ജില്ലയിൽ ഒന്നര ലക്ഷം പതാക വിതരണം ചെയ്തു

കൊച്ചി: സ്വാതന്ത്ര്യത്തി‍ൻെറ 75ാം വാർഷികാഘോഷ ഭാഗമായി വീടുകളിൽ ദേശീയ പതാക ഉയർത്താനുള്ള 'ഹർ ഘർ തിരംഗ'ക്ക് ശനിയാഴ്ച തുടക്കമാകും. 15 വരെ ജില്ലയിലെ എല്ലാ വീട്ടിലും സർക്കാർ, പൊതുമേഖല, സ്വയംഭരണ സ്ഥാപനങ്ങളിലും സർക്കാർ കെട്ടിടങ്ങൾ, പൗരസമൂഹങ്ങൾ, സ്ഥാപനങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സ്വകാര്യ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലും ദേശീയപതാക ഉയർത്തണമെന്ന് കലക്ടർ ഡോ. രേണുരാജ് അഭ്യർഥിച്ചു. കുടുംബശ്രീ വഴിയാണ് പതാക നിര്‍മാണം. സ്‌കൂളുകള്‍ വഴിയും തദ്ദേശ സ്ഥാപനങ്ങള്‍ വഴിയുമാണ് വിതരണം ചെയ്യുന്നത്. ജില്ലയിലെ മുഴുവന്‍ വീട്ടിലും സ്ഥാപനങ്ങളിലും ദേശീയ പതാക ഉയര്‍ത്താനാണ് ലക്ഷ്യമിടുന്നതെന്ന് കലക്ടർ പറഞ്ഞു. കുടുംബശ്രീ വഴി നിർമിച്ച ഒന്നര ലക്ഷം പതാകകളുടെ വിതരണം പൂർത്തിയായി. 13 മുതല്‍ 15 വരെയാണ് പതാക ഉയര്‍ത്തേണ്ടത്. ദേശീയപതാകയുടെ അന്തസ്സ്​ നിലനിര്‍ത്തും വിധം ഫ്ലാഗ് കോഡ് പാലിച്ചുകൊണ്ടായിരിക്കണം ഉയര്‍ത്തേണ്ടത്. വീടുകളിൽ ദേശീയപതാക ഉയർത്തുമ്പോൾ ഈ മൂന്നുദിവസം രാത്രി താഴ്ത്തേണ്ടതില്ല. കോട്ടൺ, പോളിസ്റ്റർ, കമ്പിളി, സിൽക്ക്, ഖാദി തുണി എന്നിവ ഉപയോഗിച്ച്​ കൈകൊണ്ടു നൂൽക്കുന്നതോ നെയ്തതോ മെഷീനിൽ നിർമിച്ചതോ ആയ ദേശീയപതാക ഉപയോഗിക്കണം. ദേശീയ പതാക ദീർഘചതുരാകൃതിയിലായിരിക്കണം. ഏത്​ വലുപ്പവും ആകാം, എന്നാൽ, പതാകയുടെ നീളവും ഉയരവും (വീതി) തമ്മിലുള്ള അനുപാതം 3:2 ആയിരിക്കണം. കേടുപാടുള്ളതോ വൃത്തിയില്ലാത്തതോ കീറിയതോ ആയ പതാക ഉയർത്താൻ പാടില്ല. മറ്റേതെങ്കിലും പതാകക്കൊപ്പം ഒരേസമയം ഒരു കൊടിമരത്തിൽ ദേശീയപതാക ഉയർത്താൻ പാടില്ല. തലതിരിഞ്ഞ രീതിയിൽ ദേശീയ പതാക പ്രദർശിപ്പിക്കരുത്. തോരണം, റോസെറ്റ് തുടങ്ങിയ അലങ്കാര രൂപത്തിൽ ഉപയോഗിക്കരുത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.