നെഹ്റു ട്രോഫി വള്ളംകളിയുടെ ഭാഗമായി പുന്നമടയിൽ തലവടി ചുണ്ടനായി യു.ബി.സി കൈനകരിയുടെ പരിശീലനത്തുഴച്ചിൽ
മനു ബാബു
ആലപ്പുഴ: നെഹ്റുട്രോഫി വള്ളംകളിക്ക് തുഴയെറിയുന്നത് സമൂഹമാധ്യമം. ക്ലബുകാരുടെ ഫാൻസുകളും കരക്കാരും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (നിർമിതബുദ്ധി) അടക്കമുളള സാങ്കേതികവിദ്യയുടെ സഹായത്തോടെ പുറത്തിറങ്ങുന്ന വീഡിയോകൾ സിനിമയെപ്പോലും വെല്ലുന്നതാണ്. കുട്ടനാടിന്റെ പ്രകൃതിഭംഗി ഒപ്പിയെടുക്കുന്ന ചുണ്ടൻവള്ളങ്ങളുടെ ചിത്രീകരണത്തിന് കൂടുതൽ റീച്ച് കിട്ടുന്നത് സോഷ്യൽമീഡിയ പ്ലാറ്റ്ഫോം ഇൻസ്റ്റഗ്രാം അക്കൗണ്ട് തന്നെയാണ്. ഇതിനൊപ്പം വാട്സ്ആപ്, ഫേസ്ബുക് ഹാൻഡിലുകളിലും പ്രചാരണം സജീവമാണ്.
ചുണ്ടന്റെ പരിശീലനത്തിന്റേതടക്കം നിരവധി വീഡിയോയും ചിത്രങ്ങളും ദിനംപ്രതി പോസ്റ്റിടുന്നു. ഒരുപോസ്റ്റിന് ആകർഷകമായ അടിക്കുറിപ്പുകൾ തയാറാക്കാനും മികച്ച ഹാഷ്ടാഗുകൾ തെരഞ്ഞെടുക്കാനും ചാറ്റ്ജിപിടി പോലെയുള്ള എ.ഐ ട്യുളുകളും ഉപയോഗിക്കുന്നുണ്ട്. ഇതിന് തുഴയെറിയാൻ വിവിധ ചുണ്ടൻവള്ളങ്ങളുടെ ഫാൻസുകാർ തമ്മിൽ മത്സരമാണ്. വൈറലായ പുതിയപാട്ടിന്റെ ഈണത്തിൽ ആവേശം തീർക്കുന്ന ഇൻസ്റ്റഗ്രാം റീൽസാണ് ട്രെൻഡ്. മലയാളത്തിലെയും തമിഴിലെയും പുതിയതും പഴയതുമായ ഹിറ്റ് പാട്ടുകളിലൂടെയാണ് ഇൻസ്റ്റഗ്രാം റീൽസ് നിറയുന്നത്. മലയാളസിനിമ താരങ്ങൾ ചുണ്ടൻവള്ളം തുഴഞ്ഞെത്തുന്ന എ.ഐ റീൽസും ആകർഷകമാണ്.
പുന്നമടയിൽ പി.ബി.സി തുഴയുന്ന മേൽപാടം ചുണ്ടന്റെ ട്രാക്ക് എൻട്രിക്ക് എത്തിയപ്പോൾ സ്പീഡ് ബോട്ടിൽ ആഹ്ലാദം പങ്കിടുന്നതിന്റെ സോഷ്യൽമീഡിയയിലെ പോസ്റ്റ്
കഴിഞ്ഞയാഴ്ച പുറത്തിറങ്ങിയ ‘സാഹസം’ സിനിമയിലെ ‘ഏത് മൂഡ്’ പാട്ട് തന്നെയാണ് മുൻപന്തിയിലുള്ളത്. ഏത് മൂഡ് അത്തം മൂഡ്..., ഏത് മൂഡ് പൂക്കളം മൂഡ്, ഏത് മൂഡ് മുണ്ട് മൂഡ്, ഏത് മൂഡ് സാരി മൂഡ്, ഏത് മൂഡ് സദ്യ മൂഡ്, ഏത് മൂഡ് പായസം മൂഡ്, ഏത് മൂഡ് പപ്പട മൂഡ്, ഏത് മൂഡ് ഓണം മൂഡ്......വരികൾക്കിടയിൽ ‘ഏത് മൂഡ് വള്ളംകളി മൂഡ്’ ചേർത്താണ് പാട്ട് അവസാനിക്കുന്നത്. വിവിധ ക്ലബുകളും വള്ളസമിതിയും ചുണ്ടനൊപ്പമുള്ള പരിശീലനത്തുഴച്ചിൽ വീഡിയോ പ്രമോയിൽ ഈ പാട്ട് തന്നെയാണ് കൂടുതലും ഉപയോഗിക്കുന്നത്. പുതിയ റീൽസിന് പഴയഗാനങ്ങൾ ഉപയോഗിക്കുന്ന ട്രെൻഡിനും ഇക്കുറി മാറ്റമില്ല. കലാഭൻ മണിയുടെ നാടൻപാട്ട് ‘‘വള്ളംകളി....വള്ളംകളി.... വള്ളംകളിയേ.. പുന്നമടകായലിലെ ഓളംതുള്ളിയോ.....കായൽ മാറിൽ നിരന്നല്ലോ ചുണ്ടൻവള്ളങ്ങൾ’’പാട്ടുകളും ഇടംപിടിച്ചിട്ടുണ്ട്.
വൈറലായ പുതിയപാട്ടിന്റെ ഈണത്തിൽ ആവേശം തീർക്കുന്ന റീൽസുകൾക്കാണ് വലിയപിന്തുണയും പ്രോൽസാഹനവും. പാടത്തും വരമ്പത്തും ചായക്കടയിലുമിരുന്ന് സ്വന്തം വള്ളത്തിനായി വാദിച്ചിരുന്നവർപോലും സോഷ്യൽ മീഡിയയിലേക്ക് ചേക്കേറിയതോടെ ചർച്ചകൾ കൂടുതൽ സജീവമായി. കരക്കാരുടെ വള്ളങ്ങൾ നീറ്റിലിറക്കുന്നത് മുതൽ പരീശീലനങ്ങളുടെ വീഡിയോകകൾ വരെയാണ് നിറയുന്നത്.
ഇതെല്ലാം വെറുതെ പോസ്റ്റുന്നതല്ല, വൈറലാകാൻ നല്ല കിടുക്കാച്ചി ഇൻട്രോയും സോങ്ങുമെല്ലാം ഉൾപ്പെടുത്തിയാണ് അവതരണം. ഓരോ ക്ലബുകാർക്ക് ഇതിനായി പ്രത്യേകപേജുകളുമുണ്ട്. ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെയും കേരള ബ്ലാസ്റ്റേഴ്സിന്റെയും ആരാധകവൃന്ദത്തെ വെല്ലുന്ന ഫാൻസുകാർ വള്ളംകളിക്കുമുണ്ട്. പള്ളാത്തുരുത്തി ബോട്ട്ക്ലബ്, യു.ബി.സി കൈനകരി, കുമരകം ടൗൺ ബോട്ട് ക്ലബ്, വി.ബി.സി കൈനകരി തുടങ്ങിയ ക്ലബ്ബുകൾക്കും കാരിച്ചാൽ, ചമ്പക്കുളം, നടുഭാഗം, വീയപുരം, നിരണം അടക്കമുള്ള ചുണ്ടൻവള്ളങ്ങൾക്കും ഒട്ടേറെ ആരാധകരുണ്ട്. ആരാധകരുടെ ആവേശമാണ് വള്ളത്തിന്റെ താളവും വേഗവുമെല്ലാം.
പുന്നമടയിൽ ചുണ്ടനുകളുടെ ട്രാക്ക് എൻട്രി കണ്ട് പലരും ഞെട്ടി. ഒന്നിലേറെ ‘കരുത്തന്മാർ’ മികച്ചസമയം പുറത്തെടുത്തതോടെ നെഹ്റുട്രോഫിയിൽ തീപാറും പോരാട്ടം ഉറപ്പാണ്. പുന്നമടയിലെ ഗാലറികളിൽ തടിച്ചുകൂടിയ ആയിരക്കണക്കിനാളുകളെ ത്രസിപ്പിച്ചായിരുന്നു ആ കാഴ്ച.
പി.ബി.സി പള്ളാത്തുരുത്തി തുഴയുന്ന മേൽപാടം ചുണ്ടനും കൈനകരി വില്ലേജ് ബോട്ട് ക്ലബിന്റെ വീയപുരവും പി.ബി.സി പുന്നമട തുഴയുന്ന നടുഭാഗം ചുണ്ടനും കുമരകം ടൗൺബോട്ട് ക്ലബിന്റെ പായിപ്പാടനും കെ.സി.ബി.സിയുടെ കാരിച്ചാൽ ചുണ്ടനും നിരണംബോട്ട് ക്ലബിന്റെ നിരണം ചുണ്ടനും സമയക്രമം ഏറെക്കുറേ ഒരുപോലെയാണ് പാലിച്ചത്.
1. ഇൻസ്റ്റഗ്രാമിൽ വീയപുരം ചുണ്ടൻ തുഴയുന്ന കൈനകരി വില്ലേജ് ബോട്ട് ക്ലബിന്റെ പരിശീലനതുഴച്ചിന്റെ പോസ്റ്റ് 2. യു.ബി.സി കൈനരി തുഴയുന്ന തലവടി ചുണ്ടന്റെ ട്രാക്ക് എൻട്രിയിൽനിന്ന്
കഴിഞ്ഞതവണത്തെ ജേതാവ് കാരിച്ചാൽ ചുണ്ടൻ 4.44 മിനിറ്റാണ് സമയംകുറിച്ചത്. കന്നികപ്പ് ലക്ഷ്യമിടുന്ന മേൽപാടവും കഴിഞ്ഞതവണ മൂന്നാമത് എത്തിയ നടുഭാവും തുഴഞ്ഞെിയത് 4.38 മിനിറ്റിൽ. കഴിഞ്ഞതവണ മില്ലിസെക്കൻഡിന് കിരീടം കൈവിട്ടുപോയ വീയപുരം 4.41 മിനിറ്റ് എടുത്തു. ഇനിയുള്ള ദിവസങ്ങളിൽ മറ്റ് വള്ളങ്ങളും ട്രാക്ക് എൻട്രിയുമായി എത്തുന്നതോടെ പുന്നമടയിലെ ആവേശം കൂടുതലുയരും. നെഹ്റുട്രോഫിക്ക് മുന്നോടിയായുള്ള പരിശീലനം അന്തിമഘട്ടത്തിൽ എത്തിയതോടെയാണ് വള്ളങ്ങൾ ട്രാക്ക് എൻട്രി നടത്തിയത്.
(തുടരും)
• ചുരുളൻ-ഫൈനല്‍
ട്രാക്ക്1, ട്രാക്ക് 2, ട്രാക്ക് 3, ട്രാക്ക് 4
വേലങ്ങാടന്‍, കോടിമത, മൂഴി, വള്ളമില്ല
• ഇരുട്ടുകുത്തി എ ഗ്രേഡ്-ഫൈനല്‍
ട്രാക്ക്1, ട്രാക്ക് 2, ട്രാക്ക് 3, ട്രാക്ക് 4, ട്രാക്ക് 5
തുരുത്തിത്തറ, പി.ജി. കർണ്ണന്, പടക്കുതിര, മൂന്ന് തൈക്കൽ, മാമ്മുടൻ
• ഇരുട്ടുകുത്തി ബി ഗ്രേഡ്
ട്രാക്ക്1, ട്രാക്ക് 2, ട്രാക്ക് 3, ട്രാക്ക് 4
ഹീറ്റ്സ് 1-തുരുത്തിപ്പുറം, താണിയൻ ദ ഗ്രേറ്റ്, ശ്രീഭദ്ര, ഗോതുരുത്ത് പുത്രന്
ഹീറ്റ്സ് 2- സെൻറ് ആൻറണീസ്, സെൻറ് സെബാസ്റ്റ്യൻ നമ്പർ 1, ശ്രീമുത്തപ്പൻ, ഹനുമാൻ നമ്പർ 1
ഹീറ്റ്സ് 3- ദാനിയേൽ, സെന്റ് ജോസഫ്, പുത്തൻ പറമ്പൻ, പൊഞ്ഞനത്തമ്മ
ഹീറ്റ്സ് 4- കുറുപ്പ് പറമ്പന്‍, വള്ളമില്ല, വെണ്ണക്കലമ്മ, ജലറാണി
ഹീറ്റ്സ് 5- ശ്രീ ഗുരുവായൂരപ്പന്, വലിയ പണ്ഡിതൻ, വള്ളമില്ല, ശരവണൻ
• ഇരുട്ടുകുത്തി സി ഗ്രേഡ്
ട്രാക്ക്1, ട്രാക്ക് 2, ട്രാക്ക് 3, ട്രാക്ക് 4
ഹീറ്റ്സ് 1-ചെറിയപണ്ഡിതൻ, പമ്പാവാസൻ, മയിൽവാഹനൻ, തട്ടകത്തമ്മ
ഹീറ്റ്സ് 2-ഹനുമാൻ നമ്പർ 2, ശ്രീ മുരുകൻ, മയില്‍പ്പീലി, വടക്കുംപുറം
ഹീറ്റ്സ് 3-സെൻറ് ജോസഫ് നമ്പർ 2, സെൻറ് സെബാസ്റ്റ്യൻ നമ്പർ 2, കാശിനാഥൻ, വള്ളമില്ല
ഹീറ്റ്സ് 4-മാടപ്ലാത്തുരുത്ത്, ജിബി തട്ടകൻ, വള്ളമില്ല, ഗോതുരുത്ത്
• വെപ്പ് എ ഗ്രേഡ്
ട്രാക്ക്1, ട്രാക്ക് 2, ട്രാക്ക് 3, ട്രാക്ക് 4, ട്രാക്ക് 5
ഹീറ്റ്സ് 1-ആശ പുളിക്കക്കളം, ജയ് ഷോട്ട്, നെപ്പോളിയൻ, അമ്പലക്കടവൻ, ഷോട്ട് പുളിക്കത്തറ
•വെപ്പ് ബി ഗ്രേഡ്-ഫൈനല്‍ മാത്രം
ട്രാക്ക്1, ട്രാക്ക് 2, ട്രാക്ക് 3, ട്രാക്ക് 4
പി.ജി കരിപ്പുഴ, വള്ളമില്ല, പുന്നത്രപുരയ്ക്കൽ, ചിറമേൽ തോട്ടുകടവൻ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.