വ്യാജരേഖ ​തെളിവാക്കി കേസ്​ അവസാനിപ്പിക്കൽ: മുൻ വിജിലൻസ്​ എസ്​.പിക്കെതിരെ അന്വേഷണം തുടരാമെന്ന്​ ​ഹൈകോടതി

കൊച്ചി: പ്രതി ഹാജരാക്കിയ വ്യാജരേഖയുടെ അടിസ്ഥാനത്തിൽ കേസ്​ അവസാനിപ്പിച്ചതുമായി ബന്ധപ്പെട്ട കേസിൽ പ്രതിയായ മുൻ വിജിലൻസ്​ എസ്​.പിക്കെതിരായ വിജിലൻസ്​ അന്വേഷണം തുടരാൻ ​ഹൈകോടതി അനുമതി. വിജിലൻസ് അന്വേഷണം റദ്ദാക്കണമെന്ന്​ ആവശ്യപ്പെട്ട് വിജിലൻസ്​ ആന്‍ഡ്​​ ആന്‍റി കറപ്ഷൻ ബ്യൂറോ തിരുവനന്തപുരം സ്പെഷൽ സെൽ എസ്​.പിയായിരുന്ന കെ. ജയകുമാർ ഫയൽ ചെയ്ത ഹരജി തള്ളിയാണ് ജസ്റ്റിസ് സുനിൽ തോമസിന്‍റെ ഉത്തരവ്. തിരുവനന്തപുരം കോർപറേഷനിലെ മുൻ അസി. എൻജിനീയർ ഗോപാലകൃഷ്ണൻ നായർ അനധികൃത സ്വത്ത് സമ്പാദിച്ചെന്ന കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന അന്നത്തെ സ്പെഷൽ സെൽ ഡിവൈ.എസ്.പി ജയകുമാർ പ്രതി ഹാജരാക്കിയ വ്യാജരേഖ തെളിവായി സ്വീകരിച്ചെന്നാണ്​ ആരോപണം. കേസിൽനിന്ന് രക്ഷപ്പെടാൻ ഗോപാലകൃഷ്ണൻ നായർ നെയ്യാറ്റിൻകര കൃഷ്ണ ജ്വല്ലറിയിൽ 5,48,450 രൂപയുടെ സ്വർണം വിൽപന നടത്തിയതായി വ്യാജരേഖ ഹാജരാക്കുകയായിരുന്നു. ഇതേക്കുറിച്ച്​ അന്വേഷണം നടത്താതെ ജയകുമാർ ഇത് തെളിവായി സ്വീകരിക്കുകയൂം ഇതിന്‍റെ അടിസ്ഥാനത്തിൽ തുടർ നടപടി അവസാനിപ്പിച്ച് കോടതിയിൽ റിപ്പോർട്ട്​ നൽകുകയുമായിരുന്നു. തുടർന്ന്​ കേസ്​ അവസാനിപ്പിച്ച്​ വിജിലൻസ്​ കോടതി ഉത്തരവിട്ടു. ഇതേതുടർന്ന്​ ജയകുമാറിനും ഗോപാലകൃഷ്ണൻ നായർക്കുമെതിരെ അമരവിള എക്സൈസ് സർക്കിൾ ഇൻസ്​പെക്ടർ എൻ.എസ്. സുരേഷ് പരാതി നൽകി. വിജിലൻസ്​ നടത്തിയ പ്രാഥമികാന്വേഷണത്തെ തുടർന്ന്​ അഴിമതി നിരോധന നിയമപ്രകാരവും വ്യാജരേഖ ചമക്കലിനും ഗൂഢാലോചന നടത്തി വ്യാജരേഖ തെളിവായി സ്വീകരിച്ചതിനും ഇരുവർക്കുമെതിരെ കേസ് രജിസ്റ്റർ ചെയ്തു. കോടതി നേരത്തേ എഴുതിത്തള്ളിയ കേസിൽ തുടരന്വേഷണത്തിനും സർക്കാർ ഉത്തരവിട്ടു. തനിക്കെതിരെ വിജിലൻസ്​ സ്പെഷൽ ഇൻവെസ്റ്റിഗേഷൻ യൂനിറ്റ്​ രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കണമെന്നായിരുന്നു ഹരജിയിൽ ജയകുമാറിന്‍റെ ആവശ്യം. അഴിമതി നിരോധന നിയമപ്രകാരം മുൻകൂർ അനുമതി വാങ്ങാതെ, തനിക്ക് ഐ.പി.എസ് സെലക്ഷൻ ലഭിക്കാതിരിക്കാൻ വിജിലന്‍സ്​ വ്യാജ കേസ്​ രജിസ്റ്റർ ചെയ്യുകയായിരുന്നുവെന്നായിരുന്നു ജയകുമാറിന്‍റെ വാദം. എന്നാൽ, കേസിന്‍റെ സാഹചര്യങ്ങൾ പരിഗണിച്ച്​ ഈ വാദങ്ങൾ കോടതി തള്ളുകയായിരുന്നു. സംഭവത്തിൽ വിശദമായ അന്വേഷണം ആവശ്യമാണെന്നും കോടതി വിലയിരുത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.