണ്ണ മാർച്ച്​ ഒമ്പതിന്​ ബാരലിന്​ 131 ഡോളറായിരുന്നത്​ ചൊവ്വാഴ്ച 99 ഡോളറിലേക്ക്​ താഴ്ന്നു. റഷ്യ, യുക്രെയ്​​ൻ സമാധാന ചർച്ചകൾ പുരോഗമിക്കുന്നതും ചൈനയിൽ കോവിഡ്​ കേസുകൾ ഉയർന്നതിനെത്തുടർന്ന്​ ലോക്​ഡൗൺ പ്രഖ്യാപിച്ചതുമാണ്​ അസംസ്കൃത എണ്ണവില കുത്തനെ കുറയാൻ ഇടയാക്കിയത്​. ചൈനയിലെ ചില വൻനഗരങ്ങളിൽ 2020നുശേഷം ഏറ്റവും കൂടിയ കോവിഡ് വ്യാപനമാണ്​ റിപ്പോർട്ട്​ ചെയ്യപ്പെട്ടത്​. ലോക്​ഡൗൺ പ്രഖ്യാപനം​ എണ്ണ ആവശ്യകത കുറക്കുമെന്ന ആശങ്കയിൽ​ അസംസ്കൃത എണ്ണ വിപണി ഉലഞ്ഞതോടെ വിലയും ഇടിയുകയായിരുന്നു​. 2014 നവംബറിന്​ ശേഷം അസംസ്കൃത എണ്ണ വിലയിൽ വന്ന വൻ കുതിപ്പിനാണ്​ നിലവിൽ അറുതിയാകുന്നത്​. മാർച്ച്​ 14ലെ കണക്കുപ്രകാരം ​അസംസ്കൃത എണ്ണക്ക്​ 8449.91 രൂപയാണ്​ ഇന്ത്യൻ ബാസ്കറ്റിൽ നൽകുന്നത്​. കഴിഞ്ഞ വർഷം നവംബറിൽ ഡീസലിന്​ 10 രൂപയും പെട്രോളിന്​ അഞ്ചുരൂപയും എക്സൈസ്​ തീരുവ കുറച്ചശേഷം പിന്നീട്​ ഇന്ധനവില ഉയർത്തിയിട്ടില്ല. അസംസ്കൃത എണ്ണവിലയിലെ കുറവ്​ നിലനിന്നാൽ കാര്യമായ ഇന്ധന വിലവർധനയിലേക്ക്​ എണ്ണക്കമ്പനികൾ നീങ്ങില്ലെന്നാണ്​ വിപണി നിരീക്ഷകർ വ്യക്തമാക്കുന്നത്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.