പൊക്കാളി നെൽകൃഷി: ഉത്തരവ് കൃഷിയെ ഇല്ലാതാക്കുമെന്ന്​

വൈപ്പിൻ: പൊക്കാളി നിലങ്ങളിലെ നെൽകൃഷിയുടെ കാർഷിക കലണ്ടർ വിജ്ഞാപനം ചെയ്തുകൊണ്ടുള്ള പി.എൽ.ഡി.എ ചെയർമാനായ കലക്ടറുടെ ഉത്തരവ് കൃഷിയെ ഇല്ലാതാക്കുമെന്ന് ആക്ഷേപം. കണയന്നൂർ, പറവൂർ, കൊച്ചി താലൂക്കുകളിലായി പടർന്നുകിടക്കുന്ന കൃഷിയെ സംരക്ഷിക്കാൻ ഉതകുന്നതല്ല ഉത്തരവ്. പുതിയ ഉത്തരവിൽ ഓരു ജലം ഏപ്രിൽ 15 മുതൽ നിർമാർജനം ചെയ്യണം എന്ന് മാത്രമേ പറഞ്ഞിട്ടുള്ളൂ. ഉപ്പുവെള്ളം എന്നത്തേക്ക് പൂർണമായും നിർമാർജനം ചെയ്തിരിക്കണം എന്ന നിബന്ധനയില്ല. ഇത് ഓരുജല മത്സ്യലോബിയുടെ താൽപര്യത്തിനു വേണ്ടിയാണെന്നാണ്​ പരാതി. സാധാരണയായി പൊക്കാളി നിലങ്ങളിലെ ദ്വിതീയ വിളയായ ഓരുജല മത്സ്യകൃഷി മാർച്ച് 31ന് പൂർണമായും അവസാനിപ്പിക്കണം. ഏപ്രിൽ 15 നകം എല്ലാ പാടശേഖരങ്ങളിൽനിന്നും ഓരുവെള്ളം പൂർണമായും നിർമാർജനം ചെയ്തെങ്കിലേ തീഷ്ണമായ വേനൽച്ചൂടിൽ വയലുകൾ വരണ്ടുണങ്ങി ഉഴുതുമറിക്കാൻ പാകം ആകൂ. ഓരുജല മത്സ്യവാറ്റിന്റെ കാലയളവിൽ വയലുകളിൽ നിക്ഷേപിച്ചിട്ടുള്ള ഹാനികരമായ രാസവസ്തുക്കൾ ഈ പ്രക്രിയയിലൂടെ മാത്രമേ നിർവീര്യമാക്കാൻ സാധിക്കൂ. തുടർന്ന് ഉഴുതുമറിക്കപ്പെടുന്ന വയലുകളിൽ ലഭിക്കുന്ന വേനൽമഴയിലൂടെയാണ് ശേഷിക്കുന്ന ഉപ്പ് രസവും കഴുകി പോകുന്നത്. കൂനകളും വാരങ്ങളും തീർത്ത വയലുകളുടെ മേൽമണ്ണിലാണ് ഇടവപ്പാതിയുടെ ആരംഭത്തോടുകൂടി മുളപ്പിച്ച വിത്തുവിതച്ചുകൊണ്ട് നെൽകൃഷി ആരംഭിക്കുന്നത്. വയലുകളിലെ ലവണരസം ഒഴിവാക്കാതെ നെൽകൃഷി നടത്തുന്നത് ആത്മഹത്യാപരമാണെന്ന് നിരവധിതവണ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെയും കൃഷി വകുപ്പിനെയും രേഖാമൂലവും അറിയിച്ചിട്ടുണ്ട്. വൈറ്റില ആസ്ഥാനമായി പ്രവർത്തിക്കുന്ന കേരള കാർഷിക സർവകലാശാലയുടെ റൈസ് റിസർച് സ്റ്റേഷനിൽ ഈ കലണ്ടറാണ് പാലിക്കപ്പെടുന്നത്. ജൈവരീതിയിൽ വിളവ് നൽകുന്ന പൊക്കാളി കൃഷിസമ്പ്രദായം സംരക്ഷിക്കാൻ സർക്കാർ തയാറാകണമെന്നും ഉത്തരവിലെ പിഴവുകൾ തിരുത്തി കൃഷിയെ സംരക്ഷിക്കാൻ ശക്തമായ നടപടി സ്വീകരിക്കണമെന്നും നെൽകർഷകരായ ചന്തു മഞ്ചാടപറമ്പിൽ, വർഗീസ്​കുട്ടി മുണ്ടുപറമ്പിൽ, ഫിലോമിന ബേബി ജോസഫ്, ശ്രീനിവാസൻ, ദീപിക, ലില്ലി, ഫ്രാൻസിസ് കളത്തിങ്കൽ എന്നിവർ സർക്കാറിനോട് ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.