കൊച്ചി: നിയമസഭ തെരഞ്ഞെടുപ്പിൽ എറണാകുളം ജില്ലയിലെ 14 നിയോജക മണ്ഡലങ്ങളിൽ കനത്ത പരാജയം ഏറ്റുവാങ്ങിയ എൽ.ഡി.എഫിന് 13 ഇടത്തെ വോട്ടുവിഹിതത്തിലും ഇടിവ്. 2021മായി താരതമ്യം ചെയ്യുമ്പോൾ ആറ് മണ്ഡലങ്ങളിൽ 15,000ത്തോളവും അഞ്ചിടത്ത് 10,000ത്തോളവും വോട്ടുവിഹിതം കുറഞ്ഞു. രണ്ടിടത്തായി 1000നും 100നും അടുത്ത് വോട്ടുവിഹിതം താഴ്ന്നിട്ടുണ്ട്. തിരിച്ചടിക്കിടയിലും കൊച്ചി മണ്ഡലത്തിൽ വോട്ടുവിഹിതം വർധിപ്പിച്ചതാണ് എൽ.ഡി.എഫിന് ഏക ആശ്വാസം.
2021 തെരഞ്ഞെടുപ്പുമായി താരതമ്യം ചെയ്താൽ ഇത്തവണ വോട്ടുവിഹിതത്തിൽ 13 മണ്ഡലങ്ങളിലായി 107,704 വോട്ടിന്‍റെ കുറവാണ് എൽ.ഡി.എഫിന് ഉണ്ടായത്. 2021ൽ 787,052ഉം ഇത്തവണ 679,348ഉം വോട്ടാണ് ജില്ലയിൽ ആകെ ലഭിച്ചത്. പെരുമ്പാവൂർ, അങ്കമാലി, ആലുവ, കളമശ്ശേരി, പറവൂർ, വൈപ്പിൻ, തൃപ്പൂണിത്തുറ, എറണാകുളം, തൃക്കാക്കര, കുന്നത്തുനാട്, പിറവം, മൂവാറ്റുപുഴ, കോതമംഗലം എന്നീ മണ്ഡലങ്ങളിലാണ് വോട്ടുവിഹിതം കുറഞ്ഞത്.
അതേസമയം, സി.പി.എം സിറ്റിങ് എം.എൽ.എ കെ.ജെ. മാക്സി മത്സരിച്ച കൊച്ചി മണ്ഡലത്തിൽ 1498 വോട്ടിന്‍റെ വർധന എൽ.ഡി.എഫ് നേടി. കെ.ജെ. മാക്സി 2021ൽ 54,632 വോട്ടും ഇത്തവണ 56,130 വോട്ടുമാണ് നേടിയത്. കഴിഞ്ഞ തവണ മുൻ മേയർ ടോണി ചമ്മിണിയും ഇത്തവണ ഡി.സി.സി പ്രസിഡന്‍റ് മുഹമ്മദ് ഷിയാസുമായിരുന്നു മാക്സിയുടെ എതിർ സ്ഥാനാർഥികൾ. എന്നാൽ, 2021ൽ 14079 വോട്ടിന്‍റെ ഭൂരിപക്ഷത്തിൽ വിജയിച്ച മാക്സി, ഇപ്രാവശ്യം വോട്ട് വിഹിതം വർധിപ്പിച്ചെങ്കിലും ഷിയാസിനോട് 8188 വോട്ടിന് പരാജയപ്പെട്ടു. 2021ലെ നിയമസഭ തെരഞ്ഞെടുപ്പിലും പി.ടി. തോമസിന്‍റെ നിര്യാണത്തെ തുടർന്നുള്ള 2022ലെ ഉപതെരഞ്ഞെടുപ്പിലും തൃക്കാക്കര മണ്ഡലത്തിലെ എൽ.ഡി.എഫ് വോട്ടുവിഹിതം കുറഞ്ഞിട്ടുണ്ട്.
2021ൽ ഇടത് സ്വതന്ത്രൻ ഡോ. ജെ. ജേക്കബിന് 45,510 വോട്ടും 2022ൽ സി.പി.എം സ്ഥാനാർഥി ഡോ. ജോ ജോസഫിന് 47,754 വോട്ടുമാണ് ലഭിച്ചത്. കണക്കുകൾ പ്രകാരം 2026ലെ തെരഞ്ഞെടുപ്പ് ഫലത്തെ 2021, 2022 ഫലവുമായി താരതമ്യം ചെയ്താൽ യഥാക്രമം 12,346ഉം 14,590ഉം ആണ് വോട്ടുവിഹിതത്തിലെ കുറവ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.