വിജയ് ബാബുവിന്‍റെ മുൻകൂർ ജാമ്യഹരജിയിലെ കോടതി നടപടികൾ രഹസ്യമായി

കൊച്ചി: യുവനടിയെ പീഡിപ്പിച്ച കേസിൽ നടനും നിർമാതാവുമായ വിജയ് ബാബുവിന്‍റെ മുൻകൂർ ജാമ്യഹരജിയിലെ നടപടികൾ രഹസ്യമാക്കാൻ ഹൈകോടതിയുടെ അനുമതി. ഇരയുടെ സ്വകാര്യത ഉറപ്പുവരുത്താൻ കോടതി നടപടികൾ രഹസ്യമാക്കണമെന്ന സർക്കാറിന്‍റെ ആവശ്യം പരിഗണിച്ചാണ്​ ജസ്റ്റിസ്​ ബെച്ചു കുര്യൻ തോമസിന്റെ ഉത്തരവ്​. മുൻകൂർ ജാമ്യഹരജികൾ ചൊവ്വാഴ്ച വാദം തുടരാൻ മാറ്റി. തിങ്കളാഴ്ച ഉച്ചക്ക് ഹരജികൾ പരിഗണനക്കെടുത്തപ്പോൾ ചില വിവരങ്ങൾ ബോധിപ്പിക്കാനുണ്ടെന്നും ഇരയുടെ സ്വകാര്യത ഉറപ്പാക്കാനായി കോടതി നടപടികൾ രഹസ്യമാക്കണമെന്നും അഡീ. പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ ആവശ്യപ്പെടുകയായിരുന്നു. കോടതി ഇതിന്​ അനുമതി നൽകിയതോടെ കോടതിമുറിയിലുണ്ടായിരുന്ന അഭിഭാഷകരടക്കമുള്ളവർ പുറത്തുപോയി. ഓൺലൈൻ സംവിധാനവും ഒഴിവാക്കി. തുടർന്ന്​ വാദം നടന്നെങ്കിലും പൂർത്തിയാകാത്ത സാഹചര്യത്തിലാണ്​ ചൊവ്വാഴ്​ച ഉച്ചക്കുശേഷം വീണ്ടും പരിഗണിക്കാൻ മാറ്റിയത്​. പീഡിപ്പിച്ച കേസിലും ഇരയുടെ പേരു വെളിപ്പെടുത്തിയ കേസിലുമാണ് വിജയ് ബാബുവിന്‍റെ മുൻകൂർ ജാമ്യഹരജികൾ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.