കൊച്ചി: സംസ്ഥാന സർക്കാർ ഏറെ അഭിമാനത്തോടെ അവതരിപ്പിച്ച മെഡിസെപ് ഇൻഷുറൻസ് പദ്ധതിയിലെ വ്യവസ്ഥകൾ ചികിത്സ തേടിയെത്തുന്നവർക്ക് തിരിച്ചടിയാകുന്നു. നിരവധി പരാതികളാണ് മെഡിസെപ്പിലെ ഇൻഷുറൻസ് പദ്ധതിയിലെ വ്യവസ്ഥകളെക്കുറിച്ച് ഉയരുന്നത്. പ്രധാന ആശുപത്രികൾ പദ്ധതിയുടെ ഭാഗമായിട്ടില്ല എന്ന വിമർശനം ആദ്യഘട്ടത്തിൽ ഉയർന്നിരുന്നു. ഒരാൾക്ക് തന്നെ കൂടുതൽ ആനുകൂല്യം ലഭിക്കാതിരിക്കാൻ എന്ന പേരിൽ ഉൾക്കൊള്ളിച്ച വ്യവസ്ഥകൾ ചികിത്സ തേടുന്നവരെ ബുദ്ധിമുട്ടിലാക്കുകയാണ്. സാധാരണ സ്വകാര്യ ഇൻഷുറൻസ് കമ്പനികൾ പലതും അപകടങ്ങൾ ഉൾപ്പെടെയുള്ളവക്ക് പരാമാവധി തുക എന്ന പരിധി വെക്കുമ്പോൾ മെഡിസെപ്പിന്‍റെ ഭാഗമായി തുകയും അതോടൊപ്പം ചികിത്സ ദിവസങ്ങളുടെ പരിധിയും നിശ്ചയിക്കുന്നു. ന്യുമോണിയക്കുള്ള ചികിത്സ ഈ പദ്ധതിയുടെ പാക്കേജിൽ ഉണ്ടെങ്കിലും ചികിത്സക്ക് നിശ്ചയിച്ചിരിക്കുന്നത് അഞ്ചുദിവസമാണ്. അതിന് മുകളിലേക്ക് ചികിത്സ പോയാൽ പണം രോഗിയിൽനിന്ന് ഈടാക്കും. പ്രസവത്തിന് ഇൻഷുറൻസ് ഉണ്ടെങ്കിലും ജനിക്കുന്ന കുഞ്ഞിന് ആ ദിവസത്തെ പരിരക്ഷ മാത്രമാണുള്ളത്. കുഞ്ഞിന് പിന്നീട് ഉണ്ടാകുന്ന ചികിത്സച്ചെലവ് ബന്ധപ്പെട്ടവർ അടക്കേണ്ടി വരും. കഴിഞ്ഞ ദിവസം കൊച്ചിയിൽ അമ്മയുടെ ചികിത്സാർഥം പദ്ധതിയിൽപെട്ട സ്വകാര്യ ആശുപത്രിയിൽ പോയ അധ്യാപകന് ഈ വ്യവസ്ഥകൾ കാരണം 25,000 രൂപയാണ് അടക്കേണ്ടി വന്നത്. സർജറിക്ക് ഇൻഷുറൻസ് പരിരക്ഷ ലഭിക്കുകയും ശേഷം ഡിസ്ചാർജ് വാങ്ങി വീട്ടിലെത്തി കുറച്ച് ദിവസങ്ങൾക്കുശേഷം അണുബാധ ഉണ്ടാകുകയും ചെയ്തു. ഇൻഷുറൻസ് പരിരക്ഷ ലഭിക്കും എന്ന് കരുതി ഇതേ ആശുപത്രിയിൽ പോയ ഇവർക്ക് ഡിസ്ചാർജ് സമയത്ത് പണം അടക്കാനാണ് ആശുപത്രി അധികൃതർ ആവശ്യപ്പെട്ടത്. സർജറി പാക്കേജിൽ ഉൾപ്പെട്ടെങ്കിലും ശസ്ത്രക്രിയക്ക് ഡിസ്ചാർജ് വാങ്ങിയശേഷം നടക്കുന്ന ചികിത്സക്ക് ഇൻഷുറൻസ് നൽകാൻ വ്യവസ്ഥ ഇല്ലെന്നാണ് ഇവർ വിശദീകരിച്ചത്. മെഡിസെപ്പിന്‍റെ കസ്റ്റമർ കെയറിൽ വിളിച്ചപ്പോൾ അത് ലഭിക്കും എന്ന് ആവർത്തിക്കുന്നുണ്ടെങ്കിലും ആശുപത്രി അധികൃതർ ഇൻഷുറൻസ് തുക ലഭിക്കില്ലെന്ന് രേഖാമൂലം അധ്യാപകനെ അറിയിച്ചു. മെഡിസെപ്പിലെ വ്യവസ്ഥകളിലെ പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് ആവശ്യം ശക്തമാകുന്നതിനിടയിലാണ് ഇത്തരം സംഭവങ്ങളും ഉണ്ടാകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.