ശ്രീറാം തെറിച്ചു; വീർപ്പുമുട്ടിയ കലക്​ടറേറ്റിന്‍റെ വാതിലുകൾ മലർക്കെ തുറന്നു

ആലപ്പുഴ​: ശ്രീറാം വെങ്കിട്ടരാമനെ കലക്ടറായി നിയമിച്ചതിന്​ പിന്നാലെ, പ്രവേശനം പരിമിതപ്പെടുത്തി പൊലീസ്​ വലയത്തിലായ കലക്​ടറേറ്റിന്‍റെ കവാടങ്ങൾ ചൊവ്വാഴ്ച പൊതുജനങ്ങൾക്കായി മലർക്കെ തുറന്നു. ശ്രീറാമിനെ മാറ്റി തിങ്കളാഴ്ച ​രാത്രി ഉത്തരവിറങ്ങിയതിന്​ പിന്നാലെ ചൊവ്വാഴ്ച ഉച്ചയോടെയാണ്​ എല്ലാ വാതിലുകളും തുറന്നത്​. കഴിഞ്ഞ ബുധനാഴ്​ച പ്രതിഷേധങ്ങൾക്ക്​ നടുവിൽ ശ്രീറാം ചുമതലയേറ്റതിന്​ പിന്നാലെയാണ്​ കലക്​ടറേറ്റിൽ പ്രവേശനത്തിന്​ നിയന്ത്രണ​മേർപ്പെടുത്തിയത്.​ മൂന്ന്​ കവാടങ്ങളിൽ രണ്ടും അടച്ച്​ പ്രധാന കവാടത്തിലൂടെ മാത്രമായിരുന്നു ശ്രീറാമിന്‍റെ വരവോടെ ഇന്നലെവരെ പ്രവേശനം. കലക്​ടറേറ്റിനുള്ളിൽ കടന്നുള്ള പ്രതിഷേധം ഭയന്നായിരുന്നു ഈ നടപടി. തുടർ പ്രതിഷേധങ്ങൾക്കൊടുവിലാണ്​ ആറാം നാളിൽ ശ്രീറാമിനെ സിവിൽ സപ്ലൈസ്​ കോർപറേഷൻ ജനറൽ മാനേജരായി മാറ്റാൻ സർക്കാർ നിർബന്ധിതമായത്​. മാധ്യമപ്രവർത്തകൻ കെ.എം. ബഷീറിനെ കാർ ഇടിച്ച്​ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ ശ്രീറാം ചുമതലയേൽക്കാൻ എത്തിയ നിമിഷംതന്നെ കലക്ടറേറ്റിന്​ മുന്നിൽ പ്രതിഷേധവും തുടങ്ങിയിരുന്നു. കരി​ങ്കൊടി കാട്ടിയാണ്​ യൂത്ത് കോൺഗ്രസ്​ വരവേറ്റത്​. തുടർന്ന്​ കോൺഗ്രസും കേരള മുസ്‌ലിം ജമാഅത്തും മുസ്‌ലിംലീഗുമൊക്കെ പ്രതിഷേധവുമായി രംഗത്തെത്തി. കേരള പത്രപ്രവർത്തക യൂനിയനും സമരത്തിനിറങ്ങി. സമരപരമ്പരയിൽ പിടിച്ചുനിൽക്കാനാ​കാതെയായിരുന്നു സർക്കാറിന്‍റെ കീഴടങ്ങൽ. കഴിഞ്ഞയാഴ്ച കനത്ത പ്രതിഷേധത്തിൽ വീർപ്പുമുട്ടുകയായിരുന്നു ജില്ലഭരണ സിരാകേന്ദ്രം. പുറം പരിപാടികളിൽനിന്ന് ഒഴിവാക്കേണ്ടിവന്നത്​ കൂടാതെ ജനങ്ങളില്‍നിന്ന് മാറിനിൽക്കേണ്ട ഗതികേടിലുമായിരുന്നു ശ്രീറാം. അദ്ദേഹം പ​ങ്കെടുത്ത നെഹ്​റു ട്രോഫി വള്ളംകളി ആലോചന യോഗം കോൺഗ്രസും മുസ്​ലിം ലീഗും ബഹിഷ്കരിക്കുകയും ചെയ്​തിരുന്നു. കലക്ടറേറ്റിലും ക്യാമ്പ് ഓഫിസ് ഉൾപ്പെടുന്ന വസതിയിലും പൊലീസ് കനത്ത കാവലാണ് ഏര്‍പ്പെടുത്തിയിരുന്നത്. ഗണ്‍മാന് പുറമെ പ്രത്യേക പൊലീസ് വാഹന അകമ്പടിയും എര്‍പ്പെടുത്തി. കലക്ടറേറ്റിൽ എത്തുന്നവരെ നിരീക്ഷിച്ചാണ് കടത്തിവിട്ടിരുന്നത്​. ശ്രീറാം ബുധനാഴ്ച സ്ഥാനമൊഴിഞ്ഞേക്കും. പട്ടികജാതി വകുപ്പ്​ ഡയറക്ടറായിരുന്ന കൃഷ്ണതേജയാണ്​ പകരമെത്തുന്നത്​. അഷ്​റഫ്​ വട്ടപ്പാറ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.