അഭിമുഖീകരിക്കേണ്ടത്​ പുതിയ ആവശ്യങ്ങളും പുതിയ വെല്ലു​വിളികളും -കലക്ടർ രേണുരാജ്​

കൊച്ചി: കലക്​ടർ എന്ന നിലയിൽ​ അഭിമുഖീകരിക്കേണ്ടത്​ പുതിയ ആവശ്യങ്ങളും പുതിയ വെല്ലു​വിളികളുമാണെന്ന്​ ജില്ലയുടെ 33ാമത്തെ കലക്ടറായി ചുമതല ഏറ്റെടുത്ത രേണു രാജ്. എറണാകുളം പ്രസ്​ ക്ലബ്​ സംഘടിപ്പിച്ച 'മീറ്റ്​ ദി പ്രസ്​' പരിപാടിയിൽ സംസാരിക്കുകയായിരുന്നു കലക്ടർ. വർഷങ്ങൾക്ക്​ മുമ്പ്​ ഫോർട്ട്​കൊച്ചി സബ്​ കലക്ടറായി താൻ നേരിട്ട പ്രശ്നങ്ങൾ അല്ല ഇന്ന്​ നേരിടുന്നത്.​ പുതിയ കാലത്ത്​ പലതും മാറിയെന്നും അവർ പറഞ്ഞു. നല്ല പദ്ധതികൾ നടപ്പാക്കുന്ന ജില്ലയാണിത്.​ റോഡുകളുടെ അവസ്ഥയിൽ ഹൈകോടതി നടത്തിയ ഇടപെടലിനെക്കുറിച്ച്​ ചോദിച്ചപ്പോൾ നാഷനൽ ഹൈവേ അതോറിറ്റി ഓഫ്​ ഇന്ത്യ (എൻ.എച്ച്​.എ.ഐ.) സംസ്ഥാന സർക്കാർ ഏജൻസിയല്ലെന്നും എങ്കിലും ജില്ല ഭരണാധികാരി എന്ന നിലയിൽ അധികാരം ​ഉപയോഗപ്പെടുത്തി പരമാവധി ചെയ്യുമെന്നും അവർ പറഞ്ഞു. എൻ.എച്ച്​.എ.ഐ കൂടാതെ പി.ഡബ്ല്യൂ.ഡി, തദ്ദേശ സ്ഥാപനങ്ങൾ എന്നിവയാണ്​ റോഡുകളുടെ പരിപാലന ചുമതലയിലുള്ളവർ. ഹൈകോടതി ഇടപെടലിനെ തുടർന്ന്​ ഈ മൂന്ന്​ ഏജൻസികൾക്കും കാര്യങ്ങൾ പരിശോധിച്ച്​ പരിഹരിച്ച്​ പത്ത്​ ദിവസത്തിനകം റിപ്പോർട്ട്​ സമർപ്പിക്കാൻ നിർദേശം നൽകിയതായി രേണുരാജ്​ പറഞ്ഞു. സബ്​ കലക്ടറെ ഇതിനായി ചുമതലപ്പെടുത്തിയതായും വിശദീകരിച്ചു. റോഡ്​ തകർന്നിട്ടും കാലങ്ങളായി കുമ്പളം ടോൾ പ്ലാസയിൽ പിരിവ്​ തുടരുന്ന കാര്യം പരിശോധിച്ച്​ നടപടി സ്വീകരിക്കാമെന്ന്​ അവർ മറുപടി നൽകി. പ്രസ്​ ക്ലബ്​ പ്രസിഡന്‍റ്​ എം.ആർ. ഹരികുമാർ സ്വാഗതവും സെക്രട്ടറി എം. സൂഫി മുഹമ്മദ് നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.