വേലിയേറ്റം വിട്ടൊഴിയുന്നില്ല; കായൽ തീരവാസികൾ ദുരിതത്തിൽ തന്നെ

പള്ളുരുത്തി: കായലോര മേഖലകളിൽ വേലിയേറ്റം തുടരുന്നു. കഴിഞ്ഞ പത്ത് ദിവസമായി അനുഭവപ്പെടുന്ന വേലിയേറ്റത്തിൽ നിരവധി കുടുംബങ്ങൾ വെള്ളത്തിലായി. കുതിരക്കൂർ കരി, കോണം, കുമ്പളങ്ങി, പെരുമ്പടപ്പ്, പഷ്ണിത്തോട്, പള്ളുരുത്തി, ചിറക്കൽ ഭാഗങ്ങളിലെല്ലാം കായൽ കവിഞ്ഞെത്തിയ വെള്ളം ജനവാസ മേഖലകളിലേക്ക് ഒഴുകി. മാലിന്യം നിറഞ്ഞ കാനകളും തോടുകളും കവിഞ്ഞ് മലിനജലം ഒഴുകിയെത്തിയതും ജനത്തെ വലച്ചു. കോണം കൾട്ടസ് റോഡ്, വെള്ളിയത്തറ നാരായണൻ റോഡ്, പഷ്ണിത്തോട് തീരദേശ റോഡ്, ശംഖുതറ ലെയ്​ൻ, എം.എ. മാത്യു റോഡ് എന്നിവിടങ്ങൾ വെള്ളത്തിലാണ്​. കുതിരക്കൂർ കരിയിലും കുമ്പളങ്ങിയിലും കായലിലെ ഉപ്പുവെള്ളം കരയിലേക്ക് എത്തി പച്ചക്കറി കൃഷികളും ചെടികളും നശിച്ചതായും പ്രദേശവാസികൾ പറഞ്ഞു. സാധാരണയായി കായലോര മേഖലകളിൽ വൃശ്ചിക വേലിയേറ്റം അനുഭവപ്പെടാറുണ്ടെങ്കിലും മാസങ്ങളോളം വേലിയേറ്റം തുടർന്നു നിൽക്കുന്നത് ആദ്യമാണ്. വേലിയേറ്റം അനുഭവപ്പെടുന്ന സമയത്തെ നാലു മണിക്കൂറോളമെങ്കിലും വെള്ളക്കെട്ടിൻെറ ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ടെന്ന് പ്രദേശത്തുള്ളവർ പറയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.