തെങ്ങിൽ കയറി ലക്ഷദ്വീപിലുമെത്തി ജോസ്​

മൂവാറ്റുപുഴ: ജീവിതസായാഹ്നത്തിലും തെങ്ങുകളിൽനിന്ന്​ തെങ്ങുകളിലേക്ക് കയറി അന്നത്തിനു വക കണ്ടെത്തുകയാണ് ജോസ്. ഒരു പതിറ്റാണ്ടു മുമ്പ് കൃഷി വകുപ്പിന്‍റെ ചങ്ങാതിക്കൂട്ടം പദ്ധതിയിലൂടെയാണ് ഈസ്റ്റ് വാഴപ്പിള്ളി കോയിക്കര ജോസ് എന്ന 65കാരൻ തെങ്ങുകയറ്റത്തിന്​ തുടക്കം കുറിച്ചത്. സ്വന്തം പുരയിടത്തിലടക്കം തേങ്ങ ഇടാൻ ആളെ കിട്ടാതെ വന്നതോടെയാണ് ഈ തൊഴിലിലേക്ക് ജോസ്​ ഇറങ്ങിയത്. പദ്ധതിയിലൂടെ തെങ്ങ് കയറ്റംപഠിച്ചതോടെ കേരബോർഡ് തെങ്ങുകയറുന്നതിനുള്ള മെഷീനും സബ്​സിഡി നിരക്കിൽ നൽകി. ഇതോടെ ആരംഭിച്ച ജോലിക്ക് പിന്നീട് മുടക്കം വരുത്തിയിട്ടില്ല. വെയിൽ ശക്തി പ്രാപിക്കുന്നതിനു മുമ്പ്​ ആരംഭിക്കുന്ന ജോലി ഉച്ചയോടെ അവസാനിപ്പിക്കും. ദിനേന 25 തെങ്ങുകളിൽ എങ്കിലും കയറും. ജോസ് ഈമേഖലയിലേക്ക് എത്തിയതോടെ നാട്ടുകാർക്കും സഹായകമായി. നേരത്തേ തേങ്ങയിടാൻ ആളെ അന്വേഷിച്ച് നടക്കേണ്ട ഗതികേടിലായിരുന്നു നാട്ടുകാർ. ആളെ കിട്ടിയാൽ തന്നെ പറയുന്ന പൈസ നൽകുകയും കാത്തിരിക്കുകയും വേണം. എന്നാൽ, ഇപ്പോൾ ഇതൊന്നും വേണ്ട. പറയുന്ന സമയത്ത് എത്തി ജോസ് തേങ്ങയിട്ട്​ നൽകും. 65ാം വയസ്സിലും നാട്ടുകാരുടെ വിളിപ്പുറത്തുണ്ട്​ ഈ വയോധികൻ. കേരബോർഡ്​ 10 വർഷം മുമ്പ് നൽകിയ മെഷീൻ കേടായ ശേഷം അടുത്തിടെയാണ് 2800 രൂപ നൽകി പുതിയത് വാങ്ങിയത്. ഇതിനിടെ ലക്ഷദ്വീപിലും ജോസ് തേങ്ങയിടാൻപോയി. കുറെ കാലം അവിടെ ജോലി ചെയ്തു. തെങ്ങ് കയറ്റം പഠിച്ചതുകൊണ്ടു മാത്രം ഉണ്ടായ യാത്ര. ലക്ഷദ്വീപിനെക്കുറിച്ച് പറയുമ്പോൾ നൂറുനാക്കാണിദ്ദേഹത്തിന്​. സ്നേഹസമ്പന്നരായ നല്ല മനുഷ്യർ. സംതൃപ്തി നൽകിയ നാളുകൾ. ഇനിയും അവസരം വന്നാൽ അവിടെ പോകും. ജോലിയെടുക്കും. പ്രായത്തിന്‍റെ അവശതകൾ ഉണ്ടങ്കിലും തെങ്ങുകയറ്റം ഒരു ഹരമാണ്​ ജോസിന്​. ചിത്രം. ജോസ്. EM Mvpa 2 Jose

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.