മന്ത്രിമാരുടെ പേഴ്സനൽ സ്റ്റാഫ്​ അംഗങ്ങൾക്ക് പെൻഷൻ: സർക്കാറിന്​ ഹൈകോടതി നോട്ടീസ്​

കൊച്ചി: മന്ത്രിമാരുടെ പേഴ്സനൽ സ്റ്റാഫ്​ അംഗങ്ങൾക്ക് പെൻഷനും ആനുകൂല്യങ്ങളും നൽകുന്നതിനെതിരായ ഹരജിയിൽ സർക്കാറിന്​ ഹൈകോടതിയുടെ നോട്ടീസ്​. മുഖ്യമ​ന്ത്രി, പ്രതിപക്ഷ നേതാവ്, ചീഫ് വിപ്പ് എന്നിവരുടെ പ്രൈവറ്റ് സെക്രട്ടറിമാർക്ക് പ്രത്യേക ദൂതൻ വഴി നോട്ടീസ് നൽകാനും ചീഫ് ജസ്റ്റിസ് അടങ്ങുന്ന ഡിവിഷൻ ​ബെഞ്ച്​ നിർദേശിച്ചു. തുടർന്ന്​, ഇത്​ സമാന ഹരജികൾക്കൊപ്പം രണ്ടാഴ്ചക്കുശേഷം പരിഗണിക്കാൻ മാറ്റി. കേരള സർവിസ് റൂൾ പ്രകാരം 10 വർഷം സർവിസ് ഉണ്ടെങ്കിലേ പെൻഷന് അർഹതയുണ്ടാകൂവെന്നിരിക്കെ മാനദണ്ഡങ്ങളില്ലാതെ പേഴ്സനൽ സ്റ്റാഫ്​ അംഗങ്ങൾക്ക് പെൻഷൻ നൽകരുതെന്ന്​ ആവശ്യപ്പെട്ട് പാലക്കാട് സ്വദേശി ദിനേശ് മേനോൻ നൽകിയ പൊതുതാൽപര്യ ഹരജിയാണ്​ ഡിവിഷൻ ബെഞ്ച്​ പരിഗണിച്ചത്​. വ്യാഴാഴ്ച ഹരജി പരിഗണിക്കവെ, സർക്കാറിനുവേണ്ടി അഡ്വക്കറ്റ് ജനറൽ ഹാജരാകുമെന്നും മറ്റ്​ ഹരജികൾക്കൊപ്പം ഇത്​ പരിഗണിക്കാൻ മാറ്റണമെന്നും സർക്കാർ അഭിഭാഷകൻ ആവശ്യപ്പെട്ടിരുന്നു. സ്റ്റാഫ്​ അംഗങ്ങൾക്ക് കുടുംബ പെൻഷനടക്കം നൽകുന്നത് ഭരണഘടനാവിരുദ്ധമാണെന്ന് പ്രഖ്യാപിക്കണമെന്നത്​ അടക്കം ആവശ്യപ്പെട്ടാണ്​ ഹരജി​. ഹരജി തീർപ്പാക്കുംവരെ പേഴ്സനൽ സ്റ്റാഫുകളെ നിയമിക്കുന്നത് തടയണമെന്ന ഇടക്കാല ആവശ്യവും ഉന്നയിച്ചിട്ടുണ്ട്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.