എൻ.സി.പിയിൽ പോര്​ രൂക്ഷം; സമ്മേളന പോസ്റ്ററില്‍നിന്ന് എം.എല്‍.എയുടെ ചിത്രം വെട്ടി

-ദേശീയ കൗൺസിൽ അംഗത്തെ തരംതാഴ്ത്തി ശരദ്​പവാർ ആലപ്പുഴ: എൻ.സി.പി സംസ്ഥാന പ്രതിനിധി സമ്മേളനം 24ന് കൊച്ചിയില്‍ നടക്കാനിരിക്കെ, പി.സി. ചാക്കോ അനുകൂലികളും എതിര്‍ചേരിയിൽപെട്ടവരും തമ്മി​ൽ പോര്​ മുറുകി. സംസ്ഥാന പ്രസിഡന്‍റ്​ ചാക്കോയുടെ നോമിനിയായി ദേശീയ നേതൃത്വത്തിലെത്തിയ ഹോട്ടല്‍ വ്യവസായി റെജി ചെറിയാനെ ദേശീയ അധ്യക്ഷന്‍ ശരദ്​പവാര്‍ സംസ്ഥാന കമ്മിറ്റിയിലേക്ക്​ തരംതാഴ്ത്തിയതാണ് ഒടുവിലത്തെ സംഭവവികാസം. ഒരാഴ്ച മുമ്പ് ആലപ്പുഴ ജില്ല നേതൃയോഗത്തില്‍ സംസ്ഥാന ഭാരവാഹികളുടെ സാന്നിധ്യത്തില്‍ തോമസ് കെ. തോമസ് എം.എല്‍.എയെയും അദ്ദേഹത്തെ അനുകൂലിക്കുന്നവരെയും ചാക്കോ അനുകൂലികള്‍ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചെന്ന ആരോപണമാണ്​ തരംതാഴ്ത്തലിലേക്ക്​ എത്തിയതെന്നാണ്​ വിവരം. എം.എല്‍.എയുടെ നേതൃത്വത്തില്‍ നേതാക്കള്‍ പവാറിനെ നേരില്‍ക്കണ്ട് പരാതിപ്പെട്ടിരുന്നു. പാര്‍ട്ടി അംഗം പോലുമല്ലാതിരുന്ന റെജി ചെറിയാന്‍ ജില്ലയിലെ നേതൃത്വം കൈപ്പിടിയിലാക്കാന്‍ വഴിവിട്ട്​ ശ്രമിക്കുന്നെന്നാണ്​ ആരോപണം. തുടര്‍ന്നാണ് നടപടിയുണ്ടായത്​. ചാക്കോ മുന്‍കൈയെടുത്താണ് ഒരു വര്‍ഷം മുമ്പ് റെജി ചെറിയാനെ പാര്‍ട്ടിയിലെത്തിക്കുകയും ദേശീയ കൗൺസിൽ അംഗമാക്കുകയും ചെയ്​തത്​. ആലപ്പുഴ ജില്ലക്കാരനായ റെജി ചെറിയാൻ ചാക്കോയുടെ വിശ്വസ്തനായി പാർട്ടിയിൽ ഉയർന്ന പോസ്റ്റിൽ എത്തിയതോടെ ജില്ലയിൽനിന്നുള്ള പാർട്ടി എം.എൽ.എ തോമസ് കെ. തോമസ്​ ഇടയുകയായിരുന്നു. ഭാവിയിൽ തന്‍റെ പകരക്കാരനായി റെജിയെ ചാക്കോ ഉയർത്തിക്കാട്ടിയേക്കുമെന്ന്​ ഭയപ്പെട്ട ഇദ്ദേഹം, എൻ.സി.പി നേതാവ്​ പീതാംബരൻ മാസ്റ്ററുടെ സഹകരണത്തോടെയാണ്​ ചാക്കോയുടെ നോമിനിയെ ദേശീയനേതൃത്വത്തിൽനിന്ന്​ വെട്ടിയത്​. അതിനിടെ, ദേശീയ അധ്യക്ഷന്‍ ശരദ്​പവാര്‍ പങ്കെടുക്കുന്ന കൊച്ചിയിലെ സംസ്ഥാന പ്രതിനിധി സമ്മേളനത്തിന്റെ പ്രചാരണ ബോര്‍ഡുകളില്‍നിന്ന് പി.സി. ചാക്കോയെ എതിര്‍ക്കുന്നവരുടെ ചിത്രങ്ങള്‍ ഒഴിവാക്കിയതും വിവാദമായി. ഇതിന് പിന്നിലും റെജി ചെറിയാനാണെന്നാണ് തോമസ്​ കെ. തോമസ്​ വിഭാഗം ആരോപിക്കുന്നത്. കായംകുളത്ത് സ്ഥാപിച്ച ബോര്‍ഡുകളില്‍നിന്ന് എം.എൽ.എയുടെയും സംസ്ഥാന സെക്രട്ടറി സാദത്ത് ഹമീദിന്‍റെയും ചിത്രങ്ങളാണ് വെട്ടിമാറ്റിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.