ആ​ലു​വ​യി​ൽ വി​ജ​യി​ച്ച അ​ൻ​വ​ർ സാ​ദ​ത്ത് കു​ടും​ബ​ത്തോ​ടൊ​പ്പം സ​ന്തോ​ഷം പ​ങ്കി​ടു​ന്നു

അൻവർ സാദത്ത്; പരാജയമറിയാത്ത പോരാളി

ആലുവ: നിയോജക മണ്ഡലത്തിൽ വീണ്ടും വെന്നിക്കൊടി പാറിച്ച അൻവർ സാദത്ത് പരാജയമറിയാത്ത പോരാളിയായി മാറുന്നു. യു.ഡി.എഫ് സ്ഥാനാർഥിയായി തുടർച്ചയായ നാലാം തവണയാണ് അദ്ദേഹം വിജയിക്കുന്നത്. അതും മികച്ച ഭൂരിപക്ഷത്തിൽ. 2011ൽ സിറ്റിങ് എം.എൽ.എയായിരുന്ന സി.പി.എമ്മിലെ എ.എം. യൂസഫിനെ കന്നിയങ്കത്തിൽ പരാജയപ്പെടുത്തിയാണ് ആദ്യമായി നിയമസഭയിലെത്തിയത്. തുടർന്ന് നടന്ന രണ്ട് തെരഞ്ഞെടുപ്പിലും വിജയിച്ചു. ഓരോ തെരഞ്ഞെടുപ്പിലും ഭൂരിപക്ഷം വർദ്ധിപ്പിക്കാനും അദ്ദേഹത്തിനായി. ഇത്തവണ 29143 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് വിജയം. കഴിഞ്ഞ തവണത്തേക്കാൾ പതിനായിരത്തോളം വോട്ടുകളുടെ കൂടുതൽ ഭൂരിപക്ഷം നേടാനായി.

വിദ്യാർഥി രാഷ്ട്രീയം വഴിയാണ് അൻവർ സാദത്ത് പൊതുരംഗത്തേക്ക് വന്നത്. കെ.എസ്.യു യൂനിറ്റ് പ്രസിഡന്റ്‌, ആലുവ താലൂക്ക് ഭാരവാഹി എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ആലുവ എസ്.എൻ.ഡി.പി സ്‌കൂൾ ലീഡറായിരിക്കെ ആലുവ വിദ്യാഭ്യാസ ജില്ല സ്കൂൾ ലീഡറായി തെരഞ്ഞെടുക്കപ്പെട്ടു. യൂത്ത് കോൺഗ്രസ്‌ ബ്ലോക്ക്‌ സെക്രട്ടറി, ജില്ല സെക്രട്ടറി, സംസ്ഥാന സെക്രട്ടറി, കോൺഗ്രസ്‌ ബൂത്ത്‌ പ്രസിഡന്റ്, വാർഡ് പ്രസിഡന്റ്, ഡി.സി.സി അംഗം എന്നീ നിലകളിലും പ്രവർത്തിച്ചു. നിലവിൽ കെ.പി.സി.സി എക്സിക്യൂട്ടീവ് അംഗമാണ്.

2005 ലെ തദ്ദേശ തെരഞ്ഞെടുപ്പിൽ ചെങ്ങമനാട് ഗ്രാമ പഞ്ചായത്തിലേക്ക് ആദ്യമായി മത്സരിച്ച അദ്ദേഹം ഇടത് വാർഡ് പിടിച്ചെടുത്താണ് ആദ്യമായി ജനപ്രതിനിധിയായത്. തുടർന്ന്, 2010ൽ ജില്ല പഞ്ചായത്ത്‌ അംഗമായി. 2011ൽ നടന്ന നിയമസഭ തെരഞ്ഞെടുപ്പിൽ അദ്ദേഹത്തിന് അപ്രതീക്ഷിതമായാണ് ആദ്യമായി സീറ്റ് ലഭിച്ചത്. 2011, 2016, 2021 തെരഞ്ഞെടുപ്പുകളിൽ ആലുവയിൽ നിന്ന് നിയമസഭ അംഗമായി തെരഞ്ഞെടുക്കപ്പെട്ടു. 2016-2021 കാലഘട്ടത്തിൽ നിയമസഭയിലെ കോൺഗ്രസ്‌ പാർട്ടി വിപ്പും 2021-2026 ൽ കോൺഗ്രസ്‌ ചീഫ് വിപ്പുമായി. സബീനയാണ് ഭാര്യ. മൂത്ത മകൾ സിമി ഫാത്തിമ ഫാഷൻ കമ്മ്യൂണിക്കേഷൻ അവസാന വർഷ വിദ്യാർഥിനിയും ഇളയ മകൾ സഫ ഫാത്തിമ പ്ലസ് വൺ വിദ്യാർഥിനിയുമാണ്. മുഹമ്മദ്‌ സാഗറാണ് ഏക സഹോദരൻ.

Tags:    
News Summary - Anwar Sadat An undefeated fighter

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.