ഗോഡൗണിൽനിന്ന്​ മോഷ്ടിച്ച അടക്ക വിൽക്കാനുള്ള ശ്രമം പാഴായി; മോഷ്ടാവ് ഓടിമറഞ്ഞു

പറവൂർ: കൊടുങ്ങല്ലൂരിനടുത്ത് എടവിലങ്ങിലെ മലഞ്ചരക്ക് ഗോഡൗണിൽനിന്ന്​ മോഷ്ടിച്ച അടക്ക പറവൂരിലും ആലുവയിലും വിൽക്കാനുള്ള മോഷ്ടാവി​ന്‍റെ ശ്രമം വിജയിച്ചില്ല. പെട്ടി ഓട്ടോറിക്ഷ ഡ്രൈവറുടെ സമയോചിത ഇടപെടൽ മണത്തറിഞ്ഞ മോഷ്ടാവ് പൊലീസ് എത്തും മുമ്പേ ഓടിമറഞ്ഞു. 400 കിലോ അടക്കയും മാരുതി കാറും പറവൂർ പൊലീസ് കസ്റ്റഡിയിലെടുത്തു. അടക്കക്ക് ഒന്നര ലക്ഷത്തോളം രൂപ വിലവരും. കാർ ദിവസ വാടകക്ക് എടുത്തതാണെന്നാണ് പൊലീസ് നൽകുന്ന സൂചന. കഴിഞ്ഞ ദിവസം രാത്രിയാണ് ഗോഡൗണിന്‍റെ ഭിത്തി തുരന്ന് മോഷ്ടാവ് അകത്തു കടന്ന് ഉണക്ക അടക്ക മോഷ്ടിച്ചത്. മാരുതി കാറിൽ പറവൂരിൽ എത്തിച്ച് രണ്ട് മലഞ്ചരക്ക് കച്ചവട സ്ഥാപനങ്ങളിൽ വിൽക്കാൻ ശ്രമിച്ചെങ്കിലും വാങ്ങിയില്ല. തുടർന്ന് പെട്ടി ഓട്ടോയിൽ ആലുവയിൽ കൊണ്ടുപോയി വിൽക്കാൻ ശ്രമിച്ചു. മൂന്നുനാല് മലഞ്ചരക്ക് സ്ഥാപനങ്ങളിൽ കാണിച്ചെങ്കിലും സംശയം തോന്നിയതിനാൽ വാങ്ങാൻ അവർ തയാറായില്ല. തുടർന്ന് തിരിച്ച് പറവൂരിലെത്തി പള്ളിത്താഴത്ത് കിടക്കുകയായിരുന്ന കാറിൽ കയറ്റിക്കൊണ്ടുപോകാൻ ശ്രമിക്കവേ സംശയം തോന്നിയ ഓട്ടോ ഡ്രൈവർ ഫോണിൽ പൊലീസിനെ അറിയിച്ചു. പൊലീസ് എത്തും മുമ്പേ ഡ്രൈവർ കാറിന്‍റെ താക്കോൽ ഊരിയെടുത്തു. ഇത് കണ്ടതോടെ മോഷ്ടാവ്​ കാറും അടക്കയും ഉപേക്ഷിച്ച് ഓടിമറഞ്ഞു. സ്ഥലത്തെത്തിയ പൊലീസ് കാറും അടക്കയും സ്റ്റേഷനിലേക്ക് മാറ്റി. ഗോഡൗണിൽനിന്ന്​ അടക്ക മോഷണം പോയ വിവരം വ്യാപാരി സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചിരുന്നു. കാറിന്‍റെ ഉടമയുമായി പൊലീസ് ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിൽ മഞ്ഞനപ്പിള്ളി സ്വദേശിയായ സനീപാണ് അടക്ക വിൽക്കാൻ പറവൂരിൽ എത്തിയതെന്ന് വ്യക്തമായിട്ടുണ്ട്. പൊലീസ് അന്വേഷണം ഊർജിതമാക്കി. പെട്ടി ഓട്ടോ ഡ്രൈവർ മന്നം താന്നിപ്പാടം സ്വദേശി ഷഫീഖിന്റ തന്ത്രപരമായ നീക്കമാണ് കാറും അടക്കയും പിടികൂടാൻ പൊലീസിന് സഹായകമായത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.